ADVERTISEMENT

ലോകകപ്പിൽ കളി നിയന്ത്രിച്ചിട്ടുള്ള 2 റഫറിമാരുടെ പേരുകൾ ലഹരി മാഫിയയുമായി ചേർത്തു വായിക്കപ്പെടുന്നതാണ്. ആദ്യത്തെയാൾ ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയ്ക്കെതിരായുള്ള അർജന്റീനയുടെ ഉദ്ഘാടന മത്സരത്തിൽ കളി നിയന്ത്രിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച റഫറിമാരിൽ ഒരാളെന്ന ഖ്യാതിയുള്ള ഇദ്ദേഹത്തിന്റെ പേര് സ്ലാവിസ് വിൻചിച്ച്. സ്ലൊവേനിയക്കാരനാണ്. ഭൂതകാലത്തിന്റെ പേരിലാണ് വിൻചിച്ച് വീണ്ടും വാർത്തകളിൽ നിറയുന്നത്. ലൈംഗികത്തൊഴിലാളികൾക്കും ലഹരി മരുന്നു മാഫിയ തലവനുമൊപ്പം 2020ൽ ബോസ്‌നിയയിൽനിന്ന് വിൻചിച്ച് പൊലീസ് പിടിയിലായിരുന്നു. ‘തന്റേതല്ലാത്ത പിഴവിന്റെ’ പേരിൽ ഒരിക്കൽ ക്രൂശിക്കപ്പെട്ട അദ്ദേഹം നിരപരാധിത്വം തെളിയിച്ചു കളിക്കളത്തിലേക്കു മടങ്ങിയെത്തി. ലയണൽ മെസ്സി ഉൾപ്പെട്ട കളി നിയന്ത്രിച്ചു ചരിത്രമെഴുതി. 2010ൽ 6 കിലോഗ്രാം ഹെറോയിനുമായി ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു മുൻ റഫറിയാണ് രണ്ടാമത്തെയാൾ. ‘ബൈറൺ മൊണേറോ’– ഇറ്റലി ഈ ലോകകപ്പിനില്ലെങ്കിലും, ഏത് ഉറക്കത്തിൽ ചോദിച്ചാലും അവരുടെ ഫുട്ബോൾ ആരാധകര്‍ മറക്കാനിടയില്ലാത്ത പേര്. ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി നടന്ന 2002 ലോകകപ്പിലെ കളി നിയന്ത്രണത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ റഫറി. ദക്ഷിണ കൊറിയയ്ക്കെതിരായ പ്രീ ക്വാർട്ടറിൽ അസൂറിപ്പടയുടെ ഉറച്ച ജയം നിഷേധിച്ചത് ഇദ്ദേഹത്തിന്റെ പക്ഷപാതപരമായ തീരുമാനങ്ങളായിരുന്നെന്ന് ഇറ്റാലിയൻ ഫുട്ബോൾ ആരാധകർ ഇന്നും ഉറച്ചു വിശ്വസിക്കുന്നു. ദക്ഷിണ കൊറിയയ്ക്ക് അനുവദിച്ച ‘ഇല്ലാത്ത’ പെനൽറ്റി , സൂപ്പർ താരം ഫ്ലാൻസിസ്കോ ടോട്ടിക്ക് അനാവശ്യ 2–ാം മഞ്ഞക്കാർഡ്, ഓഫ്സൈഡിന്റെ പേരിൽ തൊമാസിയുടെ ഗോൾ നിഷേധം.. ഇങ്ങനെ നീളുന്നു ഇദ്ദേഹത്തിനെതിരെ ഇറ്റലിക്കാർ ഉയർത്തിയ ആരോപണങ്ങള്‍. ഈ 2 റഫറിമാർ തമ്മിൽ മറ്റൊരു സാദൃശ്യം കൂടിയുണ്ട്. ദക്ഷിണ കൊറിയയ്ക്കു മുന്നിൽ ഇറ്റലി മുട്ടുകുത്തിയപ്പോൾ റഫറി മൊണേറോ ആയിരുന്നെങ്കിൽ സൗദിക്കു മുന്നിൽ അർജന്റീന മറന്ന കളിയുടെ നിയന്ത്രണം വിൻചിച്ചിനായിരുന്നു. ഫുട്ബോൾ ലോകംതന്നെ ഞെട്ടിയ 2 വമ്പൻ അട്ടിമറികൾ!

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com