ADVERTISEMENT

ദോഹ ∙ ആദ്യ പകുതിയുടെ ഇടവേളയ്ക്കു കയറിയപ്പോൾ ജപ്പാൻ താരങ്ങൾ എന്താണ് കഴിച്ചത്? ഖലീഫ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഇയിലെ ജർമനി – ജപ്പാൻ പോരാട്ടം കണ്ട ഫുട്ബോൾ ലോകം മുഴുവൻ ചോദിക്കുന്ന ചോദ്യമാണിത്. ആദ്യപകുതിയിൽ തീർത്തും ദയനീയ പ്രകടനവുമായി നിരാശപ്പെടുത്തിയ ജപ്പാന്, രണ്ടാം പകുതിയിലെ വിസ്മയ പ്രകടനത്തോടെ ഖത്തർ ലോകകപ്പിൽ അട്ടിമറി ജയം. കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനത്തിനു പകരം വീട്ടാനെത്തിയ ജർമനിയെ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ അട്ടിമറിച്ചത്. ഖത്തർ ലോകകപ്പിൽ സൗദി അറേബ്യ അർജന്റീനയെ വീഴ്ത്തിയതിനു പിന്നാലെ, വീണ്ടും മറ്റൊരു വമ്പൻ അട്ടിമറി.

പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടി. പന്തടക്കത്തിലും പാസിങ്ങിലും ജപ്പാനെ അപേക്ഷിച്ച് ബഹുദൂരം മുന്നിൽനിന്ന ജർമനിക്ക്, എതിരാളികളെ നിസാരരായി കണ്ടതാണ് തിരിച്ചടിച്ചതെന്ന് വ്യക്തം. ആദ്യപകുതിയിൽ ജപ്പാൻ തീർത്തും നിറം മങ്ങുക കൂടി ചെയ്തതോടെ, അനായാസ വിജയം അവർ സ്വപ്നം കണ്ടു.

കളിക്കണക്കുകളും കളത്തിൽ ജർനിയുടെ ആധിപത്യത്തിന് അടിവരയിടുന്നു. മത്സരത്തിൽ ഏതാണ്ട് 75 ശതമാനം സമയവും പന്ത് കൈവശം വച്ചത് ജർമനി. അവർ മത്സരത്തിലുടനീളം 772 പാസുകളുമായി മത്സരം നിയന്ത്രിച്ചപ്പോൾ, ജപ്പാന്റെ ആകെ പാസുകൾ 270 മാത്രം. ജർമനി ജപ്പാൻ വലയിലേക്കു പായിച്ചത് 11 ഷോട്ടുകൾ. അതിൽ ഒൻപതു ഷോട്ടുകളും ഓൺ ടാർഗറ്റ്. ജപ്പാൻ ആകെ പായിച്ചത് നാലു ഷോട്ടുകൾ; നാലും ഓൺ ടാർഗറ്റ്. എന്നാൽ രണ്ടാം പകുതിയിലെ വർധിതവീര്യത്തിൽ അവിശ്വസനീയ പ്രകടനം നടത്തിയ ജപ്പാൻ, കളിക്കണക്കുകളെയും തോൽപ്പിച്ച് വിജയം പിടിച്ചുവാങ്ങി.

∙ ഗോളുകൾ വന്ന വഴി

ജർമനി ആദ്യ ഗോൾ: ജപ്പാൻ ബോക്സിലേക്ക് ജർമനി നടത്തിയ അലകടലായുള്ള ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു പെനൽറ്റി. ജപ്പാൻ താരം സകായിയെ കാഴ്ചക്കാരനാക്കി ജോഷ്വ കിമ്മിച്ചിന്റെ പന്ത് ബോക്സിനുള്ളിൽ ഡേവിഡ് റൗവുമിലേക്ക്. പന്തുമായി മുന്നോട്ടുകയറിയ റൗവുമിനെ തടയാൻ ജപ്പാൻ ഗോൾകീപ്പർ മുന്നോട്ട്. ഇതിനിടെ പന്തുമായി വെട്ടിത്തിരിഞ്ഞ താരത്തെ ജപ്പാൻ ഗോൾകീപ്പർ വീഴ്ത്തി. ഒരു നിമിഷം പോലും പാഴാക്കാതെ റഫറി പെനൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത ഗുണ്ടോഗൻ അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–0.

ജപ്പാൻ ആദ്യ ഗോൾ: പകരക്കാരായി എത്തിയ മൂന്നു താരങ്ങളുടെ അപാര കോംബിനേഷനിലാണ് ജപ്പാന്റെ സമനില ഗോൾ പിറന്നത്. ഇടതുവിങ്ങിലൂടെ കവോരു മിട്ടോമ നടത്തിയ മുന്നേറ്റത്തിൽ നിന്നാണ് ജപ്പാൻ കാത്തിരുന്ന ആദ്യ ഗോളെത്തിയത്. മിട്ടോമയുടെ മുന്നേറ്റത്തിനൊടുവിൽ പന്ത് ബോക്സിനുള്ളിൽ ടകൂമി മിനാമിനോയിലേക്ക്. പോസ്റ്റിന് ഏറെക്കുറെ നേർരേഖയിൽനിന്ന് മിനാമിനോ തൊടുത്ത ഷോട്ട് ജർമൻ‌ ഗോൾകീപ്പർ മാനുവൽ ന്യൂയർ തടുത്തിട്ടു. റീബൗണ്ടിൽ പന്തു ലഭിച്ച റിറ്റ്സു ഡൊവാന്റെ തകർപ്പൻ വോളി ജർമൻ വല തുളച്ചു. സ്കോർ 1–1.

ജപ്പാൻ രണ്ടാം ഗോൾ: സമനില ഗോൾ നേടിയതോടെ ജപ്പാൻ ഒന്നുകൂടി ശക്തരാകുന്ന കാഴ്ചയായിരുന്നു ഖലീഫ സ്റ്റേഡിയത്തിൽ. എട്ടു മിനിറ്റിനുള്ളിൽ അവർക്ക് അതിന്റെ പ്രതിഫലവും ലഭിച്ചു. ഇത്തവണയും ജപ്പാനായി ലക്ഷ്യം കണ്ടത് മറ്റൊരു പകരക്കാരൻ; 18–ാം നമ്പർ താരം ടകൂമോ അസാനോ. ജപ്പാന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിലേക്ക് എത്തിയ നീക്കത്തിന്റെ തുടക്കം. സ്വന്തം പകുതിയിൽനിന്ന് ഇട്ടകുരയെടുത്ത ഫ്രീകിക്ക് അസാനോയിലേക്ക്. ജർമൻ ബോക്സ് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞ അസാനോ, പ്രതിരോധിക്കാനെത്തിയ ജർമൻ താരം ഷലോട്ടർബെക്കിനെ മനോഹരമായി കബളിപ്പിച്ച് ബോക്സിനുള്ളിൽ. ഏറെക്കുറെ അസാധ്യമെന്നു തോന്നുന്ന ആംഗിളിൽനിന്ന് അസാനോ പായിച്ച ഷോട്ട് ന്യൂയർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ. സ്കോർ 2–1.

∙ ജർമനിക്കു പൂട്ടിട്ട പ്രതിരോധം

തുടർന്നുള്ള ഏഴു മിനിറ്റും ഇൻജറി ടൈമായി അനുവദിച്ച ഏഴു മിനിറ്റും ജർമനിയുടെ തുടർ ആക്രമണങ്ങളെ കരുത്തോടെ പ്രതിരോധിച്ചു നിന്ന ജപ്പാൻ, സൗദി അറേബ്യയ്ക്കു ശേഷം ഈ ലോകകപ്പിലെ രണ്ടാം അട്ടിമറി സ്വന്തം പേരിൽ കുറിച്ചു. 2018 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായി നാണംകെട്ട ജർമനിക്ക്, നാലു വർഷങ്ങൾക്കിപ്പുറം ഖത്തറിലും ഞെട്ടൽ!

നേരത്തേ, ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ കയ് ഹാവർട്സിലൂടെ ജർമനി വീണ്ടും വലകുലുക്കിയെങ്കിലും അത് ഓഫ്സൈഡായതും അവർക്കു തിരിച്ചടിയായി. തോമസ് മുള്ളർ ബോക്സിലേക്കു നൽകിയ പാസിൽ നിന്നായിരുന്നു തുടക്കം. പന്തു സ്വീകരിച്ച ജോഷ്വ കിമ്മിച്ച് പന്ത് പോസ്റ്റിലേക്ക് പായിച്ചെങ്കിലും ജപ്പാൻ ഗോൾകീപ്പർ തടുത്തിട്ടു. റീബൗണ്ടിൽനിന്ന് സെർജിയോ ഗ്‌നാബ്രി പന്ത് പോസ്റ്റിനു മുന്നിലേക്ക് നീട്ടിയടിച്ചു. ഓടിയെത്തിയ കയ് ഹാവർട്സ് അനായാസം പന്ത് വലയിലാക്കി. എന്നാൽ ഹാവർട്സ് ഓഫ് സൈഡാണെന്നു വ്യക്തമായതോടെ ഗോൾ നിഷേധിക്കപ്പെട്ടു.

∙ ലോകകപ്പ് വേദിയിലെ ആദ്യ മുഖാമുഖം

ലോകകപ്പ് വേദിയിൽ ജർമനിയുടെയും ജപ്പാന്റെയും ആദ്യ കണ്ടുമുട്ടലായിരുന്നു ഇത്. ഇതിനു മുൻപ് രണ്ടു തവണ സൗഹൃദ മത്സരങ്ങളിൽ ഇരു ടീമുകളും കണ്ടുമുട്ടിയിട്ടുണ്ട്. രണ്ടു തവണയും ജർമനി ജയിച്ചുകയറി. ഈ രണ്ടു മത്സരങ്ങളിലായി പിറന്ന ഏഴു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നതെന്ന പ്രത്യേകതയുമുണ്ട്.

ഏറ്റവും ഒടുവിൽ കളിച്ച അഞ്ച് ലോകകപ്പുകളിൽ നാലു തവണയും സെമിയിൽ കടന്ന ടീമാണ് ജർമനി. സെമി കാണാതെ പോയത് 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ മാത്രം. അന്ന് ചരിത്രത്തിലാദ്യമായി അവർ ആദ്യ റൗണ്ടിൽ പുറത്തായി. ദക്ഷിണ കൊറിയയോടും തോറ്റായിരുന്നു പുറത്താകൽ. മറുവശത്ത് ജപ്പാന്റെ തുടർച്ചയായ ഏഴാം ലോകകപ്പാണിത്. തുടർച്ചയായ 10–ാം ലോകകപ്പ് കളിക്കുന്ന ദക്ഷിണ കൊറിയയ്ക്കു ശേഷം ഇക്കാര്യത്തിൽ ഏഷ്യൻ റെക്കോർഡാണിത്.

English Summary: FIFA World Cup 2022: Germany vs Japan match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com