ADVERTISEMENT

റാസ് അബു അബൗദ് (ദോഹ) ∙ ഗോൾമുഖത്ത് കൈകൾ വിരിച്ചുപിടിച്ച് മെക്സിക്കൻ ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവ. പെനൽറ്റി സ്പോട്ടിൽ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളായ പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്കി. ഇടത്തേക്കും വലത്തേക്കും ചാടാനൊരുങ്ങി നിന്ന ഒച്ചോവയെ കൂസാതെ ലെവൻഡോവ്സ്കിയുടെ ഷോട്ട്. ഇടത്തേക്കു ചാടാനാഞ്ഞ ഒച്ചോവ ആ പ്ലാൻ മാറ്റി നിമിഷാർധത്തിൽ വലത്തേക്കു ചാടിവീണു. ഗോളിന്റ വലത്തേമൂലയിലേക്കു വന്ന പന്തു കൈകണ്ടു തട്ടിത്തെറിപ്പിച്ചു. ഗോൾമുഖത്തെ മെക്സിക്കൻ അപാരത! 

ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ പോളണ്ടിനും മെക്സിക്കോയ്ക്കും ഗോൾരഹിത സമനില. മണിക്കൂറുകൾക്കു മുൻപു നടന്ന മത്സരത്തിൽ സൗദി അറേബ്യ അർജന്റീനയെ അട്ടിമറിക്കുക കൂടി ചെയ്തതോടെ ഈ ഗ്രൂപ്പിലെ ഇനിയുള്ള മത്സരങ്ങൾ നിർണായകമായി. സൗദി അറേബ്യയ്ക്കു 3 പോയിന്റ്. മെക്സിക്കോയ്ക്കും പോളണ്ടിനും ഓരോ പോയിന്റ് വീതം. അവസാന സ്ഥാനത്തുള്ള അർജന്റീനയ്ക്കു പോയിന്റില്ല.  58–ാം മിനിറ്റിലായിരുന്നു കളിയിലെ നിർണായക നിമിഷം. ലെവൻഡോവ്സ്കിയെ മെക്സിക്കോയുടെ മൊറീനോ ബോക്സിനുള്ളിൽ ജഴ്സിയിൽ പിടിച്ചു വലിച്ചിട്ടതിനാണ് വാർ പരിശോധിച്ച ശേഷം റഫറി പെനൽറ്റി അനുവദിച്ചത്.

പക്ഷേ, മെക്സിക്കോയുടെ ഇതിഹാസതാരമെന്ന തലത്തിലേക്ക് ഇതിനകം പേരെടുത്തു കഴിഞ്ഞ മുപ്പത്തിയേഴുകാരൻ ഒച്ചോവയ്ക്കു മുന്നിൽ, കിക്കെടുത്ത ലെവൻഡോവ്സ്കിക്കു പിഴച്ചു. ലോകകപ്പിൽ പെനൽറ്റി കിക്ക് (ഷൂട്ടൗട്ട് ഒഴികെ) സേവ് ചെയ്യുന്ന ആദ്യത്തെ മെക്സിക്കോ ഗോളിയാണ് ഗില്ലർമോ ഒച്ചോവ. ലോകകപ്പിൽ പെനൽറ്റി നഷ്ടപ്പെടുത്തുന്ന കാര്യത്തിൽ പോളണ്ട് ചരിത്രത്തിൽ മൂന്നാം തവണയും പേരെഴുതി. 1978, 2002, 2022 ലോകകപ്പുകളിലാണിത്.

English Summary : Poland vs Mexico match ended in goalless draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com