ADVERTISEMENT

ദോഹ∙ വമ്പൻ അട്ടിമറികൾ ‘കുപ്രസിദ്ധമാക്കിയ’ ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ സ്വിറ്റ്സർലൻഡിനു കാലിടറിയില്ല. എതിരാളികളുടെ വമ്പു കൂസാതെ വീറോടെ പൊരുതിയ കാമറൂണിനെ എതിരില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തി ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡ് അക്കൗണ്ട് തുറന്നു. ഫ്രഞ്ച് ലീഗ് വൺ ക്ലബ് സ്ട്രൈക്കറും സ്വിസ് ആരാധകരുടെ ഇഷ്ട താരവുമായ ബ്രീൽ എംബോളോയുടെ വകയാണു വിജയഗോള്‍ (47’). ദേശീയ ടീമിനായി തുടർച്ചയായ 3–ാം മത്സരത്തിലും ഗോളടിക്കുന്ന താരം എന്ന നേട്ടവും മത്സരത്തിനിടെ എംബോളോ സ്വന്തമാക്കി. ബ്രസീൽ, സെർബിയ എന്നിവരാണ് ജി ഗ്രൂപ്പിലെ മറ്റു 2 ടീമുകൾ. 

ഫിഫ റാങ്കിങ്ങിൽ മുൻനിരക്കാരും പ്രതിരോധത്തിൽ ‘കടുകട്ടി’ക്കാരുമായ സ്വിറ്റ്സർലൻഡിനെ ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ തളച്ചെതിനു ശേഷമാണു കാമറൂണു കാലിടറിയത്. മധ്യനിരയിൽനിന്നു ഗ്രനിറ്റ് ജാക്ക ഒരുക്കി നൽകിയ പന്തുമായി വലതു വിങ്ങിൽനിന്നു ബോക്സിനുള്ളിലേക്കു സെർദാർ ഷാക്കിറി അളന്നു മുറിച്ചു നീട്ടിയ പാസാണു ഗോളിൽ കലാശിച്ചത്. ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെനിന്ന എംബോളോ കാമറൂൺ ഗോളി ആന്ദ്രേ ഒനാനയെ നിഷ്പ്രഭനാക്കി പന്ത് അനായാസം വലയിലേക്കു തട്ടിയിടുകയായിരുന്നു (1–0). ‌ആദ്യ പകുതിയിൽ ഒരു ഗോൾ ഷോട്ട് പോലും ഉതിർക്കാനായില്ലെങ്കിലും 2–ാം പകുതിയിലെ കിടയറ്റ പ്രകടനമാണു സ്വിറ്റ്സർലൻഡിനെ ജയത്തിലെത്തിച്ചത്. 

∙ ആദ്യ പകുതിയിൽ കാമറൂൺ

റാങ്കിങ്ങിൽ 15–ാം സ്ഥാനക്കാരായ സ്വിറ്റ്സർലൻഡിനെതിരെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടമാണ് 43–ാം സ്ഥാനത്തുള്ള കാമറൂൺ ആദ്യ പകുതിയിൽ പുറത്തെടുത്തത്. പന്തടക്കത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന ആദ്യ പകുതിയിൽ സ്വിറ്റ്സർലൻഡിന്റെ ഒരു ഷോട്ട് പോലും ഗോളി ആൻദ്രേ ഒനാനയെ പരീക്ഷിച്ചില്ല. മറുവശത്ത്, മികച്ച ഗോൾ അവസരങ്ങൾ ഒരുക്കിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ കാമറൂണിനും തിരിച്ചടിയായി. 

FIFA Logo Photo by OZAN KOSE / AFP
സ്വിറ്റ്സർലൻഡ് മിഡ്ഫീൽഡർ റെമോ ഫ്രൂളർ, കാമറൂൺ മിഡ്ഫീൽഡർ മാർട്ടിൻ ഹോങ്ള എന്നിവർ പന്തിനായുള്ള പോരാട്ടത്തിൽ. Glyn KIRK / AFP

വലതു വിങ്ങിൽ കളിച്ചിരുന്ന സൂപ്പർ താരം സെർദാൻ ഷാക്കിറിയെ ചുറ്റിപ്പറ്റിയുള്ള സ്വിറ്റസർലൻഡ് ടീമിന്റെ അതിവേഗ നീക്കങ്ങളിൽ അൽ ജനോബ് സ്റ്റേഡിയത്തിലെ മത്സരം തുടക്കത്തിലേ ചൂടുപിടിച്ചു. സ്വിറ്റ്സർലൻഡിനെ അവരുടെ താളത്തിൽ കളിക്കാൻ വിട്ട് ബോക്സിനുള്ളില്‍ പ്രതിരോധംകരുത്തുറ്റതാക്കാനാണു കാമറൂൺ തുടക്കത്തിൽ ശ്രമിച്ചത്. അങ്ങോട്ടു കയറി പന്തു റാ‍ഞ്ചാതെ സമചിത്തതയോടെ കളിച്ചതിനുള്ള പ്രതിഫലം അവർക്കു 10–ാം മിനിറ്റിൽത്തന്നെ കിട്ടി.

സ്വന്തം ഹാഫിൽ‌നിന്ന് ഉയർന്നുവന്ന പന്തുമായി സ്വിസ് പ്രതിരോധത്തെ വെട്ടിച്ച് ബോക്സിനുള്ളിലേക്കു കടന്ന ബ്രയാൻ എംബിയുമോയുടെ ഷോട്ട് സ്വിസ് ഗോളി യാൻ സോമർ തട്ടിയകറ്റി. ബോക്സിനുള്ളിൽ ഷോട്ടെടുക്കാൻ സജ്ജനായിരുന്ന സ്ട്രൈക്കർ എറിക് ചോപോ മോട്ടിങ്ങ് എംബിയുമോ പന്തു മറിച്ചു നൽകാഞ്ഞതിൽ നിരാശനായാണു തിരികെ നടന്നത്. 

പന്തടക്കത്തിൽ പിന്നിലായിരുന്ന കാമറൂൺ ക്രമേണ കളിയുടെ നിയന്ത്രണവും ഏറ്റെടുത്തു. വലതുവിങ്ങിൽ എംബിയൂമോയും ഇടതുവിങ്ങിൽ ടോകോ എകാംബിയും അതിവേഗ മുന്നേറ്റങ്ങിലൂടെ സ്വിസ് പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. ചോപോ മോട്ടിങ്ങിന്റെയും കൂട്ടരുടെയും മുന്നേറ്റങ്ങളെയും കോർണർ കിക്കുകളെയും സ്വിസ് ഡിഫൻഡർമാർ ഏറെ പണിപ്പെട്ടാണു തടുത്തുനിർത്തിയത്. ഇതിനിടെ എണ്ണം പറഞ്ഞ മുന്നേറ്റത്തിലൂടെ സ്വിറ്റ്സർലൻഡും സാന്നിധ്യമറിയിച്ചെങ്കിലും ബ്രീൽ എംബോളോയുടെ ഷോട്ട് പുറത്തേക്കാണു പോയത്. ആദ്യ പകുതിയുടെ ഇൻജറി ടൈമിലും അക്കൗണ്ട് തുറക്കാൻ സ്വിറ്റസർലൻഡിന് സുവർണാവസരം ലഭിച്ചതാണ്. എന്നാൽ ഇക്കുറി റെമോ ഫ്രൂളറുടെ കോർണറിൽ സ്വിസ് ഡിഫൻഡർ മാനുവൽ അകാഞ്ചിയുടെ ഫ്രീ ഹെഡർ പോസ്റ്റിനു പുറത്തേക്ക്.

∙ സ്വിറ്റ്സർലൻഡ് റിട്ടേൺസ്

2–ാം പകുതിയുടെ തുടക്കത്തിൽത്തന്നെ വീണ ഗോള്‍ കാമറൂണിന്റെ ആത്മവിശ്വാസം തകർത്തുകളഞ്ഞു. ഗോൾ മടക്കാനുള്ള ശ്രമത്തിൽ കാമറൂൺ മധ്യനിര താരങ്ങൾ സ്വിറ്റ്സർലൻഡ് ബോക്സിലേക്കു കടന്നുനിന്നതോടെ സ്വിസ് മുന്നേറ്റത്തിന് കൂടുതൽ താളവും ഒഴുക്കും കൈവന്നു. 67–ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് എംബിയൂമോ ഉയർത്തിവിട്ട ഫ്രീകിക്കിൽ ഫ്രാങ്ക് ആൻഗുയിസയുടെ ദുർബല ഹെഡർ യാൻ സോമർ അനായാസം പിടിച്ചെടുത്തു. തൊട്ടുപിന്നാലെ ലഭിച്ച കൗണ്ടർ അറ്റിക്കിൽനിന്ന് സ്വിറ്റ്സർലൻഡ് ലീഡ് ഉയർത്തേണ്ടതായിരുന്നു. പക്ഷേ, ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെനിന്ന റൂബൻ വാർഗാസിന്റെ കരുത്തുറ്റ ഷോട്ട് ഒനാന ഏറെ പണിപ്പെട്ടാണു തട്ടിയകറ്റിയത്. 

ബ്രീൽ എംബോളോയ്ക്ക് ഗോൾ സേവിങ് ക്ലിയറൻസിലൂടെ ആൻഗുയിസ 67–ാം മിനിറ്റിൽ 2–ാം ഗോൾ നിഷേധിച്ചതും സ്വിസ് ആരാധകർക്ക് സങ്കടമായി. വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങളിലൂടെ കാമറൂൺ ബോക്സിലേക്ക് പിന്നീടു പല തവണ കടന്നെങ്കിലും പ്രതിരോധ നിരയുടെ കരുതലും ഒനാനയുടെ കരങ്ങളും പിന്നീടു പിഴച്ചില്ല.

പകരക്കാരനായി കളത്തിലിറങ്ങിയ ഹാരിസ് സെഫെറോവിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് മത്സരങ്ങൾ അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ, ഒനാനയെ കീഴ്പ്പെടുത്തിയെന്നു തോന്നിച്ചെങ്കിലും ഫുൾബായ്ക്ക് യാൻ ചാൾസ് കാസ്റ്റെലെറ്റോ മുഴുനീളൻ ഡൈവിലൂടെ പന്ത് രക്ഷപ്പെടുത്തി. 

English Summary: FIFA World Cup 2022: Switzerland vs Cameroon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com