ADVERTISEMENT

പരിശീലകനുമായി കലഹം, എല്ലാം തുറന്നടിച്ച അഭിമുഖം, ക്ലബ്ബിൽനിന്നു പുറത്തേക്ക്- ഒരു ഫുട്ബോൾ താരത്തോട് ഇതു മോശം കാലമാണല്ലോ എന്നു ചോദിക്കാൻ ഇതെല്ലാം ധാരാളം. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് അങ്ങനെ ചോദിക്കരുത്. കാരണം ഇങ്ങനെയുള്ള തിരിച്ചടികൾ വരുമ്പോഴാണ് ക്രിസ്റ്റ്യാനോ ശരിക്കും സൂപ്പർ ഹീറോയാകുന്നത്. എനിക്ക് ബെസ്റ്റ് ടൈം എന്നതൊന്നില്ല. എന്റെ ടൈമിങ് ഞാൻ തന്നെയാണ് നിർണയിക്കുന്നത്. പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ പറഞ്ഞത് ഇങ്ങനെയാണ്. ക്രിസ്റ്റ്യാനോ പറയുന്നതു വിശ്വസിക്കണം. പലവട്ടം അദ്ദേഹം അതു തെളിയിച്ചിട്ടുണ്ട് എന്നതു കൊണ്ടു തന്നെ!

ronaldo-stat

കളത്തിനു പുറത്ത് ഇത്രയധികം പ്രശ്നങ്ങളുമായി ക്രിസ്റ്റ്യാനോ ഒരു മേജർ ടൂർണമെന്റിനും വന്നിട്ടില്ല. 37-ാം വയസ്സിലെത്തിയ ക്രിസ്റ്റ്യാനോ ഇപ്പോൾ ക്ലബ് ഫുട്ബോളിലെ പോസ്റ്റർ ബോയ് അല്ല. പലപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ പോലും അദ്ദേഹത്തിന് അവസരം കിട്ടുന്നില്ല. പോർച്ചുഗൽ ദേശീയ ടീമിലും സമാനമാണ് കാര്യം. ലിസ്ബണിൽ ലോകകപ്പ് സന്നാഹ മത്സരത്തിൽ പോർച്ചുഗൽ നൈജീരിയയെ തോൽപിച്ചു കൊണ്ടിരിക്കുന്ന അതേ സമയത്താണ് ക്രിസ്റ്റ്യാനോയുടെ അഭിമുഖവും പുറത്തിറങ്ങിയത്. ക്രിസ്റ്റ്യാനോ ഇല്ലാതെ ഇറങ്ങിയിട്ടും പോർച്ചുഗൽ ആഫ്രിക്കൻ ടീമിനെ 4-0നു തോൽപിച്ചു.

ronaldo-stats

പോർച്ചുഗൽ ടീമിലെ ഏറ്റവും മികച്ച താരം ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയല്ല എന്നൊരു അടക്കം പറച്ചിൽ പോലുമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായ ബ്രൂണോ ഫെർണാണ്ടസിനെയും മാഞ്ചസ്റ്റർ സിറ്റി താരമായ ബെർണാഡോ സിൽവയെയുമെല്ലാം മനസ്സിൽ കണ്ടുകൊണ്ടുള്ളതാണത്. ഈ സീസണിൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 16 മത്സരങ്ങളിൽ കളിച്ചത് 1051 മിനിറ്റുകളാണ്. പ്രിമിയർ ലീഗിൽ കളിച്ച 10 മത്സരങ്ങളിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇറങ്ങിയത് 4 കളികളിൽ മാത്രം! എന്നാൽ, ലോകകപ്പിൽ ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തുക എന്ന സാഹസത്തിന് പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് മുതിർന്നാൽ അതു വലിയ സാഹസമാകും. 

ക്രിസ്റ്റ്യാനോയും യുണൈറ്റഡും പിരിഞ്ഞു

മാഞ്ചസ്റ്റർ ∙ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും പരസ്പര ധാരണ പ്രകാരം പിരിഞ്ഞതായി ക്ലബ് അറിയിച്ചു. ക്ലബ്ബിനെ വിമർശിച്ച് മുപ്പത്തേഴുകാരൻ ക്രിസ്റ്റ്യാനോ നടത്തിയ അഭിമുഖത്തിനു പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നടപടി. ഇംഗ്ലിഷ് ക്ലബ് ചെൽസിയിലേക്ക് ക്രിസ്റ്റ്യാനോ പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.  ഇംഗ്ലിഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡ്, ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട്, പോർച്ചുഗലിലെ സ്പോർട്ടിങ് ലിസ്ബൺ എന്നീ പേരുകളും അഭ്യൂഹങ്ങളിലുണ്ട്. 

ക്രിസ്റ്റ്യാനോയ്ക്ക് വിലക്ക്

ലണ്ടൻ ∙ കഴിഞ്ഞ സീസണിൽ എവർട്ടനെതിരായുള്ള മത്സരത്തിലെ തോൽവിക്കു ശേഷം ശാരീരിക വെല്ലുവിളിയുള്ള ആരാധകനോടുള്ള മോശം പെരുമാറ്റത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പ്രിമിയർ ലീഗിലെ രണ്ടു മത്സരങ്ങളിൽ വിലക്ക്. 50,000 പൗണ്ട് പിഴയും അടയ്ക്കണം. ഈ വർഷം ഏപ്രിൽ 9ന് നടന്ന സംഭവത്തിലാണ് എഫ്എയുടെ വിധി.

English Summary : Portugal led by Crisitano Ronaldo will face Ghana today in FIFA World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com