പ്രതിരോധപ്പൂട്ട് തകർ‌ത്തത് രണ്ടാം പകുതിയിലെ ബ്രസീലിയൻ തന്ത്രം: റിച്ചാലിസൺ എന്ന അവതാരപ്പിറവി

HIGHLIGHTS
  • സെർബിയയെ കീഴടക്കി ബ്രസീൽ തുടങ്ങി (2–0)
  • റിച്ചാലിസണ് ഇരട്ടഗോൾ
SOCCER-WORLDCUP-BRA-SRB/REPORT
സെർബിയയ്ക്കെതിരെ റിച്ചാർലിസൺ ബ്രസീലിന്റെ 2–ാം ഗോൾ നേടുന്നു.
SHARE

ഒരു മണിക്കൂർ സെർബിയയുടെ പ്രതിരോധപ്പൂട്ട്. പിന്നാലെ റിച്ചാലിസൺ അവതരിച്ചു. അതോടെ, ലോകകപ്പിന്റെ വാതിൽ തുറന്ന് ഖത്തറിൽ ജോഗോ ബൊണീറ്റോയുടെ അരങ്ങേറ്റം. ടോട്ടനം ഹോട്സ്പർ സ്ട്രൈക്കറുടെ ഇരട്ടഗോളുകളുടെ മികവിൽ ബ്രസീലിനു വിജയത്തുടക്കം. 62, 73 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ആദ്യപകുതിയിലും ഇടവേളയ്ക്കു ശേഷം കാൽമണിക്കൂറോളവും സെർബിയ ബ്രസീൽ മുന്നേറ്റങ്ങളെ പ്രതിരോധിച്ചുനിന്നു. ഈ പൂട്ടു പൊളിക്കാൻ നിരന്തരം ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയാണ് ഈ ലോകകപ്പിൽ ബ്രസീലിന്റെ കന്നിഗോൾ പിറന്നത്.

നെയ്മാറിന്റെ പാസ് സ്വീകരിച്ച് ബോക്സിന്റെ ഇടതുവശത്തുനിന്ന് വിനീസ്യൂസ് ജൂനിയർ തൊടുത്ത ഷോട്ട് സെർബിയൻ ഗോൾകീപ്പർ വാന്യ മിലിങ്കോവിച്ച്–സാവിച്ച് തട്ടിയകറ്റിയപ്പോൾ ബോക്സിനകത്തുണ്ടായിരുന്ന റിച്ചാലിസണ് ഗോൾപ്പാകം. ഉജ്വലമായ വലംകാൽ ഷോട്ട് വലയിൽ(1–0). 11 മിനിറ്റിനകം വീണ്ടും വിനീസ്യൂസ്– റിച്ചാലിസൺ കൂട്ടുകെട്ട്. ബോക്സിനകത്തേക്ക് വിനീസ്യൂസിന്റെ മനോഹരമായ ക്രോസ് ഇടംകാലിൽ സ്വീകരിച്ച്, അഭ്യാസിയെപ്പോലെ വായുവിൽ വെട്ടിത്തിരിഞ്ഞ് വലംകാൽ കൊണ്ട് റിച്ചാലിസണിന്റെ ബൈസിക്കിൾ കിക്ക് വലയ്ക്കകത്തേക്ക്. ഈ ലോകകപ്പിൽ ഇതുവരെ പിറന്നതിൽ ഏറ്റവും സുന്ദരമായ ഗോൾ (2–0).

നിശ്ചയദാർഢ്യത്തോടെ പൊരുതിയ സെർബിയൻ പ്രതിരോധനിര ആദ്യപകുതിയിൽ ബ്രസീലിന് അവസരങ്ങൾ നൽകിയതേയില്ല. 35–ാം മിനിറ്റിൽ ഗോൾകീപ്പർ വാന്യ മിലിങ്കോവിച്ച്–സ്ലാവിച്ച് മാത്രം മുന്നിൽ നിൽക്കെ ലഭിച്ച റാഫിഞ്ഞയുടെ ദുർബലമായ ഷോട്ടിനൊടുവിൽ പന്ത് ഗോൾകീപ്പറുടെ കൈകളിൽ വിശ്രമിച്ചു. പിന്നീട് രണ്ടാംപകതിയുടെ തുടക്കത്തിലും റാഫിഞ്ഞ സമാന അവസരം തുലച്ചു. പരുക്കൻ അടവുകളിലൂടെ ബ്രസീലിയൻ ആക്രമണങ്ങളുടെ മുനയൊടിക്കാൻ മടിക്കാതിരുന്ന സെർബിയൻ താരങ്ങൾ നെയ്മാറിനെ തിരഞ്ഞുപിടിച്ചെന്ന പോലെ ടാക്കിൾ ചെയ്തു വീഴ്ത്തി. ഉയരം കൂടിയ സെർബിയൻ താരങ്ങൾ ആകാശപ്പോരാട്ടത്തിലും നെയ്മാറിനും സംഘത്തിനും കനത്ത വെല്ലുവിളി ഉയർത്തി.

റിച്ചാലിസൺ, വിനീസ്യൂസ് ജൂനിയർ, നെയ്മാർ, റാഫിഞ്ഞ എന്നിവരെ മുന്നിൽ നിർത്തി 4–2–3–1 ശൈലിയിൽ തുടങ്ങിയ ബ്രസീലിനെ സെർബിയ താരങ്ങൾ ഒന്നടങ്കം പ്രതിരോധിക്കുകയായിരുന്നു ആദ്യപകുതിയിൽ. സെർബിയൻ പെനൽറ്റി ബോക്സിനകത്തേക്ക് കയറാൻ ഇടം കിട്ടാതായതോടെ ബ്രസീൽ ലോങ് റേഞ്ചറുകൾ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ട്രൈക്കർ അലക്സാണ്ടർ മിട്രോവിച്ച് ഒഴികെയുള്ള സെർബിയക്കാർ ബ്രസീൽ താരങ്ങളെ പൂട്ടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനിടെ, വലതു വിങ്ങിലൂടെ ഒറ്റപ്പെട്ട മുന്നേറ്റങ്ങളിലൂടെ സെർബിയ എതിർ ഗോൾമുഖത്തേക്കു കുതിക്കുന്നതും ഇടവേളയ്ക്കു മുൻപുള്ള കാഴ്ചയായിരുന്നു.

സെർഗെ– വാന്യ ഭായി ഭായി!

ബ്രസീലിനെ നേരിട്ട സെർബിയൻ ടീമിലെ 2 പേർ സഹോദരങ്ങൾ– ഡിഫൻഡർ സെർഗെ മിലിങ്കോവിച്ച്–സാവിച്ചും ഗോൾകീപ്പർ വാന്യ മിലിങ്കോവിച്ച്– സാവിച്ചും. ഇറ്റലിയിലെ ക്ലബ്ബായ ലാത്‌സിയോയുടെ താരമാണ് 27 വയസ്സുള്ള സെർഗെ. 2.02 മീറ്റർ ഉയരമുള്ള വാന്യ മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ ടോറിനോയ്ക്കു വേണ്ടി കളിക്കുന്നു. സെർഗെയെക്കാൾ രണ്ടു വയസ്സിന് ഇളയതാണ് വാന്യ.

Turning Point 

ആദ്യപകുതിയിൽ സെർബിയ നടത്തിയ പരുക്കൻ പ്രതിരോധം പൊളിക്കാൻ ബ്രസീൽ രണ്ടാം പകുതിയിൽ സ്വീകരിച്ച തന്ത്രമാണു കളിയിൽ വഴിത്തിരിവായത്. നെയ്മാർ പിന്നിലേക്ക് ഇറങ്ങി കളിക്കാൻ തീരുമാനിച്ചതോടെ സെർബിയൻ പ്രതിരോധത്തിലുണ്ടായ ആശയക്കുഴപ്പമാണ് കളിയിൽ ഗുണം ചെയ്തത്. നെയ്മാർ നീട്ടിനൽകിയ പന്ത് വിനീസ്യൂസ് സ്വീകരിക്കുമ്പോൾ സെർബിയൻ പ്രതിരോധത്തിന്റെ കനത്ത മാർക്കിങ് വലയത്തിലായിരുന്നില്ല റിച്ചാർലിസൺ. റിച്ചാർലിസൺ നേടിയ രണ്ടാമത്തെ ഗോളിലേക്കു പന്തൊരുക്കി നൽകിയപ്പോഴും നെയ്മാർ പിന്നണിയിൽ തന്നെയായിരുന്നു.

English Summary : Brazil started World Cup campaign with victory over Serbia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA