ADVERTISEMENT

36 വർഷത്തിനു ശേഷം ലോകകപ്പ് യോഗ്യത നേടിയെത്തിയ കാനഡയ്ക്കെതിരെ ബൽജിയത്തിന് എന്തെങ്കിലും ഗെയിം പ്ലാൻ ഉണ്ടായിരുന്നോ? അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കിൽത്തന്നെ അതൊന്നും മൈതാനത്ത് കണ്ടില്ല. ലോകറാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ബൽജിയം ഒറ്റഗോൾ വിജയവുമായി രക്ഷപ്പെട്ടതിന് രണ്ടു കാരണങ്ങളാണ് പ്രധാനം. ഒരു പെനൽറ്റി ഉൾപ്പെടെ ഉജ്വല സേവുകൾ നടത്തിയ ഗോൾകീപ്പർ തിബോ കോർട്ടോയുടെ മികവാണ് ആദ്യത്തേത്. ഫിനിഷിങ്ങിൽ കാനഡയുടെ പോരായ്മയാണ് രണ്ടാമത്തേത്. 44–ാം മിനിറ്റിൽ കളിയുടെ ഗതിക്കെതിരെ മിച്ച് ബാറ്റ്ഷുവായി നേടിയ ഗോളിൽ പിടിച്ചുതൂങ്ങി രക്ഷപ്പെട്ട ബൽജിയത്തിന് പോരായ്മകൾ പലതു തിരുത്താനുണ്ടെങ്കിലും ഈ വിജയത്തോടെ അവർ ഗ്രൂപ്പിൽ 3 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

ക്രൊയേഷ്യയ്ക്കും മൊറോക്കോയ്ക്കും ഓരോ പോയിന്റുണ്ട്. കാനഡയ്ക്ക് പോയിന്റൊന്നുമില്ല. ‍ഡിസംബർ 1ന് ക്രൊയേഷ്യയ്ക്കെതിരെയാണ് ബൽജിയത്തിന്റെ അടുത്ത കളി. അന്നു തന്നെ കാനഡ– മൊറോക്കോ മത്സരവും നടക്കും. ഗോൾ വഴങ്ങിയ ശേഷവും എതിർ ഗോൾമുഖത്തേക്ക് നിരന്തരം ഇരമ്പിക്കയറിയ കാനഡ മുന്നേറ്റനിരയ്ക്കു മുന്നിൽ ബൽജിയത്തിന്റെ ‘സുവർണ തലമുറ’ വിയർത്തു. ആദ്യപകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനൽറ്റി കിക്ക് കാനഡ പാഴാക്കിയിരുന്നില്ലെങ്കിൽ ഈ മത്സരത്തിന്റെ വിധി മറ്റൊന്നായേനെ.

ഇടവേളയ്ക്കു തൊട്ടു മുൻപായിരുന്നു ബാറ്റ്ഷുവായിയുടെ വിജയഗോൾ. ടോബി ആൽഡർവിയറെൽഡിന്റെ ലോങ് പാസിലേക്ക് ഓടിക്കയറിയ താരം അവസരം പാഴാക്കിയില്ല. ആദ്യ ടച്ചിൽ കരുത്തുറ്റ ഇടംകാൽ ഷോട്ട് വലയിൽ കയറി(1–0). 8–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് അൽഫോൻസോ ഡേവിസ് തുലച്ചതോടെ ലോകകപ്പ് ചരിത്രത്തിൽ ടീമിന്റെ കന്നി ഗോൾ കുറിക്കാനുളള അവസരം കാനഡയ്ക്കു നഷ്ടമായി.

ടഹോൺ ബുക്കാനന്റെ ഷോട്ട് ബൽജിയം പെനൽറ്റി ബോക്സിനകത്തുവച്ച് യാനിക് കാരാസ്കോയുടെ കയ്യിൽത്തട്ടിയതിനെത്തുടർന്നാണ് പെനൽറ്റി വിധിച്ചത്. ഡേവിസ് എടുത്ത കിക്ക് അതികായനായ ബൽജിയം ഗോൾകീപ്പർ തിബോ കോർട്ടോയ്ക്ക് വെല്ലുവിളി ഉയർത്തിയില്ല. ഈ ജയത്തോടെ ഗ്രൂപ്പ് എഫിൽ ബൽജിയത്തിനു 3 പോയിന്റായി. കാനഡയ്ക്കു പോയിന്റില്ല. ക്രൊയേഷ്യയ്ക്കും മൊറോക്കോയ്ക്കും ഓരോ പോയിന്റ് വീതമുണ്ട്. ഇതിനു മുൻപ് ലോകകപ്പിന് കാനഡ യോഗ്യത നേടിയത് 1986ലാണ്. അന്ന് മൂന്നു ഗ്രൂപ്പ് മത്സരങ്ങളിലും പരാജയത്തോടെയായിരുന്നു മടക്കം.

STAR OF THE DAY

തിബോ കോർട്ടോ 

ഗോൾ കീപ്പർ
ക്ലബ്: റയൽ മഡ്രിഡ്
(സ്പെയിൻ)
പ്രായം: 30

മേജർ ടൂർണമെന്റകളിൽ ബൽജിയത്തിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇറങ്ങുകയെന്ന റെക്കോർഡിൽ യാൻ ക്യൂലമാൻസിന് ഒപ്പമെത്തി ഗോൾകീപ്പർ തിബോ കോർട്ട്. 23 മത്സരങ്ങളിൽ വീതമാണ് ഇരുതാരങ്ങളും കളിച്ചത്. കാനഡയ്ക്കെതിരെ പെനൽറ്റി സേവ് ചെയ്തയാരുന്നു കോർട്ടോയുടെ തുടക്കം. ബയൺ മ്യൂണിക്ക് താരം അൽഫോൻസ് ഡേവിസിന്റെ കിക്ക് വലത്തോട്ടു ചാടി രക്ഷപ്പെടുത്തിയ നിമിഷം മത്സരഫലത്തിൽ നിർണായകമായി. റയൽ മഡ്രിഡിന്റെ വിശ്വസ്ത കാവൽക്കാൻ പിന്നീട്  2 ഉജ്വല സേവുകൾ കൂടി നടത്തി.

English Summary : Canada lost to Belgium after spirited performance in FIFA World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com