ദോഹ∙ ഖത്തർ ലോകകപ്പിൽ വീണ്ടും എഷ്യൻ ടീമുകളുടെ പടയോട്ടം തുടരുന്നു. സൗദി അറേബ്യയ്ക്കും ജപ്പാനും പിന്നാലെ വിജയമധുരം നുകർന്ന് ഇറാൻ. വീഴ്ത്തിയത് കരുത്തരായ വെയ്‌ൽസിനെ(2–0). ഇൻജറി ടൈമിൽ റൂസ്ബെ ചെഷ്മി, റമീൻ റസായേൻ എന്നിവരാണ് ഗോൾ നേടിയത്. വെയ്‌ൽസിന്റെ ഗോളി ഹെൻസെ ചുവപ്പുകാർഡ് കണ്ട് പുറത്തായത് മത്സരത്തിലെ വഴിത്തിരിവായി. യുഎസ്എയുമായുള്ള സമനിലയ്ക്കു പിന്നാലെ തോൽവി വഴങ്ങിയതോടെ വെയ്ൽസിന്റെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചപ്പോൾ ഇറാൻ പ്രതീക്ഷ നിലനിർത്തി.
ഇൻജറി ടൈമിന്റെ എട്ട്, പതിനൊന്നു മിനിറ്റുകളിലായിരുന്നു ഇറാന്റെ ഗോളുകൾ. ഇറാന്റെ മുന്നേറ്റതാരം തരേമിയെ ബോക്‌സിനു പുറത്തേക്ക് ഓടിയിറങ്ങി മുട്ടുകൊണ്ട് മുഖത്തടിച്ചു വീഴ്ത്തിയതിനാണു വെയ്ൽസ് ഗോളിക്കു ചുവപ്പുകാർഡ്. പത്തുപേരായി ചുരുങ്ങിപ്പോയ വെയ്‌ൽസിന് ഇറാന്റെ ചടുലമായ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.
മികച്ച മുന്നേറ്റങ്ങളുമായി തുടക്കംമുതൽ ഇറാൻ കളം നിറഞ്ഞതോടെ വെയ്‌ൽസ് ആദ്യ പകുതിയിൽ തന്നെ സമ്മർദത്തിലായി. 15–ാം മിനിറ്റിൽ തന്നെ ഇറാൻ വെയ്‌ൽസിന്റെ വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്‌സൈഡാണെന്നു തെളിഞ്ഞതോടെ ഗോൾ അനുവദിച്ചില്ല. വെയ്‌ൽസിന്റെ പ്രതിരോധതാരം ജോ റോഡോണിനു മഞ്ഞകാർഡ് ലഭിച്ചതും അവരെ പ്രതിരോധത്തിലാക്കി.

കഴിഞ്ഞ ദിവസം യുഎസ്എയെ സമനിലയിൽ കുരുക്കിയ കളിയുടെ തുടർച്ചയാണ് വെയ്‌ൽസ് ഇന്നും കെട്ടഴിച്ചത്. 3-4-3–1 ശൈലിയിലാണ് ഇന്ന് വെയ്‌ൽസ് കളത്തിലിറങ്ങിയെങ്കിൽ 4–3–3–1 എന്ന ശൈലിയാണ് ഇറാൻ അവലംബിച്ചത്. തുടക്കം മുതൽ വെയ്‌ൽസ് സൂപ്പർ താരം ഗാരെത് ബെയ്‌ലിനെ പൂട്ടാനായിരുന്നു ഇറാന്റെ ശ്രമം. പ്രീക്വാർട്ടർ സാധ്യത നിലനിർത്തണമെങ്കിൽ വെയ്‌സിനു ജയം അനിവാര്യമായിരുന്നു.

ഏഷ്യൻ ശക്തികളാണെങ്കിലും ലോകകപ്പിൽ ഇതുവരെ ആദ്യറൗണ്ട് കടന്നിട്ടില്ലെന്ന നാണക്കേട് ഇത്തവണയെങ്കിലും മറികടക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇറാൻ ഖത്തർ ലോകകപ്പിന് എത്തിയത്. ഫിഫ റാങ്കിങ്ങിൽ ഇറാന് തൊട്ടുമുൻപിൽ പത്തൊൻപതാം സ്ഥാനത്തുള്ള വെയ്‌സ്, 1958 ലെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതാണ് ഇതുവരെയുള്ള മികച്ച പ്രകടനം.

സൂപ്പർതാരം ഗാരെത് ബെയ്‌ലിന്റെ ചിറകിലേറിയാണ് വെയ്‌ൽസിന്റെ ലോകകപ്പ് പ്രവേശനം. ലോകകപ്പ് ക്വാളിഫയർ പ്ലേ ഓഫ് കളിച്ചാണ് യോഗ്യത നേടിയത്. ഇരു മത്സരങ്ങളിലും നേടിയ 3 ഗോളും ബെയ്‌ലിന്റെ വകയായിരുന്നു. അതിനാൽ തന്നെ വെയ്‌ൽസിനെ തോൽപിക്കാൻ ഗാരെത് ബെയ്‌ലിനെ പൂട്ടണമെന്ന സ്ട്രാറ്റജിയാണ് ഇറാൻ പുറത്തെടുത്തതും.
English Summary: Qatar 2022 World Cup- Wales - Iran Updates