ADVERTISEMENT

ഖത്തർ ലോകകപ്പിലെ അട്ടിമറികളിൽ തനിക്ക് അദ്ഭുതമില്ലെന്ന് മുൻ പോർച്ചുഗൽ താരം ലൂയിസ് ഫിഗോ. എല്ലാ ടീമുകളും ഒരു മത്സരം വീതം പൂർത്തിയാക്കിയപ്പോൾ ബ്രസീലാണ് തന്നെ ഏറ്റവും ആകർഷിച്ചതെന്നും ഫിഗോയുടെ വാക്കുകൾ. പോർച്ചുഗലിനു വേണ്ടി 2 ലോകകപ്പുകളും 3 യൂറോ കപ്പുകളും ഉൾപ്പെടെ 127 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ ഫിഗോ സ്പോർട്സ് 18 ചാനലിന്റെ ലോകകപ്പ് കമന്ററി ടീമിന്റെ ഭാഗമാണിപ്പോൾ. ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങളെക്കുറിച്ച് ഇമെയിൽ അഭിമുഖത്തിൽ ഫിഗോ മനസ്സു തുറക്കുന്നു. 

? ആദ്യ റൗണ്ടിൽ ഏറ്റവും അദ്ഭുതപ്പെടുത്തിയ മത്സരഫലം

സൗദി അറേബ്യ അർജന്റീനയെ തോൽപിച്ചതാണ് പ്രതീക്ഷിക്കുന്ന ഉത്തരമെന്നറിയാം. പക്ഷേ, ആ മത്സരഫലം എന്നെ അദ്ഭുതപ്പെടുത്തുന്നില്ല. കടലാസിൽ അതൊരു വലിയ അട്ടിമറിയാണെങ്കിലും കളിയിൽ അങ്ങനെയായിരുന്നില്ല. പ്രത്യേകിച്ചും രണ്ടാം പകുതിയിൽ. സൗദി വളരെ നന്നായി കളിച്ചു. ആദ്യ പകുതിയിൽ തന്നെ അർജന്റീന  കളി തീർക്കണമായിരുന്നു. അവർക്കതിനു സാധിച്ചില്ല. 

? ജപ്പാൻ ജർമനിയെ തോൽപിച്ചതോ? 

ജപ്പാന് കുറച്ചു കൂടി ഭാഗ്യമുണ്ടായെന്നു പറയാം. ജർമനി അർജന്റീനയെപ്പോലെയായിരുന്നില്ല. നന്നായി കളിച്ചു. പക്ഷേ, അവർക്കും ഗോളടിച്ച് കളി ഫിനിഷ് ചെയ്യാനുള്ള കില്ലർ സ്വഭാവം ഉണ്ടായില്ല. 

? ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും ആകർഷിച്ച ടീം

തീർച്ചയായും ബ്രസീൽ. സെർബിയയ്ക്കെതിരെ രണ്ടാം പകുതിയിൽ അവർ കാഴ്ച വച്ചത് ‘പെർഫെക്ട്’ കളി ആയിരുന്നു. മികച്ച ടീം ഗെയിം. ഒപ്പം വ്യക്തിഗത മികവുള്ള ഒരു ഗോളും. ബ്രസീൽ കപ്പ് നേടും എന്നുവരെ എനിക്കു തോന്നുന്നു. 

? ടീമുകളുടെ കളിശൈലിയിൽ പ്രകടമായ മാറ്റം എന്തെങ്കിലും

ഇല്ല. ഇപ്പോൾ ഒന്നും പറയാറായിട്ടില്ല. എല്ലാവരും പരീക്ഷിച്ചു തെളിഞ്ഞ ഫോർമേഷനുകളിൽ തന്നെ കളിക്കുന്നു. 

? പോർച്ചുഗൽ ഘാനയെ തോൽപിച്ചത്  രക്ഷപ്പെടലായിരുന്നോ

ആദ്യ മത്സരം ജയിക്കുക എന്നത് വളരെ പ്രധാനമാണ്. അതു പോർച്ചുഗൽ നേടി. ഘാന വലിയ കടുപ്പമുള്ള ടീമൊന്നുമല്ല. അതു കൊണ്ടു തന്നെ പോർച്ചുഗൽ ഇനിയും മെച്ചപ്പെടാനുണ്ട്. 

?  ക്രിസ്റ്റ്യാനോ റൊണാൾഡോ 5 ലോകകപ്പുകളിൽ ഗോൾ നേടിയ ആദ്യ താരമായിരിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് ക്ലബ് വിട്ടത് ക്രിസ്റ്റ്യാനോയെ കൂടുതൽ ഫ്രീ ആക്കിയോ

അതെല്ലാം ലോകകപ്പിനു പുറത്തുള്ള കാര്യമാണ്. ലോകകപ്പ് തീർത്തും വ്യത്യസ്തമായ ടൂർണമെന്റാണ്. 7 മത്സരങ്ങൾ ജയിച്ചാൽ ചാംപ്യന്മ‍ാരാകാമെങ്കിലും അതൊരു ദൈർഘ്യമേറിയ യാത്രയാണ്. ദേശീയ ജഴ്സിയിൽ കളിക്കുന്നത് മറ്റൊരു വികാരവും. ക്രിസ്റ്റ്യാനോ ആ വികാരമുള്ള കളിക്കാരനാണ്. 

? ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും അവസാന ലോകകപ്പാണിത്. ഇരുവരും ഒരു ലോകകിരീടമില്ലാതെ വിരമിച്ചാൽ ഇതിഹാസതാരങ്ങൾക്കിടയിൽ എവിടെയാകും അവരുടെ സ്ഥാനം

ലോകകപ്പ് ജയിച്ചാൽ തീർച്ചയായും കരിയറിലെ വലിയൊരു നേട്ടമാണിത്. ജീവിതത്തിലെ മനോഹരമായ ഓർമയും. പക്ഷേ അതു സാധിച്ചില്ലെങ്കിലും ക്രിസ്റ്റ്യാനോയും മെസ്സിയും ഒന്നര പതിറ്റാണ്ടായി ഫുട്ബോളിൽ കൈവരിച്ച നേട്ടങ്ങൾ നമുക്കു വിസ്മരിക്കാനാകില്ല.

English Summary : Former Portugal player Luis Figo says he is not surprised by Upsets at FIFA World Cup 2022

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com