ADVERTISEMENT

റാസ് അബു അബൈദ് (ദോഹ) ∙ ഫ്രാൻസ് ടീമിനെയല്ല, അന്റോയ്ൻ ഗ്രീസ്മാനെയും കിലിയൻ എംബപെയും പേടിക്കണം! എംബപെ – ഗ്രീസ്മാൻ സഖ്യം ഇന്നലെ ഡെന്മാർക്കിനെതിരായ കളിയിൽ സൃഷ്ടിച്ച അവസരങ്ങളും നേടിയ ഗോളുകളും ഏതൊരു ടീമിന്റെയും ഉറക്കം കളയും! ഡെന്മാർക്കിനെ 2–1നു തോൽപിച്ച, നിലവിലെ ചാംപ്യന്മാർ കൂടിയായ ഫ്രാൻസ് ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി.  ഗ്രൂപ്പ് ഡിയിൽ 2 വിജയങ്ങളോടെ ഫ്രാൻസിന് 6 പോയിന്റായി. കിലിയൻ എംബപെ ഫ്രാൻസിന്റെ 2 ഗോളുകളും നേടി. ഡെന്മാർക്കിന്റെ ആശ്വാസഗോൾ ഡിഫൻഡർ ആന്ദ്രേസ് ക്രിസ്റ്റൻസൺ വക.  

മധ്യനിരയിലേക്ക് ഇറങ്ങി പന്തു സ്വീകരിച്ച് ഫ്രാൻസിന്റെ മുന്നേറ്റനിരയ്ക്കു മുടക്കം വരാതെ നൽകിക്കൊണ്ടിരുന്ന അന്റോയ്ൻ ഗ്രീസ്മാനാണ് ഇന്നലെ കളിയിൽ നിറഞ്ഞുനിന്നത്. ഒരു സ്ട്രൈക്കർക്കു ചേർന്ന മികവോടെ മുന്നിൽ ലഭിച്ച അർധാവസരങ്ങൾ രണ്ടും ഗോളിലേക്കു ചെത്തിവിട്ട് എംബപെ ആ മികവിനു പൂർണത നൽകി. 61–ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ പന്തുമായി ഒറ്റയ്ക്കു മുന്നേറിയ എംബപെ പന്ത് തിയോ ഹെർണാണ്ടസിനു മറിച്ചു നൽകിയതിനു ശേഷം ബോക്സിലേക്ക് ഓടിക്കയറി. പന്തു പിടിച്ച തിയോ വീണ്ടും എംബപെയ്ക്കു നൽകി. പിഎസ്ജി താരത്തിന്റെ കിടിലൻ ഷോട്ട് വലയിൽ (1–0). അന്റോയ്ൻ ഗ്രീസ്മാൻ ഒരുക്കി നൽകിയ പന്തിലാണ് എംബപെയുടെ രണ്ടാം ഗോൾ. 

9

ഈ ലോകകപ്പിൽ ഇതുവരെ ഫ്രഞ്ച് താരം അന്റോയ്ൻ ഗ്രീസ്മാൻ സൃഷ്ടിച്ച ഗോളവസരങ്ങൾ 9. 2 മത്സരങ്ങളിൽനിന്ന് ഒരു ഫ്രഞ്ച് താരം സൃഷ്ടിക്കുന്ന ഗോളവസരങ്ങളുടെ എണ്ണത്തിൽ 1998ലെ ഫ്രാൻസിന്റെ ലോകകപ്പ് ഹീറോ സിനദിൻ സിദാന്റെ നേട്ടത്തിന് ഒപ്പമെത്തി. 

English Summary : FIFA World Cup 2022 France beat Denmark 2-1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com