ADVERTISEMENT

തുല്യശക്തികളുടെ ചതുരംഗപ്പോരാട്ടം. തന്ത്രത്തിനു മറുതന്ത്രം, ടിക്കി ടാക്കയ്ക്കു മറുപടി കട്ടപ്രതിരോധം, ടാക്കിളിനു തിരികെ ടാക്കിൾ. ഷോട്ടിനു ബദൽ ഷോട്ട്... ഒടുവിൽ ഗോളിനു മറുപടി ഗോളും! അൽ ബൈത്ത് സ്റ്റേഡിയത്തിൽ അരങ്ങേറിയ ക്ലാസിക് പോരാട്ടത്തിൽ ജർമനിയും സ്പെയിനും ഓരോ ഗോൾ വീതം നേടി കൈ കൊടുത്തു പിരിഞ്ഞു. ഇരു ടീമിനും വേണ്ടി സ്കോർ ചെയ്തതു പകരക്കാരാണ്. സ്പെയിനു വേണ്ടി 62–ാം മിനിറ്റിൽ അൽവാരോ മൊറാട്ടയും ജർമനിക്കായി 83–ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രൂഗും ഗോൾ നേടി. ഗ്രൂപ്പ് ഇയിൽ 4 പോയിന്റുമായി സ്പെയിൻ ഒന്നാമതാണ്.

3 പോയിന്റ് വീതമുള്ള ജപ്പാനും കോസ്റ്ററിക്കയും അടുത്ത സ്ഥാനങ്ങളിലുണ്ട്. ഒരു പോയിന്റ് മാത്രമുള്ള ജർമനി അവസാന സ്ഥാനത്താണ്.ഇടവേളയ്ക്കു പിന്നാലെ സ്ട്രൈക്കർ ഫെറാൻ ടോറസിനെ പിൻവലിച്ച് അൽവരോ മൊറാട്ടയെ ഇറക്കാനുള്ള കോച്ച് ലൂയിസ് എൻറിക്വെയുടെ തീരുമാനമാണ് സ്പെയിനിന്റെ ഗോളിലേക്കു വഴിതുറന്നത്. മൈതാനമധ്യത്തുനിന്ന് ക്യാപ്റ്റൻ സെർജിയോ ബുസ്കറ്റ്സ് തുടങ്ങിയ നീക്കത്തിനൊടുവിൽ ഇടതു വിങ്ങിൽനിന്ന് ജോർഡി ആൽബയുടെ അസിസ്റ്റ് സ്വീകരിച്ച് മുന്നേറിയ മൊറാട്ടയുടെ വലംകാൽ ഷോട്ട് ജർമൻ ഗോളി മാനുവൽ നോയറെയും മറികടന്ന് വലയിൽ(1–0).

ലോകകപ്പിൽ ജർമനിയും സ്പെയിനും തമ്മിലുള്ള മത്സരത്തിൽ നിന്ന്. ചിത്രം∙ നിഖിൽരാജ്, മനോരമ
ലോകകപ്പിൽ ജർമനിയും സ്പെയിനും തമ്മിലുള്ള മത്സരത്തിൽ നിന്ന്. ചിത്രം∙ നിഖിൽരാജ്, മനോരമ

ഗോൾ വഴങ്ങിയതിനു ശേഷം സർവശക്തിയും സമാഹരിച്ച് ജർമനി തിരിച്ചടിക്കാൻ തുടങ്ങിയതോടെ മത്സരം ആവേശകരമായി. അവർ തുടരെ അവസരങ്ങൾ സൃഷ്ടിക്കുന്നതിനിനു പിന്നിൽ പ്രവർത്തിച്ച എൻജിൻ യുവതാരം ജമാൽ മുസിയാള ആയിരുന്നു. 83–ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രൂഗിന്റെ ഗോളിന് അസിസ്റ്റ് ഒരുക്കിയതും മുസിയാള തന്നെ. ബോക്സിന്റെ മധ്യത്തിൽ ലഭിച്ച പന്ത് സ്വീകരിച്ച ഫുൾക്രൂഗിന്റെ വലംകാൽ ഷോട്ട് ഗോളായതോടെ ജർമൻ നിരയ്ക്ക് ആശ്വാസമായി(1–1). 60–ാം മിനിറ്റിൽ ഗോൾകീപ്പർ ഉനായ് സിമോണിന്റെ പിഴവിൽനിന്ന് സ്പെയിൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

ലോകകപ്പിൽ ജർമനിയും സ്പെയിനും തമ്മിലുള്ള മത്സരത്തിൽ നിന്ന്. ചിത്രം∙ നിഖിൽരാജ്, മനോരമ
ലോകകപ്പിൽ ജർമനിയും സ്പെയിനും തമ്മിലുള്ള മത്സരത്തിൽ നിന്ന്. ചിത്രം∙ നിഖിൽരാജ്, മനോരമ

ഗോളിയുടെ മിസ്പാസ് കിട്ടിയ ജർമൻ മിഡ്ഫീൽഡർ ജോഷ്വ കിമ്മിച്ചിന്റെ ഷോട്ട് സിമോൺ തന്നെ തട്ടിയകറ്റി. ആദ്യപകുതിയിൽ സിമോണിന്റെ സമാന പിഴവിനെത്തുടർന്നു കിട്ടിയ അവസരം സെർജ് ഗനാബ്രിയും പാഴാക്കി. തിടുക്കപ്പെടാതെ, ടിക്കി ടാക്കയുടെ ട്രിക്കുകളുമായി തുടങ്ങിയ സ്പെയിൻ മത്സരാരംഭം മുതൽ പന്തവകാശത്തിൽ മേധാവിത്തം പുലർത്തി. കുറിയ പാസുകളിലൂടെ ജർമൻ ഗോൾമുഖത്ത് റോന്തുചുറ്റിയ അവർ ഏഴാം മിനിറ്റിൽത്തന്നെ മുന്നിലെത്തേണ്ടതായിരുന്നു. ബോക്സിനു പുറത്തുവച്ച് സ്ട്രൈക്കർ ഡാനി ഒൽമോ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പർ മാനുവൽ നോയറുടെ കയ്യിലുരഞ്ഞ് പോസ്റ്റിൽ തട്ടിത്തെറിച്ചു.

ലോകകപ്പിൽ ജർമനിയും സ്പെയിനും തമ്മിലുള്ള മത്സരത്തിൽ നിന്ന്. മത്സരം സമനിലയിൽ അവസാനിച്ചു. ചിത്രം∙ നിഖിൽരാജ്. മനോരമ
ലോകകപ്പിൽ ജർമനിയും സ്പെയിനും തമ്മിലുള്ള മത്സരത്തിൽ നിന്ന്. മത്സരം സമനിലയിൽ അവസാനിച്ചു. ചിത്രം∙ നിഖിൽരാജ്. മനോരമ

എല്ലാ ദിശയിൽനിന്നും സ്പാനിഷ് മുന്നേറ്റങ്ങൾ വന്നതോടെ ജർമൻ പ്രതിരോധനിരയ്ക്കു പിടിപ്പതു ജോലിയായിരുന്നു. 40–ാം മിനിറ്റിൽ ഫ്രീകിക്കിനെത്തുടർന്ന് അന്റോണിയോ റൂഡിഗറിന്റെ ഹെഡർ സ്പാനിഷ് ഗോൾവല കുലുക്കിയെങ്കിലും വിഎആർ പരിശോധനയിൽ ഓഫ്സൈഡ് ആയി. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ ജോഷ്വ കിമ്മിച്ചിന്റെ ഫ്രീകിക്കിൽ റൂഡിഗർ ഉയർത്തിയ ഭീഷണി സ്പാനിഷ് ഗോളി സിമോൺ ചെറുത്തു. ക്ലാസിക് പോരാട്ടത്തിന്റെ ചന്തമുണ്ടായിരുന്നുവെങ്കിലും ഏറെ സമയം മത്സരം മൈതാനമധ്യത്തു കുടുങ്ങിപ്പോയി. ശക്തമായ പോരാട്ടം നടത്തിയെങ്കിലും ഇരുടീമിനും ഓരോ ഗോൾഷോട്ട് വീതമേ ഇടവേളയ്ക്കു മുൻപ് അവകാശപ്പെടാനുണ്ടായിരുന്നുള്ളൂ.

ആദ്യപകുതിയിൽ ജർമനിക്കായി ജമാൽ മുസിയാള, തോമസ് മുള്ളർ, സെർജ് ഗനാബ്രി എന്നിവരെ കോച്ച് ഹാൻസി ഫ്ലിക്ക് മുൻനിരയിൽ അണിനിരത്തി. മധ്യനിരയിൽ ലിയോൺ ഗോരെറ്റ്സ്ക, ജോഷ്വ കിമ്മിച്ച്, ഇൽകെ ഗുണ്ടോവാൻ എന്നിവർ. സ്പെയിനായി മാർക്കോ അസ്സൻസിയോ, ഡാനി ഓൽമോ, ഫെറാൻ ടോറസ് എന്നിവർ സ്ട്രൈക്കർമാരായപ്പോൾ പെഡ്രി, സെർജിയോ ബുസ്കറ്റ്സ്, ഗാവി എന്നിവർ മിഡ്ഫീ‍ൽഡിനെ പ്രതിഭാസമ്പന്നമാക്കി. സ്പെയിനിന്റെ ആദ്യ ഇലവനിൽ ബാർസിലോനയുടെ 5 താരങ്ങളും ജർമൻ ടീമിൽ ബയൺ മ്യൂണിക്കിന്റെ 7 താരങ്ങളും ഇറങ്ങി.

ലോകകപ്പിൽ ജർമനിയും സ്പെയിനും തമ്മിലുള്ള മത്സരത്തിൽ ജർമനി ഗോൾ നേടുന്നു. ചിത്രം∙ നിഖിൽരാജ്, മനോരമ
ലോകകപ്പിൽ ജർമനിയും സ്പെയിനും തമ്മിലുള്ള മത്സരത്തിൽ ജർമനി ഗോൾ നേടുന്നു. ചിത്രം∙ നിഖിൽരാജ്, മനോരമ

Turning Point 

70–ാം മിനിറ്റിൽ തോമസ് മുള്ളറിനെ പിൻവലിച്ച് നിക്ലാസ് ഫുൾക്രൂഗിനെയും ഇൽകെ ഗുണ്ടോവാനു പകരം ലിറോയ് സനെയെയും ഇറക്കിയതാണ് കളിയുടെ ഗതി മാറ്റിയത്. മുന ഒടിഞ്ഞിരുന്ന ജർമൻ കൗണ്ടർ അറ്റാക്കുകൾ കൂടുതൽ വേഗത്തിലായത് ഇവരുടെ വരവോടെയാണ്. സ്പെയിൻ പ്രതിരോധത്തിലേക്ക് ഇറങ്ങിയപ്പോൾ കൂടുതൽ ജർമൻ ആക്രമണങ്ങൾ പിറന്നു. വലതു വിങ്ങിൽ ജോർഡി ആൽബയെ വെട്ടിച്ച് ലിറോയ് സനെ കുതിപ്പ് തുടർന്നപ്പോൾ ആൽബയെ 80–ാം മിനിറ്റിൽ പിൻവലിക്കേണ്ടി വന്നു. തുടരാക്രമണങ്ങൾക്കു ഫലമായി 82–ാം മിനിറ്റിൽ ഫുൾക്രൂഗിന്റെ ഗോൾ പിറന്നു.

Star of the Day : ജമാൽ മുസിയാള

മിഡ്ഫീൽഡർ
ക്ലബ്: ബയൺ മ്യൂണിക് (ജർമനി)
പ്രായം: 19

ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ ഭാവിയാണ് ജമാൽ മുസിയാള. വിങ്ങിലൂടെയുള്ള ആക്രമണത്തിനൊപ്പം ബോക്സിനകത്തേക്കും കുതിച്ചു കയറാൻ കഴിവുള്ള താരം. അറ്റാക്കിങ് മിഡ്ഫീൽഡറായും ഡിഫൻസീവ് മിഡ്ഫീൽഡറായും ഒരു കളിയിൽ തന്നെ ഉപയോഗിക്കാം. മുസിയാളയുടെ ഈ കഴിവുകൾ തന്നെയാണ് ജർമൻ പരിശീലകൻ ഹാൻസി ഫ്ലിക്ക് ഇന്നലെ പുറത്തെടുത്തത്. ആക്രമണത്തിനൊപ്പം പ്രതിരോധ നിരയിലുമെത്തിയ താരം കൃത്യമായ ഇടവേളകളിൽ വിങ്ങുമാറി കളിച്ചു. സ്പെയിനിന്റെ ആക്രമണം മധ്യനിരയിൽ വച്ചു തന്നെ തടയാനും താരത്തിനായി. ഇടതുവിങ്ങിൽ കളിച്ച മുസിയാള ജർമനിയുടെ ഗോളിന് വഴിയൊരുക്കിയത് വലതു വിങ്ങിലെ കളിയിലൂടെയാണ്.

musiala

ജർമനിയുടെ സാധ്യത ?

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജർമനി കോസ്റ്ററിക്കയെ തോൽപിക്കണം. ഒപ്പം, സ്പെയിൻ – ജപ്പാൻ മത്സരത്തിൽ സ്പെയിൻ ജയിച്ചാൽ ജർമനിക്കു പ്രീക്വാർട്ടറിലെത്താം. സ്പെയിൻ – ജപ്പാൻ മത്സരം സമനിലയായാൽ, ജപ്പാനും ജർമനിയും തുല്യപോയിന്റാകും. ജപ്പാനെക്കാൾ മികച്ച ഗോൾവ്യത്യാസമുണ്ടെങ്കിൽ ജർമനിക്കു മുന്നേറാം.

സ്പെയിൻ ?

ജപ്പാനെതിരെ ജയിച്ചാൽ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിലെത്താം. ജപ്പാനോടു സമനില വഴങ്ങിയാലും സ്പെയിനു മുന്നേറാം.

English Summary : FIFA World Cup 2022 Spain vs Germany match ended in Draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com