ADVERTISEMENT

ദോഹ ∙ ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കാൻ സമനില മാത്രം മതിയായിരുന്ന ഇക്വഡോറിന്റെ ‘സമനില തെറ്റിച്ച്’ തകർപ്പൻ വിജയത്തോടെ ആഫ്രിക്കൻ കരുത്തരായ സെനഗൽ പ്രീക്വാർട്ടറിൽ. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെനഗലിന്റെ ജയം. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിനൊടുവിലാണ് സെനഗൽ പ്രീക്വാർട്ടർ ഉറപ്പിച്ചത്. സെനഗലിനായി ഇസ്മയില സാർ (44, പെനൽറ്റി), കാലിഡു കൂളിബാലി (70) എന്നിവർ ലക്ഷ്യം കണ്ടു. ഇക്വഡോറിന്റെ ഗോൾ മോയ്സസ് കയ്സെഡോ (67) നേടി. 2002നുശേഷം ഇതാദ്യമായാണ് സെനഗൽ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കുന്നത്.

ഇക്വഡോർ സമനിലഗോൾ കണ്ടെത്തി വെറും മൂന്നു മിനിറ്റിനുള്ളിലാണ് സെനഗൽ ലീഡ് തിരിച്ചുപിടിച്ചത്. ഈ വിജയത്തോടെ, രാജ്യാന്തര വേദിയിൽ ഇതുവരെ മുഖാമുഖമെത്തിയ മൂന്നു മത്സരത്തിലും ഇക്വഡോറിനെതിരെ വിജയം നേടാൻ സെനഗലിനായി. ഖത്തർ ലോകകപ്പിൽ തോറ്റ ഒരേയൊരു മത്സരം ഇക്വഡോറിനു പുറത്തേക്കുള്ള വാതിലും തുറന്നു. ഗ്രൂപ്പ് ബിയിലെ ചാംപ്യൻമാരുമായി ഡിസംബർ നാലിനാണ് സെനഗലിന്റെ പ്രീക്വാർട്ടർ പോരാട്ടം.

ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ തോൽപ്പിച്ച് നെതർലൻഡ്സ് ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനത്തോടെ പ്രീക്വാർട്ടറിൽ കടന്നു. നെതർലൻഡ്സിന് രണ്ടു ജയവും ഒരു സമനിലയും സഹിതം ഏഴു പോയിന്റുണ്ട്. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനോടു തോറ്റെങ്കിലും, പിന്നീട് ഖത്തറിനെയും ഇപ്പോൾ ഇക്വഡോറിനെയും തോൽപ്പിച്ച് സെനഗൽ രണ്ടാം സ്ഥാനത്തോടെയാണ് പ്രീക്വാർട്ടറിൽ കടന്നത്.

∙ ഗോളുകൾ വന്ന വഴി

സെനഗൽ ആദ്യ ഗോൾ: ആദ്യ മിനിറ്റു മുതൽ ആക്രമിച്ചു കളിച്ച സെനഗലിന്, 44–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഇസ്മയില സാറാണ് ലീഡ് സമ്മാനിച്ചത്. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഇക്വഡോർ ബോക്സിൽ കടന്ന ഇസ്മയില സാറിനെ പിയറോ ഹിൻകാപി വീഴ്ത്തിയതിനാണ് റഫറി സെനഗലിന് പെനൽറ്റി അനുവദിച്ചത്. ഇക്വഡോർ താരങ്ങളുടെ പ്രതിഷേധത്തിനിടെ കിക്കെടുത്ത ഇസ്മയില സാർ അനായാസം ലക്ഷ്യം കണ്ടു. ലോകകപ്പിൽ ഇസ്മയില സാറിന്റെ ആദ്യ ഗോൾ.

ഇക്വഡോർ സമനില ഗോൾ: രണ്ടാം പകുതിയിൽ താരതമ്യേന മികച്ച പ്രകടനം പുറത്തെടുത്ത ഇക്വഡോർ 67–ാം മിനിറ്റിലാണ് തിരിച്ചടിച്ചത്. ഇത്തവണ ഗോളിനു വഴിയൊരുക്കിയത് ഇക്വഡോറിനു ലഭിച്ച ഒരു കോർണർ കിക്ക്. കോർണറിൽനിന്ന് ഗോൺസാലോ പ്ലേറ്റ ഉയർത്തിവിട്ട പന്ത് ഉയർന്നു ചാടിയ ഫെലിക്സ് ടോറസ് തലകൊണ്ടു ചെത്തിയിട്ടു. ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന കയ്സെഡോ കാൽപ്പാകത്തിനു ലഭിച്ച പന്ത് അനായാസം വലയിലേക്ക് തട്ടിയിട്ടു. സ്കോർ 1–1.

സെനഗൽ രണ്ടാം ഗോൾ: ഇക്വഡോറിന്റെ സമനില ഗോളിന്റെ ആഹ്ലാദത്തിന് ആയുസ് മൂന്നു മിനിറ്റു മാത്രം. 70–ാം മിനിറ്റിൽ സെനഗലിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ വീണ്ടും ചിത്രം മാറി. ബോക്സിനു പുറത്തുനിന്ന് ഇദ്രിസ ഗുയെ ഉയർത്തിവിട്ട പന്ത് ഫെലിക്സ് ടോറസിന്റെ തോളിൽത്തട്ടി പോസ്റ്റിൽ വലതുമൂലയിൽ കാലിഡു കൂളിബാലിയിലേക്ക്. കൂളിബാലിയുടെ തകർപ്പൻ ഷോട്ട് ഇക്വഡോർ ഗോൾകീപ്പർ ഗലീൻഡസിനെ മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക്. സ്കോർ 2–1.

∙ ആക്രമിച്ചു കളിച്ച് സെനഗൽ

കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് ഇക്വഡോർ പരിശീലകൻ ടീമിനെ കളത്തിലിറക്കിയത്. നെതർലൻഡ്സിനെതിരെ പരുക്കേറ്റ് പുറത്തുപോയ ക്യാപ്റ്റൻ എന്നർ വലൻസിയ ഇന്നു കളിച്ചു. ഖത്തറിനെ തോൽപ്പിച്ച സെനഗൽ ടീമിൽ മൂന്നു മാറ്റങ്ങളാണുണ്ടായിരുന്നത്. രണ്ടു ടീമുകൾക്കും പ്രീക്വാർട്ടർ സാധ്യതയുണ്ട് എന്നതാണ് മത്സരത്തെ ആവേശഭരിതമാക്കിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ഇക്വഡോർ ഗോൾമുഖം വിറപ്പിക്കുന്ന പ്രകടനമായിരുന്നു സെനഗലിന്റേത്. പ്രീക്വാർട്ടറിൽ ഇടംപിടിക്കാൻ വിജയം അനിവാര്യമാണെന്ന തിരിച്ചറിവിൽ അവർ ഇടതടവില്ലാതെ ആക്രമിച്ചു കളിച്ചു. ആദ്യ 10 മിനിറ്റിൽത്തന്നെ രണ്ട് സുവർണാവസരങ്ങളാണ് ഇക്വഡോറിന് കിട്ടിയത്. മൂന്നാം മിനിറ്റിൽ ലഭിച്ച അവസരം ഇദ്രിസ ഗുയെയും 9–ാം മിനിറ്റിൽ ലഭിച്ച നല്ലൊരു അവസരം ബൗലായേ ദിയയും പാഴാക്കി. 24–ാം മിനിറ്റിൽ സ്വയം സൃഷ്ടിച്ചെടുത്തൊരു സുവർണാവസരം ഇസ്മയില സാറും പുറത്തേക്കടിച്ചു കളഞ്ഞു.

രണ്ടാം പകുതിയിൽ താരതമ്യേന മെച്ചപ്പെട്ട പ്രകടനമായിരുന്നു ഇക്വഡോറിന്റേത്. സമനില പോലും പ്രീക്വാർട്ടറിൽ ഇടം നൽകുമെന്ന ബോധ്യത്തിൽ ആക്രമിച്ചു കളിച്ച ഇക്വഡോർ സമനില ഗോൾ നേടുകയും ചെയ്തു. എന്നാൽ, മൂന്നു മിനിറ്റിനുള്ളിൽ തിരിച്ചടിച്ച സെനഗൽ ലീഡ് തിരിച്ചുപിടിച്ചെന്നു മാത്രമല്ല, വിജയവും പ്രീക്വാർട്ടർ ബർത്തും സ്വന്തമാക്കി.

English Summary: FIFA World Cup 2022, Ecuador vs Senegal Match Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com