അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന സ്പെയിൻ-ജർമനി മത്സരം പിരിഞ്ഞത് 1-1 സമനിലയിൽ. സ്പെയിനു വേണ്ടി ഗോളടിച്ചത് അൽവാരോ മൊറാട്ട. ജർമനിക്കു വേണ്ടി തിരിച്ചടിച്ചത് നിക്ലാസ് ഫുൾക്രൂഗ്. എന്നാൽ ഈ മത്സരം ലോകഫുട്ബോളിനു കാഴ്ച വച്ചത് ഭാവിയിൽ ലോക ഫുട്ബോൾ അടക്കി ഭരിക്കാൻ പ്രതിഭയുള്ള മൂന്നു കൗമാരതാരങ്ങളെയാണ്. ജർമൻ മധ്യനിരയിലും മുന്നേറ്റത്തിലും തിളങ്ങിയ പത്തൊൻപതുകാരൻ ജമാൽ മുസിയാള. സ്പാനിഷ് മധ്യനിരയിൽ കളി നിയന്ത്രിച്ച പെദ്രിയും ഗാവിയും.
പെദ്രി, വയസ്സ്: 20, പൊസിഷൻ: സെൻട്രൽ മിഡ്ഫീൽഡർ, ക്ലബ്: ബാർസിലോന, ഉയരം: 1.74 മീറ്റർ, ഭാരം: 60 കിലോഗ്രാം
സ്പെയിനിലെ കാനറി ദ്വീപുകളുടെ ഭാഗമായുള്ള ടെനറിഫിൽ ജനിച്ച പെദ്രി, ലാസ് പൽമാസ് യൂത്ത് അക്കാദമിയിലാണ് കളിച്ചു തുടങ്ങിയത്. 2020ൽ ബാർസിലോനയിലെത്തിയ ശേഷം പ്ലേയിങ് ഇലവനിലെ പതിവുകാരൻ. ഒട്ടും വൈകാതെ സ്പെയിൻ ദേശീയ ടീമിലുമെത്തി. കഴിഞ്ഞ യൂറോ കപ്പിൽ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു. പെദ്രിയുടെ കാലിൽ പന്തു കിട്ടിയാൽ അതു നഷ്ടപ്പെടുമെന്ന പേടി സ്പെയിനില്ല.
മികച്ച പാസിങ് കൃത്യത. മിഡ്ഫീൽഡ് ശാന്തമായി നിയന്ത്രിക്കാനുള്ള പക്വത. ബാർസ കോച്ച് ചാവിയും സ്പെയിൻ കോച്ച് എൻറിക്വെയും പെദ്രിയോടു മെച്ചപ്പെടുത്താൻ പറയുന്ന ഒരു കാര്യമേയുള്ളൂ- ശരീരക്ഷമത! ബാർസയ്ക്കൊപ്പം കോപ്പ ഡെൽ റേയും സ്പെയിനൊപ്പം ഒളിംപിക് വെള്ളി മെഡലും ഇപ്പോൾതന്നെ പെദ്രിയുടെ ഷെൽഫിലുണ്ട്. കിക്ക് ഔട്ട് പ്ലാസ്റ്റിക്സ് എന്ന എൻജിഒയിലൂടെ സാമൂഹിക സേവനരംഗത്തും സജീവമാണ് പെദ്രി.
പെദ്രി Vs ജർമനി, കളിച്ച സമയം: 90 മിനിറ്റ്, പാസിങ് കൃത്യത:91 ശതമാനം, ബോൾ ടച്ച്: 79
ഗാവി, വയസ്സ്: 18, പൊസിഷൻ: സെൻട്രൽ മിഡ്ഫീൽഡർ, ക്ലബ്: ബാർസിലോന, ഉയരം: 1.73 മീറ്റർ ശരീരഭാരം: 68 കിലോഗ്രാം
സ്പെയിൻ കോച്ച് ലൂയിസ് എൻറിക്വെ ആരുടെയും ജനനസർട്ടിഫിക്കറ്റ് നോക്കാറില്ല, സ്കൗട്ട് റിപ്പോർട്ട് മാത്രമേ നോക്കാറുള്ളൂ എന്നാണ് പറച്ചിൽ. അങ്ങനെയാണ് പാബ്ലോ മാർട്ടിൻ പെയ്സ് ഗാവിര എന്ന ഗാവി സ്പെയിനു വേണ്ടി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും ഗോളടിച്ച താരവുമായത്. യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഇറ്റലിക്കെതിരെ അരങ്ങേറിയ ഗാവി ഇപ്പോൾ പെദ്രിക്കൊപ്പം സ്പാനിഷ് മധ്യനിരയിലെ അച്ചുതണ്ടാണ്.
ഇതിഹാസതാരങ്ങളായ ചാവി-ഇനിയേസ്റ്റ സഖ്യത്തോടാണ് ഇരുവരും താരതമ്യം ചെയ്യപ്പെടുന്നത്. റയൽ ബെറ്റിസിൽ നിന്ന് 2015ൽ ബാർസയിലെത്തിയ ഗാവിക്കു യൂത്ത് ടീമിനു വേണ്ടി 2 മത്സരം കളിച്ചപ്പോഴേക്കും സീനിയർ ടീമിലേക്കു പ്രമോഷൻ കിട്ടി. എങ്കിലും പഴയ കൂട്ടുകാരുടെ മത്സരങ്ങൾ കാണാൻ ഇപ്പോഴും പതിവായി യൊഹാൻ ക്രൈഫ് സ്റ്റേഡിയത്തിൽ പോകാറുണ്ട് ഗാവി. ഈ വർഷം മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി, ഗോൾഡൻ ബോയ് പുരസ്കാരം എന്നിവ നേടി.
ഗാവി Vs ജർമനി, കളിച്ച സമയം: 65 മിനിറ്റ്, പാസിങ് കൃത്യത: 75 ശതമാനം, ബോൾ ടച്ച്: 25
ജമാൽ മുസിയാള, വയസ്സ്: 19 പൊസിഷൻ: അറ്റാക്കിങ് മിഡ്ഫീൽഡർ, ക്ലബ്: ബയൺ മ്യൂണിക്ക്, ഉയരം: 1.81 മീറ്റർ ഭാരം: 65 കിലോഗ്രാം
അടുത്ത മെസ്സി എന്നാണ് മുൻ ജർമൻ ക്യാപ്റ്റൻ ലോതർ മത്തേയൂസ് മുസിയാളയെ വിശേഷിപ്പിച്ചത്. അതിശയോക്തി എന്നു പറയാനാവില്ല അതിനെ. മറ്റു വിശേഷണങ്ങളെല്ലാം പ്രയോഗിച്ചു തീർന്നു പോയതു കൊണ്ടു കൂടിയാണത്. പന്തു കാലിൽ കിട്ടിയാൽ മുസിയാള മെസ്സിയെ അനുസ്മരിപ്പിക്കും. ഏതു പൂട്ടും പൊട്ടിച്ചു ചാടും. എതിർ പ്രതിരോധത്തെ ചിതറിക്കുന്ന പാസുകൾ മുസിയാളയെ ഗോൾ അസിസ്റ്റുകളിലും മുന്നിലെത്തിക്കുന്നു. സ്പെയിനെതിരെ ഫുൾക്രൂഗിന്റെ സമനില ഗോളിനു പാസ് നൽകിയത് മുസിയാളയാണ്.
ഫെറാൻ ടോറസിന്റെ ഷോട്ട് ബ്ലോക്ക് ചെയ്ത് പ്രതിരോധത്തിലും മികവു കാട്ടി. നൈജീരിയൻ-ജർമൻ ദമ്പതികളുടെ മകനായി സ്റ്റുട്ഗർട്ടിൽ ജനിച്ച മുസിയാള ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ അക്കാദമിയിലൂടെയാണ് കളിച്ചു വളർന്നത്. യൂത്ത് തലത്തിൽ ഇംഗ്ലണ്ടിനു വേണ്ടി കളിച്ചതിനു ശേഷമാണ് ജന്മനാട്ടിൽ തിരിച്ചെത്തിയത്. തന്റെ കളി മികവ് മെച്ചപ്പെടുത്താൻ ഒരു ന്യൂറോ അത്‌ലറ്റിക് കോച്ചിന്റെ സഹായം വരെ തേടുന്നുണ്ട് മുസിയാള.
മുസിയാള Vs സ്പെയിൻ, കളിച്ച സമയം: 90 മിനിറ്റ്, പാസിങ് കൃത്യത: 84 ശതമാനം, ബോൾ ടച്ച്: 47
English Summary: spain vs germany match fifa world cup 2022