ADVERTISEMENT

ദോഹ ∙ പ്രീക്വാർട്ടറിൽ കടക്കാൻ വിജയം അനിവാര്യമെന്ന നിലയിൽ സൗദി അറേബ്യയ്ക്കെതിരെ ലുസെയ്ൽ സ്റ്റേഡിയത്തിൽ പോരാട്ടത്തിനിറങ്ങിയ മെക്സിക്കോ ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളടിച്ച് ജയിച്ചു കയറി. പക്ഷേ, ഇതേ സമയത്തു നടന്ന മത്സരത്തിൽ അർജന്റീനയോടു തോറ്റ പോളണ്ടിനെ ഗോൾശരാശരിയിൽ കീഴ്പ്പെടുത്താനായില്ല. ഫലം, ആറു ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് ചരിത്രമെഴുതിയ മെക്സിക്കോ 1978ലെ ലോകകപ്പിനു ശേഷം ഇതാദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്ത്. നാലു പോയിന്റുമായി പോളണ്ടിനൊപ്പമെത്തിയ മെക്സിക്കോയ്ക്ക്, ഗോൾശരാശരിയിൽ പിന്നിലായതാണ് പുറത്തേക്കു വഴികാട്ടിയത്.

ഹെൻറി മാർട്ടിൻ (46–ാം മിനിറ്റ്), ലൂയിസ്‍ ജെറാർദോ ഷാവേസ് (52') എന്നിവരാണ് മെക്സിക്കോയ്ക്കായി ഗോൾ നേടിയത്. സൗദിയുടെ സമനില ഗോൾ ഇൻജറി ടൈമിൽ സലേം അൽ ദൗസരി നേടി. ലൊസാനോ, അന്റൂന എന്നിവർ വലയിലെത്തിച്ച രണ്ടു ഗോളുകൾ ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതും മെക്സിക്കോയ്ക്ക് തിരിച്ചടിയായി.

ഇതോടെ, ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പോളണ്ടിനെ തോൽപ്പിച്ച് അർജന്റീന ഗ്രൂപ്പ് ചാംപ്യൻമാരായി പ്രീക്വാർട്ടറിലെത്തി. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി പോളണ്ടും പ്രീക്വാർട്ടറിൽ കടന്നു. ഡിസംബർ മൂന്നിനു നടക്കുന്ന പ്രീക്വാർട്ടറിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയാണ് അർജന്റീനയുെട എതിരാളികൾ. പിറ്റേന്നു നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ പോളണ്ട് നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെയും നേരിടും.

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം വെറും അഞ്ച് മിനിറ്റിന്റെ ഇടവേളയിലാണ് ഹെൻറി മാർട്ടിൻ, ലൂയിസ് ഷാവേസ് എന്നിവർ മെക്സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. 47–ാം മിനിറ്റിൽ മെക്സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച കോർണറിൽനിന്നാണ് ഹെൻറി മാർട്ടിൻ ആദ്യ ഗോൾ നേടിയത്. പിന്നാലെ 52–ാം മിനിറ്റിൽ മെക്സിക്കോയ്ക്ക് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് ലൂയിസ് ഷാവേസ് ലീഡ് വർധിപ്പിച്ചു. ആദ്യപകുതിയിൽ മെക്സിക്കോ ഒട്ടേറെ സുവർണാവസരങ്ങൾ പാഴാക്കിയിരുന്നു.

ആദ്യപകുതിയുടെ തുടർച്ചയായി രണ്ടാം പകുതിയുടെ ആരംഭത്തിൽത്തന്നെ സൗദി ബോക്സിൽ മെക്സിക്കോ ചെലുത്തിയ സമ്മർദ്ദത്തിന്റെ തുടർച്ചയായിരുന്നു ആദ്യ ഗോൾ. മെക്സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്കെടുത്തത് ലൂയിസ് ഷാവേസ്. കോർണറിൽനിന്ന് ഷാവേസ് ഉയർത്തി വിട്ട പന്ത് സെസാർ മോണ്ടെസിന്റെ കാലിൽത്തട്ടി മാർക്ക് ചെയ്യപ്പെടാതെ നിന്ന മാർട്ടിന്റെ കാലിലേക്ക്. പോസ്റ്റിനു തൊട്ടരികെ നിന്ന് മാർട്ടിൻ തൊടുത്ത ഷോട്ട് വലയിലേക്ക്. സ്കോർ 1 – 0.

ആദ്യ ഗോളിന്റെ ആരവം അടങ്ങും മുൻപേ മെക്സിക്കോ രണ്ടാം ഗോളും നേടി. ഇത്തവണ ലക്ഷ്യം കണ്ടത് ആദ്യ ഗോളിലേക്കെത്തിയ നീക്കത്തിനു തുടക്കമിട്ട ലൂയിസ് ഷാവേസ്. സൗദി ബോക്സിനു പുറത്ത് മാർട്ടിനെ സൗദി താരം വീഴ്ത്തിയതിന് മെക്സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് ഗോൾ പിറന്നത്. കിക്കെടുത്ത ഷാവേസ്, സൗദി പ്രതിരോധത്തിനു മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. ആദ്യ പകുതിയിൽ മിന്നിക്കളിച്ച മുഹമ്മദ് അൽ ഒവൈസ് വീണ്ടും കാഴ്ചക്കാരനായി. സ്കോർ 2–0.

ഇതേസമയം അർജന്റീനയ്ക്കെതിരെ പോളണ്ട് രണ്ടു ഗോൾ പിന്നിലായിരുന്നതിനാൽ, ഒരു ഗോൾ കൂടി നേടിയാൽ പോളണ്ടിനെ ഗോൾശരാശരിയിൽ മറികടന്ന് മുന്നേറാമെന്ന കണക്കുകൂട്ടലിൽ മെക്സിക്കോ തുടർന്നും ഇരമ്പിക്കയറി. പക്ഷേ ഗോൾ മാത്രം അകന്നുനിന്നു. മെക്സിക്കൻ താരങ്ങൾ പലകുറി ഗോളിനടുത്തെത്തിയെങ്കിലും, സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിന്റെ തകർപ്പൻ സേവുകൾ തടസ്സമായി.

മെക്സിക്കോ ഏതു നിമിഷവും ഗോളടിക്കുമെന്ന പ്രതീതി നിലനിൽക്കെയാണ് ഇൻജറി ടൈമിൽ അപ്രതീക്ഷിതമായി സൗദി തിരിച്ചടിച്ചത്. ആദ്യ മത്സരത്തിൽ അർജന്റീനയ്ക്കെതിരെ ഗോൾ നേടിയ സലേം അൽ ദൗസരിയായിരുന്നു ഗോൾ സ്കോറർ. മെക്സിക്കോയുടെ തുടർ ആക്രമണങ്ങൾക്കിടെ ഹട്ടൻ ബാബ്രിയിൽനിന്ന് പന്ത് ദൗസാരിയിലേക്ക്. മെക്സിക്കൻ പ്രതിരോധത്തെ ഓടിത്തോൽപ്പിച്ച് ദൗസരി തൊടുത്ത ഷോട്ട് ഗോൾകീപ്പർ ഒച്ചാവോയുടെ വിശ്വസ്ത കരങ്ങളെയും മറികടന്ന് വലയിൽ കയറി. സ്കോർ 1–2.

∙ ഗോളില്ലാതെ ആദ്യ പകുതി

ഗോളിനായുള്ള മെക്സിക്കോയുടെ തുടർ ആക്രമണങ്ങളെ സൗദി അറേബ്യ വിജയകരമായി ചെറുത്തതോടെയാണ് മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായത്. പ്രീക്വാർട്ടറിലേക്കു മുന്നേറാൻ വിജയം അനിവാര്യമായ മെക്സിക്കോ ആക്രമിച്ചു കളിച്ച ആദ്യപകുതിയിൽ, പന്തടക്കത്തിലും പാസിങ്ങിലുമുൾപ്പെടെ മികച്ചുനിന്നത് അവർ തന്നെ. ഫിനിഷിങ്ങിലെ പോരായ്മകളും, ഫിനിഷിങ് മെച്ചപ്പെട്ടപ്പോൾ പോസ്റ്റിനു മുന്നിൽ സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ് പുറത്തെടുത്ത മിന്നുന്ന പ്രകടനവും മെക്സിക്കോയ്ക്ക് തിരിച്ചടിയായി. മെക്സിക്കോ നിരയിൽ അലക്സിസ് വേഗ, ഹെൻറി മാർട്ടിൻ, ഒർബേലിൻ പിനേഡ തുടങ്ങിയവർക്കെല്ലാം മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

തരം കിട്ടിയപ്പോഴെല്ലാം കൗണ്ടർ അറ്റാക്കുകളിലൂടെ മെക്സിക്കോ ഗോൾമുഖം വിറപ്പിച്ച സൗദിക്കും ലക്ഷ്യം പിഴച്ചതോടെയാണ് ആദ്യപകുതി ഗോൾരഹിതമായത്. ആദ്യപകുതിയുടെ ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ അൽ ബ്രീകൻ ഉയർത്തി നൽകിയ തകർപ്പൻ ക്രോസിന് അൽ ഹസൻ തലവച്ചെങ്കിലും പന്തു പുറത്തേക്കു പോയത് നിർഭാഗ്യമായി.

English Summary: Saudi Arabia vs Mexico FIFA World Cup 2022 Match, live score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com