ADVERTISEMENT

എനിക്കു സ്പെയിനെയോ ഫ്രാൻസിനെയോ കാണുമ്പോഴൊന്നും അസൂയ തോന്നാറില്ല. കാരണം അവർക്കുള്ളതു പോലുള്ള ലോകോത്തര താരങ്ങൾ എന്റെ ടീമിലുമുണ്ട്. സെനഗൽ ഗോൾകീപ്പർ എഡ്വേഡ് മെൻഡിയെക്കാളും മികവുണ്ട് ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന് എന്നെനിക്കു തോന്നിയിട്ടില്ല. പിന്നെന്തിന് അസൂയപ്പെടണം. അവർക്കു ലോകകപ്പ് ജയിക്കാമെങ്കിൽ ഞങ്ങൾക്കും ജയിക്കാം- സെനഗൽ കോച്ച് അലിയോ സിസ്സെ പറയുന്നു.

ട്രാക്ക് സ്യൂട്ടും തൊപ്പിയും വച്ച് പിച്ചിനു പുറത്ത് ഒരു കളിക്കാരനെപ്പോലെ ഉൽസാഹഭരിതനായി നിന്ന സിസ്സെ പകർന്ന പ്രചോദനത്തിലാണ് സെനഗൽ ഇത്തവണ ലോകകപ്പിന്റെ നോക്കൗട്ടിലെത്തിയത്. 2002ൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ അട്ടിമറിച്ച് ഗ്രൂപ്പ് ഘട്ടം കടന്ന ശേഷം അവരുടെ ആദ്യ നോക്കൗട്ട് പ്രവേശം. അന്നു സിസ്സെ 26 വയസ്സുള്ള ക്യാപ്റ്റൻ. ഇന്ന് 46 വയസ്സുള്ള പരിശീലകൻ. 2002ൽ ഫ്രാൻസിനെതിരെ വിജയഗോൾ നേടിയ പാപ ബൂബ ദിയോപിന്റെ ഓർമദിനത്തിൽ തന്നെയായി ഇത്തവണ സെനഗലിന്റെ നോക്കൗട്ട് പ്രവേശം എന്നത് ഹൃദ്യമായ യാദൃച്ഛികത.

വിധിയുടെ അറ്റാക്ക്

രണ്ടു പതിറ്റാണ്ടിലേറെയായി ആഫ്രിക്കൻ ഫുട്ബോളിന്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ചയാളാണ് സിസ്സെ. 2002 ഫെബ്രുവരിയിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ സെനഗൽ കാമറൂണിനോടു പരാജയപ്പെട്ടപ്പോൾ ഷൂട്ടൗട്ടിൽ പെനൽറ്റി കിക്ക് നഷ്ടപ്പെടുത്തിയ ക്യാപ്റ്റൻ മൂന്നു മാസം കഴിഞ്ഞ് അതേ ടീമിനെ ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്കു നയിച്ചു. എന്നാൽ ആ സന്തോഷമടങ്ങും മുൻപേ ജീവിതത്തിൽ വലിയൊരു ദുരന്തവും നേരിട്ടു.

സെപ്റ്റംബർ 26ന് സെനഗൽ തലസ്ഥാനമായ ഡാക്കറിൽ നിന്ന് കാസാമാൻസയിലേക്കു പോയ കപ്പൽ മുങ്ങി മരിച്ചത് ആയിരത്തി എണ്ണൂറിലേറെ പേർ. ആഫ്രിക്കയിലെ ടൈറ്റാനിക് എന്നറിയപ്പെട്ട ആ ദുരന്തത്തിൽ സിസ്സെയ്ക്കു നഷ്ടപ്പെട്ടത് സഹോദരി ഉൾപ്പടെ 11 പേരെ. ഫ്രഞ്ച് ക്ലബ് പിഎസ്ജി ഉൾപ്പെടെയുള്ളവയ്ക്കു വേണ്ടി കളിച്ച ശേഷം 2008ൽ വിരമിച്ചു. കോച്ചിങ് ഡിപ്ലോമയെടുത്ത ശേഷം 2015ൽ സെനഗൽ സീനിയർ ടീമിന്റെ പരിശീലകനായി. തുടർന്നു ടീമിന്റെ അലകും പിടിയും മാറ്റി.  ടീമിൽ പ്രഫഷനൽ അന്തരീക്ഷം കൊണ്ടു വന്നു. 

English Summary : Aliou Cisse the man behind Senegal success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com