ADVERTISEMENT

ലുസെയ്ൽ ∙ ബ്രസീലിയൻ കരുത്തിനെ അട്ടിമറിച്ച് കാമറൂൺ സൃഷ്ടിച്ചത് ചരിത്രം. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ 1–0ന് മുൻ ലോകചാംപ്യൻമാരെ കീഴടക്കിയ കാമറൂൺ ആഫ്രിക്കയുടെ അഭിമാനമായി. ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻ വിൻസന്റ് അബൂബക്കറാണ് ലോകത്തെ അമ്പരപ്പിച്ച ഗോൾ കുറിച്ചത്. ഈ ലോകകപ്പിൽ ബ്രസീൽ വഴങ്ങിയ ആദ്യ ഗോളാണിത്. ഈ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 6 പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായിത്തന്നെ ബ്രസീൽ പ്രീക്വാർട്ടറിൽ കളിക്കും. ഇതേ ഗ്രൂപ്പിൽ സെർബിയയെ 3–2നു കീഴടക്കിയ സ്വിറ്റ്സർലൻഡിനും 6 പോയിന്റുണ്ടെങ്കിലും ഗോൾവ്യതാസത്തിൽ പിന്നിലായതിനാൽ രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടത്. കാമറൂണും സെർബിയയും പുറത്തായി. ബ്രസീൽ– ദക്ഷിണ കൊറിയ പ്രീ ക്വാർട്ടർ 5നു നടക്കും.

ലോകകപ്പ് ചരിത്രത്തിൽ ആഫ്രിക്കൻ ടീമിനെതിരെ ബ്രസീൽ പരാജയപ്പെടുന്നത് ആദ്യമാണ്. ഇതിനു മുൻപ് 7 മത്സരങ്ങളിലും ബ്രസീൽ വിജയിച്ചിരുന്നു. 1994, 2014 ലോകകപ്പുകളിലാണ് കാമറൂണിനെ ബ്രസീൽ പരാജയപ്പെടുത്തിയത്. 2002നു ശേഷം ലോകകപ്പിൽ കാമറൂൺ നേടുന്ന ആദ്യ ജയവുമാണിത്. വലതുവിങ്ങിലൂടെ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ ജെറോം എംബെകെലി ബോക്സിന്റെ മധ്യഭാഗത്തേക്ക് ഉയർത്തിയ ക്രോസിൽ നിന്നായിരുന്നു വിൻസന്റ് അബൂബക്കറിന്റെ ഹെഡർ ഗോൾ(1–0). ഈ അഭിമാന നിമിഷം ജഴ്സി ഊരി ആഘോഷിച്ച വിൻസന്റ് രണ്ടാം മഞ്ഞക്കാർഡും തുടർന്നു ചുവപ്പുകാർഡും കണ്ട് പുറത്താവുകയും ചെയ്തു.

കാമറൂൺ ഗോൾവലയ്ക്കു നേരെ 21 ഷോട്ടുകൾ പായിച്ച ബ്രസീലിന് ഒരു തവണ പോലും ലക്ഷ്യം നേടാൻ അവസരം കൊടുക്കാതെ കാത്തത് അവരുടെ പ്രതിരോധനിരയുടെ നിശ്ചയദാർഢ്യവും ഗോൾ കീപ്പർ ഡെവിസ് എപാസിയുടെ സൂപ്പർമാൻ പ്രകടനവുമാണ്. എപാസി നടത്തിയ 7 കിടിലൻ സേവുകളാണ്  കാമറൂണിനെ ചരിത്രവിജയത്തിലേക്കു നയിച്ചത്. ബ്രസീലിന്റെ ഗബ്രിയേൽ മാർട്ടിനെല്ലി, ആന്റണി, എദർ മിലിറ്റാവോ, ബ്രൂണോ ഗിമേറാസ് തുടങ്ങിയവരുടെ കരുത്തുറ്റ ഷോട്ടുകളൊന്നും എപാസിയുടെ പ്രതിരോധം ഭേദിച്ചില്ല. 

aboubakar-wc
വിൻസന്റ് അബൂബക്കർ ഗോൾനേട്ടം ആഘോഷിക്കുന്നു(Photo by Anne-Christine POUJOULAT / AFP)

പ്രീക്വാർട്ടർ യോഗ്യത നേരത്തേ ഉറപ്പിച്ചതിനാൽ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയ ടീമിൽ ഒൻപതു മാറ്റങ്ങൾ വരുത്താനുളള ബ്രസീൽ കോച്ച് ടിറ്റെയുടെ തീരുമാനം പാളി. രണ്ടാം പകുതി പത്തുമിനിറ്റോളം പിന്നിട്ട ശേഷവും കാമറൂണിന്റെ പ്രതിരോധം ഭേദിക്കാൻ കഴിയാതെ വന്നതോടെ മാർക്വിഞ്ഞോസ്, ബ്രൂണോ ഗിമെറാസ്, എവർട്ടൻ റിബെയ്റോ, പെഡ്രോ, റാഫിഞ്ഞ എന്നിവരെ ഇറക്കി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ബ്രസീലിന്റെ നിരന്തര മുന്നേറ്റങ്ങൾക്കിടെ ലഭിച്ച അവസരങ്ങളിൽ കൗണ്ടർ അറ്റാക്കുകളുമായി കാമറൂണും കളംനിറഞ്ഞു.

vincent-aboubakar-wc
വിൻസന്റ് അബൂബക്കർ (Photo by Jewel SAMAD / AFP)

ആകെ 7 ഗോൾ ഷോട്ടുകളാണ് അവർ തൊടുത്തത്. അതിൽ വിൻസന്റിന്റെ മിന്നൽ ഹെഡറടക്കം 3 എണ്ണം ഓൺ ടാർഗറ്റായി. സെർബിയയ്ക്കെതിരെ സമനില പിടിച്ച ടീമിൽ 4 മാറ്റങ്ങളുമായി ഇറങ്ങിയ കാമറൂൺ ടീമിൽ ക്രിസ്റ്റഫർ വൂ, എൻസോ എബൊസോ, നിക്കോളാസ് എൻഗമാലൂ, വിൻസന്റ് അബൂബക്കർ എന്നിവരെ കോച്ച് റിഗൊബെർട് സോങ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. നിക്കൊളാസ് എൻകൂളോ, ജീൻ ചാൾസ് കാസ്റ്റലാറ്റോ, മാർട്ടിൻ ഹോംഗ്‌ല, കാൾ ടോക്കോ എകാംബി എന്നിവരുടെ സ്ഥാനം റിസർവ് ബെഞ്ചിലായി. 

English Summary: Cameroon fans celebrate after historic 1-0 victory over Brazil

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com