ADVERTISEMENT

ദോഹ ∙ എതിരാളികളുടെ വലിപ്പത്തെ തെല്ലും ഭയക്കാതെ ഖലീഫ സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച യുഎസ്എയെ വീഴ്ത്തി നെതർലൻഡ്സ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് നെതർലൻഡ്സ് യുഎസ്എയെ വീഴ്ത്തിയത്. ആദ്യപകുതിയിൽ നെതർലൻഡ്സ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു മുന്നിലായിരുന്നു. മെംഫിസ് ഡിപായ് (10–ാം മിനിറ്റ്), ഡാലെ ബ്ലിൻഡ് (45+1), മോറിസ് ഡംഫ്രിസ് (81–ാം മിനിറ്റ്) എന്നിവരാണ് നെതർലൻഡ്സിനായി ലക്ഷ്യം കണ്ടത്. യുഎസ്എയുടെ ആശ്വാസഗോൾ 76–ാം മിനിറ്റിൽ പകരക്കാരൻ താരം ഹാജി അമീർ റൈറ്റ് നേടി.

അർജന്റീന – ഓസ്ട്രേലിയ പ്രീക്വാർട്ടർ വിജയികളുമായി ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിലാണ് നെതർലൻഡ്സിന്റെ ക്വാർട്ടർ പോരാട്ടം. 1978 മുതൽ ലോകകപ്പിൽ കളിച്ച 22 മത്സരങ്ങളിൽ ആദ്യം ഗോൾ നേടിയ ശേഷം തോറ്റിട്ടില്ലെന്ന ചരിത്രം ആവർത്തിച്ചാണ് നെതർലൻഡ്സിന്റെ മുന്നേറ്റം. തോറ്റെങ്കിലും മികച്ച പോരാട്ടം കാഴ്ചവയ്ക്കാനായതിന്റെ ചാരിതാർഥ്യത്തിൽ യുഎസ്എയ്‌ക്ക് ഖത്തറിൽനിന്ന് മടക്കം.

നെതർലൻഡ്സ് തോൽവിയറിയാതെ പൂർത്തിയാക്കുന്ന തുടർച്ചയായ 19–ാമത്തെ മത്സരമാണിത്. നെതർലൻഡ്സിനായി ആദ്യ ഗോൾ നേടിയ മെംഫിസ് ഡിപായ്, ദേശീയ ജഴ്സിയിൽ കൂടുതൽ ഗോളുകൾ നേടുന്ന രണ്ടാമത്തെ ഡച്ച് താരമായി. നെതർലൻഡ്സിനായി 43 ഗോളുകൾ തികച്ച ഡിപായിക്കു മുന്നിൽ ഇനിയുള്ളത് റോബിൻ വാൻ പേഴ്സി (50 ഗോളുകൾ) മാത്രം.

∙ ഗോളുകൾ വന്ന വഴി

നെതർലൻഡ്സ് ആദ്യ ഗോൾ: ഹൈപ്രസിങ്ങിലൂടെ യുഎസ് താരങ്ങൾ ശ്വാസം മുട്ടിക്കുന്നതിനിടെയാണ് മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ നെതർലൻഡ്സ് ലീഡ് നേടിയത്. സ്വന്തം പകുതിയിൽനിന്ന് ആരംഭിച്ച മുന്നേറ്റത്തിനൊടുവിൽ പന്ത് വലതുവിങ്ങിൽ മോറിസ് ഡംഫ്രിസിലേക്ക്. യുഎസ്എ ബോക്സിനു പുറത്തുവച്ച് ഡംഫ്രിസ് പോസ്റ്റിന് സമാന്തരമായി നീട്ടി നൽകിയ പന്ത് ബോക്സിനു നടുവിൽ മെംഫിസ് ഡിപായിയുടെ കാൽപ്പാകത്തിന്. പന്ത് കാലിൽക്കൊരുത്ത് ഡിപായ് തൊടുത്ത ഷോട്ട് യുഎസ് ഗോൾകീപ്പറെ മറികടന്ന് വലയിലേക്ക്. സ്കോർ 1–0.

നെതർലൻഡ്സ് രണ്ടാം ഗോൾ: ആദ്യ ഗോളിന്റെ തനിപ്പകർപ്പായിരുന്നു രണ്ടാം ഗോളും. ഗോൾ നേടിയ താരം മാത്രം മാറി. യുഎസ്എ പകുതിയിൽ നെതർലൻഡ്സിന് അനുകൂലമായി ലഭിച്ച ത്രോയിൽ നിന്നായിരുന്നു രണ്ടാം ഗോളിൽ കലാശിച്ച മുന്നേറ്റത്തിന്റെ തുടക്കം. മുന്നേറ്റത്തിനിടെ വലതുവിങ്ങിൽ പന്തു ലഭിച്ച മോറിസ് ഡംഫ്രിസ് ഒരിക്കൽക്കൂടി യുഎസ് പ്രതിരോധം പിളർത്തി ബോക്സിനു സമീപത്തേക്ക്. വലതുവിങ്ങിൽനിന്ന് ഡംഫ്രിസ് ബോക്സിനു നടുവിലേക്ക് നീട്ടിനൽകിയ പന്തിൽ ഇക്കുറി കാലെത്തിച്ചത് ഡാലെ ബ്ലിൻഡ്. താരം പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്കു പായിക്കുമ്പോൾ യുഎസ്എ ഗോൾകീപ്പർ ഒരിക്കൽക്കൂടി കാഴ്ചക്കാരനായി. സ്കോർ 2–0.

യുഎസ്എ ആദ്യ ഗോൾ: മത്സരത്തിന്റെ ഇരുപകുതികളിലുമായി ചില മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുത്ത യുഎസ്എ ഒടുവിൽ ലക്ഷ്യം കണ്ടത് 76–ാം മിനിറ്റിൽ. നെതർലൻഡ്സ് ബോക്സിലേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ദിയാന്ദ്രെ യെഡ്‌ലിനിൽ നിന്ന് പന്ത് ക്രിസ്റ്റ്യൻ പുലിസിച്ചിലേക്ക്. ബോക്സിനു സമീപത്തുനിന്ന് പുലിസിച്ച് പോസ്റ്റിനു സമാന്തരമായി നീട്ടിനൽകിയ പന്തിനു കണക്കാക്കി നെതർലൻഡ്സ് ഗോൾകീപ്പർ നോപ്പർട്ട് എത്തിയതാണ്. എന്നാൽ ഇതിനിടെ ഹാജി അമീർ റൈറ്റിന്റെ കാലിൽത്തട്ടി ഉയർന്ന പന്ത് ഗോൾകീപ്പറിനു മുകളിലൂടെ ഉയർന്ന് വലയിൽ പതിച്ചു. സ്കോർ 1–2.

നെതർലൻഡ്സ് മൂന്നാം ഗോൾ: യുഎസ്എയുടെ ഗോൾനേട്ടത്തിന്റെ ആരവമടങ്ങും മുൻപേ ക്വാർട്ടർ ഉറപ്പിച്ച് നെതർലൻഡ്സ് തിരിച്ചടിച്ചു. ആദ്യ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയ മോറിസ് ഡംഫ്രിസിന്റെ വകയായിരുന്നു നെതർലൻഡ്സിന്റെ മൂന്നാം ഗോൾ. ഡാലെ ബ്ലിൻഡിന്റെ തകർപ്പൻ ക്രോസിൽ ഡംഫ്രിസ് തൊടുത്ത ബുള്ളറ്റ് വോളി യുഎസ് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ കയറി. സ്കോർ 3–1.

∙ മാറ്റങ്ങളില്ലാതെ ഓറഞ്ച് പട

ഖത്തറിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ കളിച്ച ടീമിനെ അതേപടി നിലനിർത്തിയാണ് നെതർലൻഡ്സ് പരിശീലകൻ ലൂയി വാൻഗാൽ പ്രീക്വാർട്ടറിൽ ടീമിനെ ഇറക്കിയത്. മറുവശത്ത്, പരുക്കിന്റെ പിടിയിലായിരുന്ന സൂപ്പർതാരം ക്രിസ്റ്റ്യൻ പുലിസിച്ച് ആദ്യ ഇലവനിൽ ഇടംപിടിച്ചതിന്റെ ആശ്വാസത്തിലായിരുന്നു യുഎസ് ആരാധകർ. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറാനെ തോൽപ്പിച്ച ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് യുഎസ് പരിശീലകൻ ബെർഹാൾട്ടർ ടീമിനെ ഇറക്കിയത്.

English Summary: FIFA World Cup 2022, Netherlands vs USA Match Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com