ADVERTISEMENT

ദോഹ∙ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീമിൽ ഒന്നായ ജർമനി തുടർച്ചയായ രണ്ടാം തവണയും പ്രീക്വാർട്ടർ കാണാതെ പുറത്ത്. നിർണായകമായ മത്സരത്തിൽ കോസ്റ്ററിക്കയ്ക്കെതിരായ മിന്നും ജയവും അവരെ തുണച്ചില്ല (4–2). 20 ലോകകപ്പുകൾ കളിച്ച ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത് ഇതു മൂന്നാം തവണയാണ്. 1938, 2018 ലോകകപ്പുകളിലാണ് ഇതിനു മുൻപ് ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്തായത്. എതിരാളികളെ ഗോളിൽ മുക്കാൻ കഴിവുണ്ടായിരുന്ന മികച്ച സ്ട്രൈക്കർമാരുടെ പവർഹൗസായിരുന്ന ജർമൻ ടീം ആദ്യ രണ്ടു മത്സരങ്ങളിൽ നേടിയത് 2 ഗോൾ മാത്രം. വഴങ്ങിയതു മൂന്നെണ്ണം.

ആദ്യ മത്സരത്തിൽ ജപ്പാനെതിരെ അട്ടിമറി തോൽവി നേരിട്ട ജർമനി രണ്ടാം മത്സരത്തിൽ സ്പെയിനിനെതിരെ സമനിലയിൽ പിരിഞ്ഞു. സ്പെയിനിനും ജർമനിക്കും 4 പോയിന്റ് വീതമാണെങ്കിലും ഗോൾവ്യത്യാസക്കണക്കിൽ ജർമനി പുറത്തായി. 3 പോയിന്റ് മാത്രമുള്ള കോസ്റ്ററിക്കയും ലോകകപ്പിൽ നിന്നു പുറത്തായി. ജർമനിക്കായി സെർജ് ഗനാബ്രി (4–ാം മിനിറ്റ്), കായ് ഹാവേട്സ് (73’, 85’), നിക്‌ലാസ് ഫുൾക്രൂഗ് (89’) എന്നിവർ ഗോൾ നേടി. എൽറ്റ്സൺ ടഹേദി (58’), യുവാൻ പാബ്ലോ വാർഗസ് (70’) എന്നിവർ കോസ്റ്ററിക്കയ്ക്കായി തിരിച്ചടിച്ചു. 6 ഗോൾ പിറന്ന മത്സരത്തിൽ അഞ്ചെണ്ണവും രണ്ടാം പകുതിയിലായിരുന്നു.

ജർമനിക്കു സംഭവിച്ചതെന്ത് ?

യുഎസ് ഡേറ്റ കമ്പനിയായ നെയ്ൽസൺ ഗ്രേസ്നോട്ട് ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് തന്നെ ജർമനി ആദ്യ റൗണ്ടിൽ പുറത്താകാൻ 41% സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. തെളിവിനായി അവർ കാട്ടിയത് ജർമനിയുടെ സമീപകാല റെക്കോർഡുകളും. കഴിഞ്ഞ വർഷമാണ് ജർമനി അവസാനമായി ഒരു മത്സരത്തിൽ ക്ലീൻഷീറ്റ് നേടിയത്. അതിനു ശേഷം ജർമനിയുടെ പ്രതിരോധം ഫോമിലെത്തിയിട്ടില്ല. ജർമനിയുടെ പ്രതിരോധപ്പിഴവുകൾ കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തിലും സംഭവിച്ചിരുന്നു. അന്റോണിയോ റൂഡിഗറിന്റെയും ഡേവിഡ് റൗമിന്റെയും പിഴവിൽ നിന്നാണ് കോസ്റ്ററിക്ക ആദ്യ ഗോൾഷോട്ട് നേടിയത്. നിക്‌ലാസ് സൂലെ പന്ത് ക്ലിയർ ചെയ്യുന്നതിൽ പലതവണ പരാജയപ്പെട്ടു. വിങ് ബാക്കായി കളിച്ച ജോഷ്വ കിമ്മിക്ക് പ്രതിരോധം മറന്നു മുന്നേറ്റനിരയ്ക്കൊപ്പം ചേർന്നതും കോസ്റ്ററിക്കയ്ക്കു രണ്ടു ഗോൾ നേടാൻ സഹായിച്ചു. മാറ്റ്സ് ഹമ്മൽസ്, ഫിലിപ് ലാം എന്നിവർക്കു ജർമനി ഇനിയും പകരക്കാരെ കണ്ടെത്തിയിട്ടില്ല !

സ്ട്രൈക്കർ എവിടെ ?

ഗോളടി മികവിൽ മുന്നിൽ നിൽക്കുന്ന മികച്ച സ്ട്രൈക്കറായിരുന്നു എന്നും ജർമനിയുടെ ശക്തി. നിലവിൽ മിറോസ്ലാവ് ക്ലോസെ, മാരിയോ ഗോമസ് എന്നിവർക്കു പകരം മുൻനിരയിൽ താരങ്ങളില്ല. തോമസ് മുള്ളർ മൂന്നു മത്സരങ്ങളിലും തിളങ്ങിയില്ല. നിക്‌ലാസ് ഫുൾക്രൂഗ് ഫോമിലാണെങ്കിലും പരിശീലകൻ ഹാൻസി ഫ്ലിക്ക് ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തും വിമർശനങ്ങൾക്കു വഴിതെളിച്ചു. ഫുൾക്രൂഗിനെ ഇറക്കിയതിനു ശേഷമാണ് കോസ്റ്ററിക്കയ്ക്കെതിരെ ജർമനി തിരിച്ചടിച്ച് ജയിച്ചതും. മധ്യനിരതാരം ജമാൽ മുസിയാള ബോക്സിലേക്കു തുടരെ ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com