ADVERTISEMENT

കൊച്ചി ∙ ഫുട്ബോളിനെ സ്നേഹിച്ച, അകാലത്തിൽ പൊലിഞ്ഞ സുഹൃത്തിന്റെ പേരിൽ തുടങ്ങിയ ഫുട്ബോൾ ക്ലബിലെ മുഴുവൻ അംഗങ്ങളുടെയും പേരുകൾ എഴുതിയ ജഴ്സികൾ ധരിച്ചു ബ്രസീലിന്റെ മൽസരങ്ങൾ കാണാൻ കൊച്ചിയിൽ നിന്ന് ഒരു സംഘം ഖത്തറിൽ. കടമക്കുടി ചേന്നൂർ ഗ്രാമത്തിലെ യുവാക്കളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ 30–ാം വാർഷിക ആഘോഷത്തുടക്കം കൂടിയാണ് ഈ മൽസര ദിവസങ്ങൾ. ക്ലബിന്റെ സജീവ പ്രവർത്തകർ ചേന്നൂർ സ്വദേശികളായ വിനോദ് സേവ്യറും റെക്സ്ൻ അഗസ്റ്റിനുമാണ് ചേന്നൂർ റോയ്സ് ക്ലബ്‌ അംഗങ്ങൾ കയ്യൊപ്പ് പതിപ്പിച്ച ജ‌ഴ്‌സിയുമായ ഇഷ്ട ടീമായ ബ്രസീലിന്റെ ആദ്യ മൽസരം മുതൽ ഖത്തറിലെ മൽസര വേദികളിലുള്ളത്. 

ഫുട്ബോൾ കളിക്കാൻ സ്ഥലമില്ലാത്തതിനാൽ ആ കളിയെ തന്നെ അവഗണിച്ച പഴയ തലമുറയെ അമ്പരപ്പിക്കുന്നതായിരുന്നു കടമക്കുടി ചേന്നൂർ ഗ്രാമത്തിലെ ഒരു പറ്റം യുവാക്കളുടെ തീരുമാനം. സെവൻസ് കളിക്കാൻ പോലും സ്ഥലമില്ലാത്ത കുടുസു ഗ്രൗണ്ടുകളിൽ പന്തു തട്ടി പരിശീലനം നേടി സമീപ പ്രദേശങ്ങളിലെ ക്ലബ്ബുകളെ തോൽപിച്ചപ്പോഴാണ് കടമക്കുടിയിൽ ഒരു ഫുട്ബോൾ ഗ്രൗണ്ട് വേണമെന്ന ആഗ്രഹം ഇവരിൽ ഉടലെടുക്കുന്നത്. 1990കളിലാണ് ഇത്.  

കായിക തൽപരരുടെ കൂട്ടായ്മയ്ക്ക് രൂപം നൽകുന്നതാിയരുന്നു ആദ്യ പടി. ഓണം, വിഷു, ക്രിസ്മസ് ദിവസങ്ങളിൽ കലാ പരിപാടികളുമായി നാട്ടുകാരെ വിസ്മയിപ്പിക്കുന്ന സംഘം കൂട്ടായ്മ ആയതോടെ ക്ലബ് രൂപീകരിക്കാൻ തീരുമാനിച്ചു. കലാകായിക സാംസ്‌കാരിക സംഘടനയായി മാറണം എന്ന തീരുമാനത്തിലാണ് ക്ലബ് രൂപീകരിക്കുന്നത്. ഇതിനായി രൂപീകരിച്ച ക്ലബിനു പേരിടാൻ ആലോചിക്കുമ്പോൾ കൂടെയുണ്ടായിരുന്ന, പെട്ടെന്നു തീപ്പൊള്ളലിൽ മരിച്ച സുഹൃത്ത് കളത്തിപ്പറമ്പിൽ റോയിയുടെ പേരായിരുന്നു എല്ലാവരും നിർദേശിച്ചത്. ഇതോടെ ക്ലബിനു റോയ്സ് ക്ലബ് എന്നു പേരിടാൻ തീരുമാനിക്കുകയായിരുന്നു.  

ekm-roy-club
റോയി ക്സബിലെ അംഗങ്ങൾ ക്ലബിലെ മുഴുവൻ അംഗങ്ങളുടെയും പേരുകൾ എഴുതിയ ജഴ്സികൾ പ്രദർശിപ്പിക്കുന്നു

1985 ന് മുൻപാണ് റോയി വിടപറഞ്ഞതെങ്കിലും 1990ലാണ് ക്ലബ് രൂപീകരണം. 1992നു ശേഷം റോയ്സ് ക്ലബ് പല സ്ഥലങ്ങളിലായി ഫുട്ബോൾ മത്സരങ്ങളിൽ നിരവധി ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. പരിമിതമായ ഫുട്ബോൾ ഗ്രൗണ്ട് വികസിപ്പിക്കാൻ പുഴയിൽ നിന്ന് മണൽ വാരിയും, ദൂരസ്ഥലത്തു നിന്ന്‌ ഗ്രാവൽ കൈവണ്ടിയിൽ കൊണ്ടുവന്നുമാണു ഗ്രൗണ്ട് ഒരുക്കിയത്. ഇതിനിടെ സംസ്ഥാന സർക്കാർ തുടക്കം കുറിച്ച കേരളോത്സവങ്ങളിൽ തുടർച്ചയായി 7തവണ ജില്ലാ ഫുട്ബോൾ മത്സരങ്ങളിൽ ടീം കിരീടം ചൂടിയതായി വിനോദ് പറയുന്നു. ഫോർട്ട്കൊച്ചി, വടുതല, ഞാറക്കൽ, ആലുവ, പെരുമ്പാവൂർ, കളമശേരി ഫുട്ബോൾ ടീമുകളോട് മത്സരിച്ചു നേട്ടം കൈവരിച്ചു. 

joyclub-qatar
റോയി ക്സബിലെ അംഗം ക്ലബിലെ മുഴുവൻ അംഗങ്ങളുടെയും പേരുകൾ എഴുതിയ ജഴ്സികൾ പ്രദർശിപ്പിക്കുന്നു

ഇറ്റലി ലോകകപ്പു ഫുട്ബോൾ മത്സരം മുതൽ എല്ലാ ലോകകപ്പ് മത്സരങ്ങളും പൊതുവേദിയിൽ പ്രദർശിപ്പിക്കാൻ റോയ്സ് ക്ലബ്‌ അവസരമൊരുക്കിയ ചരിത്രമുണ്ട്.  ക്ലബിന്റെ മുപ്പതാം വാർഷിക ആഘോഷങ്ങൾ 2023 ജനുവരി 1,2തീയതികളിൽ നടത്തുന്നതിനു മുന്നോടിയായാണ് ആഘോഷങ്ങൾക്കു തിളക്കം ചാർത്തി ലോകകപ്പ് ഫുട്ബോൾ ഗാലറികളിൽ ചേന്നൂർ റോയ്സ് ക്ലബ്‌ അംഗങ്ങൾ കയ്യൊപ്പ് പതിപ്പിച്ച ജഴ്‌സി അണിഞ്ഞ് എത്തിയിരിക്കുന്നത്.

English Summary: These  Jerseys are imprinted with love; story of  commemorating friendship in Fifa WC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com