ADVERTISEMENT

ദോഹ ∙ ഖത്തർ ലോകകപ്പിൽ ഇനി പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന പ്രഖ്യാപനവുമായി നിലവിലെ ചാംപ്യൻമാരായ ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫ്രാൻസ് പോളണ്ടിനെ വീഴ്ത്തിയത്. കിലിയൻ എംബപെ രണ്ടാം പകുതിയിൽ നേടിയ ഇരട്ടഗോളും (74, 90+1 മിനിറ്റുകൾ) ആദ്യ പകുതിയിൽ ഒലിവർ ജിറൂദ് (44–ാം മിനിറ്റ്) നേടിയ ഗോളുമാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. പോളണ്ടിന്റെ ആശ്വാസഗോൾ അവസാന നിമിഷങ്ങളിലെ നാടകീയ നിമിഷങ്ങൾക്കൊടുവിൽ പെനൽറ്റിയിൽനിന്ന് റോബർട്ട് ലെവൻഡോവിസ്കി നേടി.

ഡിസംബർ പത്തിന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് – സെനഗൽ മത്സര വിജയികളാണ് ഫ്രാൻസിന്റെ എതിരാളികൾ. കഴിഞ്ഞ ദിവസം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അർജന്റീനയ്‌ക്കെതിരെ അമിത പ്രതിരോധത്തിലൂന്നിയ കളിയുമായി വിമർശനം നേരിട്ടതിനു പിന്നാലെ, അടിമുടി മാറിയ പോളണ്ട് ടീമിനെയാണ് ഫ്രാൻസിനെതിരെ കളത്തിൽ കണ്ടത്. മൂന്നു ഗോളുകൾ വഴങ്ങിയെങ്കിലും, നിലവിലെ ചാംപ്യൻമാരെ വിറപ്പിക്കുന്ന പ്രകടനമാണ് ലെവൻഡോവിസ്കിയുടെ പോളണ്ട് അൽ തുമാമ സ്റ്റേഡിയത്തിൽ പുറത്തെടുത്തത്. പക്ഷേ പരിചയ സമ്പത്തും താരങ്ങളുടെ വ്യക്തിഗത മികവും ചേർന്നതോടെ, പോളണ്ടിനെ മറികടന്ന് ഫ്രാൻസ് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു.

പോളണ്ടിനെതിരെ നേടിയ ഇരട്ടഗോളുകളോടെ, ഖത്തർ ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ എംബപെ മുന്നിലെത്തി. ഖത്തറിൽ എംബപെയുടെ അഞ്ചാം ഗോളാണിത്. രണ്ടാം സ്ഥാനത്തുള്ളവർക്ക് ഇതുവരെ നേടാനായത് മൂന്നു ഗോളുകൾ മാത്രം. ഫ്രാ‍ൻസിന്റെ ആദ്യ ഗോൾ നേടിയ ജിറൂദും ഒരു സുവർണ നേട്ടം സ്വന്തമാക്കി. ഫ്രഞ്ച് ജഴ്സിയിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന നേട്ടമാണ് ജിറൂദ് സ്വന്തം പേരിലാക്കിയത്. ദേശീയ ടീമിനായി ജിറൂദിന്റെ 52–ാം ഗോളാണിത്. ജിറൂദ് പിന്നിലാക്കിയത് സാക്ഷാൽ തിയറി ഹെൻറിയെ.

∙ ഗോളുകൾ വന്ന വഴി

ഫ്രാൻസ് ആദ്യ ഗോൾ: അർജന്റീനയ‌്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലെ അമിത പ്രതിരോധം വിട്ട് ഇത്തവണ ആക്രമണത്തിലേക്കു കൂടുമാറിയ പോളണ്ട്, പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ഇരു പകുതികളിലും ഫ്രഞ്ച് പടയെ അക്ഷരാർഥത്തിൽ വിറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇതിനിടെയാണ് ജിറൂദിലൂടെ ഫ്രാൻസ് ലീഡ് നേടിയത്. പോളണ്ട് ഗോൾമുഖം ലക്ഷ്യമാക്കി ഫ്രാൻസ് നടത്തിയ മുന്നേറ്റമാണ് ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഫ്രാൻസിന് ലീഡ് സമ്മാനിച്ചത്. ബോക്സിനുള്ളിൽ കിലിയൻ എംബപ്പെ നൽകിയ ത്രൂപാസ് പിടിച്ചെടുത്ത ജിറൂദ്, ഗോൾകീപ്പറിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. സ്കോർ 1–0.

ഫ്രാൻസ് രണ്ടാം ഗോൾ: പോളണ്ടിന്റെ ആക്രമണത്തിന്റെ മുനയൊടിച്ച് ഫ്രഞ്ച് നിര നടത്തിയ കൗണ്ടർ അറ്റാക്കിൽനിന്നാണ് രണ്ടാം ഗോൾ പിറന്നത്. പോളണ്ട് ബോക്സിലേക്ക് ഫ്രാൻസ് നടത്തിയ മുന്നേറ്റത്തിനു തുടക്കമിട്ടത് ഒലിവർ ജിറൂദ്. സ്വന്തം പകുതി പിന്നിടുമ്പോഴേയ്ക്കും ജിറൂദ് നീട്ടിനൽകിയ പന്ത് ഒസ്മാൻ ഡെംബലയിലേക്ക്. മുന്നേറ്റത്തിനിടെ ഒന്ന് കട്ട് ചെയ്ത അകത്തേക്ക് കടന്ന ഡെംബലെ, പന്ത് എംബപ്പെയ്ക്ക് മറിച്ചു. സമയമെടുത്ത് എംബപ്പെ പായിച്ച ഷോട്ട് ഷെസ്നിയുടെ നീട്ടിയ കൈകൾക്കു മുകളിലൂടെ പോസ്റ്റിന്റെ ഇടതുമൂലയിൽ തുളച്ചുകയറി. സ്കോർ 2–0.

ഫ്രാൻസ് മൂന്നാം ഗോൾ: ഖത്തർ ലോകകപ്പിന്റെ താരമാകാൻ താൻ മുൻനിരയിലുണ്ടെന്ന പ്രഖ്യാപനവുമായി ഒരിക്കൽക്കൂടി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ. മത്സരം മുഴുവൻ സമയം പിന്നിട്ട് ഇൻജറി ടൈമിലേക്ക് കടന്നതിനു തൊട്ടുപിന്നാലെയായിരുന്നു പോളണ്ടിന് ‘ഇൻജറി’ സമ്മാനിച്ച് എംബപെയുടെ രണ്ടാം ഗോൾ. ഇത്തവണ ഗോളിനു വഴിയൊരുക്കിയത് മാർക്കസ് തുറാം. ബോക്സിനുള്ളിൽ തുറാം നീട്ടിനൽകിയ പന്തിനെ കാലിൽക്കൊരുത്ത് എംബപെ പായിച്ച ബുള്ളറ്റ് ഷോട്ട്, പോളണ്ട് ഗോൾകീപ്പർ വോയ്ചെക് ഷെസ്നിയെ മറികടന്ന് വലയുടെ വലതു മൂലയിൽ തുളച്ചുകയറി. ഖത്തറിൽ എംബപെയുടെ അഞ്ചാം ഗോൾ. സ്കോർ 2–0.

പോളണ്ട് ആശ്വാസ ഗോൾ: ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽനിന്നാണ് പോളണ്ട് ആശ്വാസഗോൾ നേടിയത്. ഫ്രഞ്ച് ബോക്സിലേക്കെത്തിയ പോളണ്ട് മുന്നേറ്റം തടയുന്നതിനിടെ ദയോട്ട് ഉപമെകാനോ പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു പെനൽറ്റി. ലെവൻഡോവിസ്കി എടുത്ത ആദ്യ കിക്ക് ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് തടഞ്ഞെങ്കിലും, കിക്കെടുക്കും മുൻപേ ഫ്രഞ്ച് താരങ്ങൾ ബോക്സിൽ പ്രവേശിച്ചതിനാൽ റഫറി വീണ്ടും പെനൽറ്റി വിധിച്ചു. ഇത്തവണ കിക്കെടുത്ത ലെവൻഡോവിസ്കി പിഴവുകളില്ലാതെ പന്ത് വലയിലാക്കി. ഖത്തർ ലോകകപ്പിൽ അവസാന സെക്കൻഡിൽ ആശ്വാസഗോളുമായി പോളണ്ടിന് മടക്കം. സ്കോർ 1–3.

∙ അടിമുറി മാറി ഫ്രാ‍ൻസ്

തുനീസിയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ‍ഞെട്ടിക്കുന്ന തോൽവി വഴങ്ങി പരീക്ഷണ ടീം അഴിച്ചുപണിത്, സമ്പൂർണ ടീമുമായിട്ടാണ് ദിദിയെ ദെഷാം ഫ്രാൻസിനെ കളത്തിലിറക്കിയത്. ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് ഉൾപ്പെടെയുള്ളവർ ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ കളിച്ചവരിൽ ടീമിൽ ഇടം നിലനിർത്തിയത് റാഫേൽ വരാൻ, ഔറേലിയൻ ചൗമേനി എന്നിവർ മാത്രം. അർജന്റീനയോട് അവസാന ഗ്രൂപ്പ് മത്സരത്തിൽ തോറ്റ ടീമിൽ രണ്ടു മാറ്റങ്ങളാണ് പോളണ്ട് വരുത്തിയത്.

English Summary: France vs Poland FIFA World Cup 2022, Live Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com