ADVERTISEMENT

കരിയറിലെ 1,000–ാം മത്സരത്തിൽ ലയണൽ മെസ്സി കളിക്കാരനായിരുന്നില്ല. മജീഷ്യനോ കലാകാരനോ ആയിരുന്നു. മനോഹരമായൊരു പെയിന്റിങ് പോല ഓർത്തുവയ്ക്കാവുന്നൊരു ഗോൾമുഹൂർത്തം സൃഷ്ടിച്ചത് മെസ്സയിലെ കലാകാരനാണോ ജാലവിദ്യക്കാരനാണോ എന്നു നിശ്ചയമില്ല. ആ വിരുതിന്റെ മികവിൽ ഓസ്ട്രേലിയയ്ക്കെതിരെ 2–1 വിജയവുമായി അർജന്റീന ക്വാ‍ർട്ടറിലേക്ക് മാർച്ച് ചെയ്തപ്പോൾ, രണ്ടാം ഗോളിന്റെ പിന്തുണയുമായി ജൂലിയൻ അൽവാരസ് ആരാധ്യപുരുഷനൊപ്പം സ്കോർബുക്കിൽ തന്റെ പേരും എഴുതിച്ചേർത്തു.

77-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ സെൽഫ് ഗോൾ ഓസ്ട്രേലിയയുടെ പരാജയഭാരം കുറച്ചുവെന്നു മാത്രം. 35-ാം മിനിറ്റിലായിരുന്നു സ്റ്റേഡിയമൊന്നാകെ നിർന്നിമേഷരായി എഴുന്നേറ്റു നിന്ന മെസ്സി ഗോൾ. ഓസ്ട്രേലിയൻ ബോക്സിനു സമീപം മെസ്സി എടുത്ത ഫ്രീകിക്ക് ഓസ്ട്രേലിയൻ ഡിഫൻഡർ സൗട്ടർ ഹെഡ് ചെയ്തകറ്റിയപ്പോൾ പാപ്പു ഗോമസ് പുറംകാൽ കൊണ്ട് മെസ്സിക്കു മറിച്ചു. ഡി ആർക്കിനു സമീപം കാവലില്ലാതെ നിന്ന മക്അലിസ്റ്റർക്കു പന്തു നൽകി മെസ്സി ഓടിക്കയറി.

മക്അലിസ്റ്റർ നൽകിയ പന്ത് ഓട്ടമെൻഡി മെസ്സിക്കു മുന്നിലിട്ടു. രണ്ടു ടച്ച്. ഓസ്ട്രേലിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ പുല്ലിനെ ചുംബിച്ച് പന്ത് വലയിലെത്തിയപ്പോൾ ആ കലാസൃഷ്ടിക്കു പരിപൂർണതയായി. സമനിലയുമായി ആദ്യ പകുതിക്കു പിരിയാം എന്ന് ഓസ്ട്രേലിയ ആശ്വസിച്ചു നിൽക്കവെയാണ് മെസ്സി അവരെ ഞെട്ടിച്ചത്. ഓസ്ട്രേലിയൻ ഗോൾകീപ്പറെ നിരന്തരം പ്രസ് ചെയ്തു നിന്ന അൽവാരസിനു കിട്ടിയ സമ്മാനമായിരുന്നു  രണ്ടാം ഗോൾ.

ഗോൾകീപ്പർ മാറ്റ് റയാൻ ത്രോ ചെയ്ത പന്തിൽ കെയ് റൗളസിന്റെ ബാക്ക്പാസ് പിഴച്ചു. ചകിതനായ ഗോളിയെ സമ്മർദ്ദത്തിലാക്കി പന്തു തട്ടിയെടുത്ത അൽവാരസ് അതു നേരെ പോസ്റ്റിലേക്കു വിട്ടു.  77-ാം മിനിറ്റിൽ  അർജന്റീന പ്രതിരോധപ്പിഴവിൽ നിന്നു പന്തു കിട്ടിയ ക്രെയ്ഗ് ഗുഡ്‌വിന്റെ ഷോട്ട് എൻസോ ഫെർണാണ്ടസിന്റെ ശരീരത്തിൽ തട്ടി ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെ കബളിപ്പിച്ചു. ഓസ്ട്രേലിയയ്ക്ക് ആശ്വാസമായി ഒരു സെൽഫ് ഗോൾ!

English Summary : Messi outstanding performance in his 1000th match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com