കണ്ടെയ്നർ സ്റ്റേഡിയത്തിന് ഇനി കണ്ണടയ്ക്കാം- ഫുട്ബോളിലെ ഏറ്റവും സുന്ദരമായ ദൃശ്യം കണ്ട സംതൃപ്തിയോടെ! ഈ ലോകകപ്പിനു ശേഷം പൊളിച്ചുനീക്കുന്ന സ്റ്റേഡിയത്തിൽ ദക്ഷിണ കൊറിയയെ പൊളിച്ചടുക്കി ബ്രസീൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു. കടല കൊറിക്കുന്ന ലാഘവത്തോടെ ആദ്യ പകുതിയിൽ തന്നെ ബ്രസീൽ നേടിയത് നാലു ഗോളുകൾ. പോർച്ചുഗലിനെതിരെ അവസാന നിമിഷം ഗോൾ നേടി പ്രീ ക്വാർട്ടറിലെത്തിയ കൊറിയയ്ക്ക് ഒരു തിരിച്ചു വരവിനു പോലും അതോടെ അവസരമില്ലാതായി.
വിനിസ്യൂസ് ജൂനിയർ (7-ാം മിനിറ്റ്), നെയ്മാർ (13-പെനൽറ്റി), റിച്ചാലിസൺ (29), ലൂക്കാസ് പാക്കറ്റ (36) എന്നിവരാണ് ബ്രസീലിന്റെ സ്കോറർമാർ. 76-ാം മിനിറ്റിൽ സ്യൂങ് ഹോ പൈക്ക് കൊറിയയുടെ ഏകഗോൾ നേടി. വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടും.
ക്രൊയേഷ്യയ്ക്കെതിരെ പെനൽറ്റി ഷൂട്ടൗട്ട് വരെ പോരാടിയ ജപ്പാന്റെ വീര്യം കണ്ട ഏഷ്യൻ ആരാധകർ കൊറിയയിൽ നിന്നും അതു പ്രതീക്ഷിച്ചു. പക്ഷേ, കാമറൂണിനെതിരെ വീണു പോയ ബ്രസീലിനെയല്ല ഇന്നലെ കണ്ടത്. പരുക്കു മാറി നെയ്മാർ തിരിച്ചെത്തിയതോടെ ബ്രസീലിന്റെ മുന്നേറ്റങ്ങൾക്ക് നൃത്തചലനം തിരികെ വന്നു. അടിവച്ചടിവച്ച് കൊറിയൻ ബോക്സിലേക്കു കയറിയ ബ്രസീൽ 7-ാം മിനിറ്റിൽ തന്നെ ആദ്യ ഗോളടിച്ചു.
വലതു വിങ്ങിൽ കൊറിയൻ ഡിഫൻഡർമാരുടെ സമ്മർദം മറികടന്ന് പന്ത് നിയന്ത്രിച്ചെടുത്ത റാഫിഞ്ഞ നൽകിയ ക്രോസ് നെയ്മാർക്കു കിട്ടിയില്ലെങ്കിലും വന്നു വീണത് ബാക്ക് പോസ്റ്റിൽ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്ന വിനിസ്യൂസിന്റെ കാൽക്കൽ. ഒട്ടും തിടുക്കമില്ലാതെ പന്തു നിയന്ത്രിച്ചെടുത്ത് വിനിസ്യൂസ് പന്ത് ഗോളിലേക്കു വിട്ടു.
ബ്രസീലിന്റെ നിരന്തര മുന്നേറ്റങ്ങൾക്കു കിട്ടിയ സമ്മാനമായിരുന്നു രണ്ടാം ഗോൾ. ബോക്സിൽ റിച്ചാലിസണിനെ കൊറിയൻ ഡിഫൻഡർ വീഴ്ത്തിയതിന് ബ്രസീലിനു പെനൽറ്റി. സ്ലോ റണ്ണപ്പിനു ശേഷമുള്ള നെയ്മറുടെ കൂൾ കിക്കിൽ ബ്രസീൽ ലീഡുയർത്തി. മനോഹരമായ ഗോളുകൾക്കായുള്ള മത്സരമായി പിന്നെ. കൊറിയൻ ബോക്സിനു മുന്നിൽ പന്ത് അമ്മാനമാടി നിയന്ത്രിച്ച റിച്ചാലിസൺ തുടക്കമിട്ട നീക്കം രണ്ടു പാസുകൾക്കു ശേഷം റിച്ചാർലിസണിൽത്തന്നെ തിരിച്ചെത്തി. ആദ്യ കളിയിൽ സെർബിയയ്ക്കെതിരെ താൻ നേടിയ അക്രോബാറ്റിക് ഗോളിനോടു കിടപിടിക്കുന്ന മറ്റൊരു ഗോൾ. ഇടവേളയ്ക്കു മുൻപു തന്നെ ഒരു ഗോൾ കൂടി നേടി ബ്രസീൽ കളി തന്നെ തീർത്തു. ഇടതു പാർശ്വത്തിൽ നിന്ന് വിനിസ്യൂസ് ഉയർത്തി വിട്ട പന്തിൽ ലൂക്കാസ് പാക്കറ്റയുടെ വോളി. ബ്രസീൽ-4, കൊറിയ-0.
രണ്ടാം പകുതിയിൽ ബ്രസീൽ വിജയാലസ്യത്തിലായതോടെ കൊറിയ ഒന്നു തിരിച്ചടിച്ചു. 76-ാം മിനിറ്റിൽ ഒരു ഫ്രീകിക്കിൽ നിന്നു കിട്ടിയ പന്തിൽ പെയ്ക് സ്യൂങ് ഹോയുടെ കിടിലൻ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ ആലിസണിന് ഒരു അവസരവും നൽകിയില്ല. സുന്ദരമായി കളിച്ച ബ്രസീലിനെതിരെ ചാരുതയാർന്ന ഒരു ഗോൾ നേടി എന്ന ആശ്വാസത്തോടെ കൊറിയയ്ക്കു മടക്കം

ഒരു ഗോളും ഒരു അസിസ്റ്റും നേടിയ വിനിസ്യൂസ് ജൂനിയറാണ് ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തിലെ മിന്നും താരം. 2 ഗോൾഷോട്ടുകൾ തൊടുത്ത വിനിസ്യൂസ് 2 ഗോളവസരങ്ങളും സൃഷ്ടിച്ചു. 91 ശതമാനമാണ് പാസ് കൃത്യത. ഇടതുവിങ്ങിലൂടെയുള്ള വേഗത്തിലുള്ള ആക്രമണങ്ങൾക്കൊപ്പം, ബോക്സിലേക്ക് പ്രതിരോധ മതിൽ തകർത്ത് മുന്നേറാൻ കഴിവുള്ള താരം. 2019ൽ ബ്രസീൽ സീനിയർ ടീമിലെത്തിയ വിനിസ്യൂസ് 19 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
വിനിസ്യൂസ് ജൂനിയർ
ഫോർവേഡ്
ക്ലബ്: റയൽ മഡ്രിഡ്
(സ്പെയിൻ)
പ്രായം: 22
English Summary: Sublime Brazil crush South Korea 4-1 to storm into quarter-finals