ADVERTISEMENT

ബ്രസീൽ ടീം ഡാൻസ് ക്ലാസിനു പോകുന്നുണ്ടോ? ദക്ഷിണ കൊറിയയ്ക്കെതിരെയുള്ള മത്സരശേഷം ആരാധകർക്ക് ഇങ്ങനെ സംശയം തോന്നിയെങ്കിൽ അതിശയിക്കാനില്ല. കാരണം നൃത്തച്ചുവടുകളോടെയുളള നീക്കങ്ങൾക്കു ശേഷം  നേടിയ ഓരോ ഗോളിനു പിന്നാലെയും ഒന്നാന്തരം ഗ്രൂപ്പ് ഡാൻസ് നടത്തിയാണ് ബ്രസീൽ ആഘോഷിച്ചത്. ഒരുവേള കോച്ച് ടിറ്റെയും ഡാൻസിൽ പങ്കു ചേർന്നു. ബ്രസീലിന്റെ ഡാൻസ് കൊറിയൻ ടീമിനെ പരിഹസിക്കുന്നതായിരുന്നെന്ന് 

music-band
ഒസ് ക്യുബാദ െയ്റാസ് മ്യൂസിക് ബാൻഡ് അംഗങ്ങൾ.

ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം റോയ് കീൻ വിമർശിച്ചെങ്കിലും ബ്രസീൽ താരം റാഫിഞ്ഞ അതിനു മറുപടി നൽകി. ഞങ്ങളുടെ ജോഗോ ബോണിറ്റോ ഫുട്ബോൾ ശൈലിയുടെ ഭാഗമാണ് അതും. ഓരോ ഗോളിനും ഓരോ ആഘോഷം എന്ന രീതിയിൽ 10 ഡാൻസുകൾ വരെ ഞങ്ങൾ പഠിച്ചു വച്ചിട്ടുണ്ട്! ടീം ക്യാംപിൽ ആസ്ഥാന കൊറിയോഗ്രാഫർ ഇല്ലെങ്കിലും ബ്രസീൽ ടീം ഇപ്പോഴത്തെ ഡാൻസ് പഠിച്ചതിനു പിന്നിൽ നാലു പേരുണ്ട്. ബ്രസീലിലെ പ്രശസ്ത മ്യൂസിക് ബാൻഡ് ആയ ഒസ് ക്യുബാദെയ്റാസിലെ ഗുസ്താവിഞ്ഞോ, സീലെ, റാഫേൽ കാർലോസ് എന്ന ആർകെ, ലൂക്കാസ് ആൽവസ് എന്നിവർ.

FBL-WC2010-GOAL-CELEBRATION
1994 ലോകകപ്പിൽ ബെബറ്റോയുടെയും സഹതാരങ്ങളുടെയും തൊട്ടിലാട്ടം.

ഇവരുടെ ഏറ്റവും പുതിയ ഗാനമായ പഗദോവോ ദോ ബിരിംബോലയുടെ സ്റ്റെപ്പുകളാണ് വിനീസ്യൂസ് ജൂനിയർ തുടക്കമിട്ട് നെയ്മാർ, ലൂക്കാസ് പാക്കറ്റ, റാഫി‍ഞ്ഞ എന്നിവർ ഏറ്റുപിടിച്ചത്. പാട്ടുകാരായ മച്ചാഡെസ്, ഡിജെ സുലു എന്നിവർക്കൊപ്പം ചേർന്ന് ഒസ് ക്യുബാദെയ്റാസ് ഒരുക്കിയ ഗാനമാണിത്. ആ ഡാൻസ് കണ്ടപ്പോൾ ഞങ്ങളുടെ ഹൃദയം നിലച്ചു പോയി- ലോകം നോക്കി നിൽക്കെ ബ്രസീൽ ടീം തങ്ങളുടെ പാട്ടിന്റെ താളത്തിൽ തുളളിയതിനെക്കുറിച്ച് എൽ.സി എന്നറിയപ്പെടുന്ന ലൂക്കാസ് ആൽവസിന്റെ വാക്കുകൾ. വിനീസ്യൂസിന്റെ സഹോദരനും തങ്ങളുടെ സുഹൃത്തുമായ നെറ്റിഞ്ഞോ വഴിയാണ് പാട്ടുകൾ ബ്രസീൽ ക്യാംപിലെത്തിയത്.

women-brazil-players-celebrating
2012 ലണ്ടൻ ഒളിംപിക്സിൽ ബ്രസീൽ വനിതാ ഫുട്ബോൾ ടീമിന്റെ ഗോളാഘോഷം.

ഞങ്ങളുടെ മറ്റു പാട്ടുകളും വിനീസ്യൂസ് സഹതാരങ്ങളെ പഠിപ്പിക്കുമെന്നാണ് പ്രതീക്ഷ- സീലെ എന്ന കൊവാൻ മൊണ്ടെയ്റോയുടെ വാക്കുകൾ.റിയോ ഡി ജനീറോയിലെ ഫൊൺസേക പ്രവിശ്യയിൽ നിന്നുളള ഇവർ നാലു വർഷം മുൻപാണ് റാപ്പും പോപ്പും ഫങ്കുമെല്ലാം കലർന്ന മ്യൂസിക് ബാൻഡ് രൂപീകരിച്ചത്. ടിക്ടോക്കിലും സ്പോർട്ടിഫൈയിലുമെല്ലാം ഒട്ടേറെ ഫോളോവേഴ്സ് ഉണ്ടെങ്കിലും ഇവരുടെ ഇപ്പോഴത്തെ മേൽവിലാസം മറ്റൊന്നാണ്- ബ്രസീൽ ഫുട്ബോൾ ടീമിന്റെ ഡാൻസ് മാസ്റ്റേഴ്സ്! 

ആഘോഷം, അതാണ് ബ്രസീൽ!

ഗോളടിച്ചതിനു ശേഷമുള്ള ബ്രസീൽ ടീമിന്റെ ആഘോഷങ്ങൾ പണ്ടേ പ്രശസ്തമാണ്. 1994 ലോകകപ്പിൽ ബ്രസീൽ താരം ബെബറ്റോയുടെ തൊട്ടിലാട്ടം ഇപ്പോഴും പല കളിക്കാരും അനുകരിക്കുന്ന ഒന്ന്. ഹോളണ്ടിനെതിരെ ആദ്യ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം ടച്ച്ലൈനിലേക്ക് ഓടിയെത്തിയ ബെബറ്റോയുടെ കൈ കൊണ്ടുള്ള തൊട്ടിലാട്ടത്തിൽ സഹതാരങ്ങളായ റൊമാരിയോ, മാസിഞ്ഞോ എന്നിവരും പങ്കു ചേർന്നു.

ആയിടെ പിറന്ന മകൻ മാത്യൂസ് ഒളിവേരയ്ക്കുള്ള സ്നേഹസമ്മാനമായിട്ടായിരുന്നു ആഘോഷം. മുൻ ബ്രസീൽ താരം സോക്രട്ടീസിന്റെ ഹെയർ ബാൻഡ്, റൊണാൾഡോയുടെ ട്രയാംഗിൾ ഹെയർ സ്റ്റൈൽ, ഇപ്പോഴത്തെ ടീമിലുള്ള റിച്ചാർലിസന്റെ പീജിയൻ ഡാൻസ് എന്നിവയും പ്രശസ്തമാണ്. റിയോ ഡി ജനീറോയിലെ ഒസ് പെർസെഗ്യുദോറസ് ബാൻഡിൽ നിന്നാണ് തനിക്ക് ഈ നൃത്തച്ചുവടുകൾ കിട്ടിയതെന്ന് റിച്ചാർലിസൻ വെളിപ്പെടുത്തിയിരുന്നു.

English Summary : Brazil players Dance celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com