കണ്ടെയ്‌നർ ഇനി കടലു കടക്കും!
Mail This Article
പേരു മുതൽ നിർമിതിയിൽ വരെ സവിശേഷതകൾ നിറഞ്ഞ, ഫിഫ ലോകകപ്പ് ചരിത്രത്തിലെ പ്രഥമ കണ്ടെയ്‌നർ നിർമിത സ്റ്റേഡിയം ഇനി പൊളിച്ചു മാറ്റും. തിങ്കളാഴ്ച രാത്രി നടന്ന ബ്രസീൽ-ദക്ഷിണ കൊറിയ മത്സരമായിരുന്നു ഖത്തറിന്റെ ഇന്റർനാഷനൽ ഡയലിങ് കോഡായ 974ന്റെ പേരിൽ അറിയപ്പെട്ട സ്റ്റേഡിയം 974ലെ അവസാന മത്സരം. പൂർണമായും പൊളിച്ചുമാറ്റാവുന്നതും പുനരുപയോഗിക്കാവുന്നതുമായ 974 ഷിപ്പിങ് കണ്ടെയ്‌നറുകളും മോഡുലാർ ബ്ലോക്കുകളും കൊണ്ടാണ് ദോഹ കോർണിഷിന്റെ തീരത്ത് റാസ് അബു അബൗദിൽ സ്റ്റേഡിയം നിർമിച്ചത്.
ഡിസംബർ 16ന് ഫാഷനും സംഗീതവും വിനോദവും സമന്വയിപ്പിച്ചുള്ള ഖത്തർ ഫാഷൻ യുണൈറ്റഡ് ഇവന്റിനു കൂടി സ്റ്റേഡിയം വേദിയാകും. ലോകകപ്പ് ഫൈനലിനു പിന്നാലെ സ്റ്റേഡിയം പൊളിച്ചു നീക്കുകയും ചെയ്യും. സീറ്റുകളും കണ്ടെയ്‌നറുകളും ബ്ലോക്കുകളും മറ്റു രാജ്യങ്ങളിലെ നിർമാണപ്രവർത്തങ്ങൾക്കു സംഭാവന നൽകും. ലോകകപ്പിന്റെ ഓർമ നിലനിർത്തി, സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മനോഹരമായ പബ്ലിക് പാർക്ക് നിർമിക്കാനാണു പദ്ധതി. 45,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തിൽ ലോകകപ്പിലെ 7 മത്സരങ്ങളിലായി 2,97,854 ആരാധകരാണ് എത്തിയത്. അർജന്റീനയും പോളണ്ടും തമ്മിൽ നടന്ന മത്സരത്തിനാണ് ഗാലറി നിറഞ്ഞത്- 44,089 പേർ.
English Summary : Stadium 974 will be Dismantled