സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരം സ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിനുള്ള പോർച്ചുഗീസ് ടീമിൽ ഇടംപിടിച്ച യുവതാരം – ലുസെയ്ൽ സ്റ്റേഡിയത്തിൽ പോർച്ചുഗലും സ്വിറ്റ്സർലൻഡും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിന്റെ കിക്കോഫിനു മുൻപ് ഗോൺസാലോ റാമോസിനെ ആരാധകർ ശ്രദ്ധിച്ചത് ഇങ്ങനെയായിരുന്നു. 74–ാം മിനിറ്റിൽ ഇതേ റൊണാൾഡോ ഉൾപ്പെടെ മൂന്നു താരങ്ങളെ പകരമിറക്കുന്നതിനായി പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റസ് തിരികെ വിളിക്കുമ്പോഴേയ്ക്കും, പകരം വയ്ക്കാനില്ലാത്ത ഒരുപിടി റെക്കോർഡുകൾ സ്വന്തം പേരിലാക്കിയാണ് റാമോസ് മടങ്ങിയത്. ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക് എന്ന നേട്ടത്തിൽ തുടങ്ങി, ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ പോർച്ചുഗീസ് താരമെന്ന നേട്ടം വരെ എത്രയെത്ര റെക്കോർഡുകൾ! ഈ റെക്കോർഡ് നേട്ടങ്ങൾക്കൊപ്പം തന്നെ, റാമോസിന്റെ ഹാട്രിക് പോർച്ചുഗൽ ഫുട്ബോളിൽ മാറ്റത്തിന്റെ ചില അലയൊലികളും മുഴക്കുന്നുണ്ട്. ഗോൾമുഖത്ത് പഴയ മൂർച്ചയില്ലെന്ന് പലകുറി തെളിയിച്ച മുപ്പത്തേഴുകാരനായ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഈ പുത്തൻ താരോദയം എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാന ആകാംക്ഷ. പ്രത്യേകിച്ചും, റൊണാൾഡോയ്ക്കു പകരമെത്തിയാണ് യുവതാരം ഹാട്രിക് നേടിയതെന്ന വസ്തുത നിലനിൽക്കുമ്പോൾ. ക്ലബ് കരിയറിൽ മികവിന്റെ ഔന്നത്യത്തിൽനിന്ന് തിരിച്ചിറക്കത്തിന്റെ പാതയിലുള്ള ക്രിസ്റ്റ്യാനോ, ദേശീയ ടീമിലും അതേ ‘ഇറക്കത്തെ’ അഭിമുഖീകരിക്കുകയാണോ?
HIGHLIGHTS
- ‘പകരക്കാരനാ’യെത്തി ഹാട്രിക്; റാമോസ് ഇനി തുരുപ്പുചീട്ട്?
- പോർച്ചുഗല്‍ ദേശീയ ടീമിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി അനിശ്ചിതത്വത്തിൽ?
- ആരാധകർക്കു പിന്നാലെ പരിശീലകനും ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൈവിടുന്നോ?