ADVERTISEMENT

ദോഹ ∙ ആയിരം എന്നു കേട്ടാൽ സ്പാനിഷ് ഫുട്ബോൾ ആരാധകർ ഇനി ഓർക്കുക തങ്ങളുടെ ടീമിനെയാകും! ലോകകപ്പിനു മുൻപ് തന്റെ കളിക്കാർ ആയിരം പെനൽറ്റി കിക്കുകൾ പരിശീലിച്ചു എന്നാണ് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വെ അവകാശപ്പെട്ടിരുന്നത്. എന്നാൽ, മൊറോക്കോയ്ക്കെതിരെ ഷൂട്ടൗട്ടിൽ മൂന്നു കിക്കുകളും അവർക്കു ലക്ഷ്യത്തിലെത്തിക്കാനായില്ല. കളിയിൽ നിശ്ചിത സമയത്തും അധിക സമയത്തുമായി 1019 പാസുകളാണ് അവർ നടത്തിയത്. എന്നിട്ടും ഒരു ഗോൾ പോലും നേടാനായതുമില്ല!

മഞ്ഞക്കാർഡ് 

കുറിയ പാസുകളുടെ കൂമ്പാരമായ ടിക്കി ടാക്ക ശൈലിയിലൂടെ 2010 ലോകകപ്പും രണ്ട് യൂറോകപ്പും നേടിയതോടെയാണ് സ്പെയിനിന് പാസിന്റെ അസ്കിത പിടികൂടിയത്. മറ്റു ടീമുകളെല്ലാം പന്തു കിട്ടിയാൽ എത്രയും പെട്ടെന്ന് എതിർ ടീമിന്റെ പെനൽറ്റി ബോക്സിലെത്താൻ തിടുക്കപ്പെട്ടപ്പോൾ സ്പെയിൻ നിന്നിടത്തു തന്നെ നിന്നു.

സ്പാനിഷ് ദേശീയ ടീമിന്റെ നഴ്സറിയായ ബാർസിലോന ക്ലബ്ബും പാസ് വിതരണക്കാരായ മിഡ്ഫീൽഡർമാരെ മാത്രം വളർത്തിയെടുത്തപ്പോൾ റൗൾ ഗോൺസാലെസ്, ഡേവിഡ് വിയ്യ, ഫെർണാണ്ടോ ടോറസ് തുടങ്ങിയവരെപ്പോലുള്ള സ്ട്രൈക്കർമാർ പിന്നീട്  സ്പെയിനിൽ ഉണ്ടായതുമില്ല.

മൊറോക്കോയോടു തോറ്റ സ്പെയിൻ താരങ്ങളുടെ നിരാശ
മൊറോക്കോയോടു തോറ്റ സ്പെയിൻ താരങ്ങളുടെ നിരാശ

പാസിങ്ങിലും ബോൾ പൊസഷനിലും ഊന്നിയുള്ള തങ്ങളുടെ ശൈലി കാലഹരണപ്പെട്ടു എന്നതിന് സ്പെയിന് മുന്നറിയിപ്പ് നേരത്തേ കിട്ടിയതാണ്. 2018 ലോകകപ്പ് പ്രീ ക്വാർട്ടറിൽ റഷ്യയോടുള്ള ഷൂട്ടൗട്ട് തോൽവി ടിക്കിടാക്കയ്ക്കു കിട്ടിയ മഞ്ഞക്കാർഡ് ആയിരുന്നു. അന്ന് നിശ്ചിത സമയത്തും അധിക സമയത്തുമായി 1115 പാസുകൾ നടത്തിയിട്ടും സ്പെയിന് കളി തീർക്കാനായില്ല. 

മൊറോക്കോ താരങ്ങളുടെ വിജയാഘോഷം
മൊറോക്കോ താരങ്ങളുടെ വിജയാഘോഷം

ചുവപ്പു കാർഡ് 

ഇത്തവണ കോസ്റ്റാറിക്കയ്ക്കെതിരെ ആദ്യ മത്സരത്തിൽ 7-0നു ജയിച്ചതോടെ സ്പെയിൻ ഗോളടിക്കാനും പഠിച്ചു എന്നു കരുതിയതാണ്. 82 ശതമാനം ബോൾ പൊസഷനും 1045 പാസുകളും സഹിതമായിരുന്നു ആ ജയം. എന്നാൽ വെറും 17 ശതമാനം പൊസഷനും 228 പാസുകളുമായി ജപ്പാൻ അടുത്ത കളിയിൽ സ്പെയിനെ വീഴ്ത്തി. ആ മത്സരത്തിലും സ്പെയിൻ പാസുകളുടെ എണ്ണത്തിൽ ആയിരം കടന്നു. സമാനമായ രീതിയിലായി ഇത്തവണ മൊറോക്കോയ്ക്ക് എതിരെയുള്ള തോൽവിയും. 

English Summary: Morocco beat Spain in world cup football 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com