ADVERTISEMENT

ദോഹ∙ ഫ്രഞ്ച് സൂപ്പർതാരം ഇരുപത്തിമൂന്നുകാരൻ കിലിയൻ എംബപെയെ  വെല്ലുവിളിച്ച് ഇംഗ്ലണ്ടിന്റെ പ്രതിരോധതാരം കൈൽ വാക്കർ. എംബപെ മികച്ച കളിക്കാരനാണ് എന്നതിൽ തർക്കമില്ലെന്നും എന്നാൽ ഞങ്ങൾ ടെന്നിസല്ല ഫുട്‌ബോൾ ആണ് കളിക്കുന്നതെന്നും കൈൽ വാക്കർ പ്രതികരിച്ചു. ഇത് സോളോ സ്പോർട് അല്ല,  ടീം ഗെയിം ആണ്. അർഹമായ ബഹുമാനം നൽകുമെങ്കിലും അദ്ദേഹത്തിന് ഞങ്ങൾ ചുവപ്പുപരവതാനി വിരിക്കില്ല. അദ്ദേഹത്തെ ഞങ്ങൾ തടയുക തന്നെ ചെയ്യും– കൈൽ വാക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. ശനിയാഴ്ച നടക്കുന്ന ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരം ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലാണെന്നും, ഇംഗ്ലണ്ടും എംബപെയും തമ്മിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു. 

ക്വാർട്ടർ പോരാട്ടത്തിനിറങ്ങുമ്പോൾ ഫ്രാൻസിന്റെ എംബപ്പെയെയും ഒസ്മാൻ ഡെബലെയെയും പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട് ഉപയോഗിക്കുന്ന വജ്രായുധമാണ് കൈൽ വോക്കർ. എംബപ്പെയെ പോലെ തന്നെ  ഇംഗ്ലണ്ടിന്റെ പത്തൊൻപതുകാരൻ ജൂഡ് ബെലിങ്ങാമും മത്സരത്തിൽ ശ്രദ്ധാകേന്ദ്രമാകും. പോളണ്ടിനെതിരെ 2 കിടിലൻ ഗോളുകളിലൂടെയാണ് എംബപെ തന്റെ മികവ് വീണ്ടും തെളിയിച്ചതെങ്കിൽ സെനഗലിനെതിരെ മനോഹരമായ ഗോൾ ഒരുക്കിയാണ് ബെലിങ്ങാം വരവറിയിച്ചത്. ശനിയാഴ്ച ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ അത് ആഫ്രിക്കൻ പാരമ്പര്യമുള്ള ഈ രണ്ടു കളിക്കാർ തമ്മിലുള്ള മാറ്റുരയ്ക്കൽ കൂടിയാകും.

എന്തുകൊണ്ട് ബെലിങ്ങാം?

ഉജ്വലമായ ബോൾ കാരിയിങ് മികവാണ് ബെലിങ്ങാമിനെ ഒന്നാന്തരം മിഡ്ഫീൽഡറാക്കുന്നത്. പന്തു കൈവിടാതെ തന്നെ വേഗത്തിൽ ഓടാനും എതിർ ഡിഫൻഡർമാരെ മറികടക്കാനും സഹതാരങ്ങൾക്ക് കൃത്യമായി പാസ് ചെയ്യാനും ബെലിങ്ങാമിനു കഴിയുന്നു. സെനഗലിനെതിരെ ബെലിങ്ങാമിന്റെ അങ്ങനെയൊരു ഓട്ടമാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയത്. ജർമൻ ബുന്ദസ്‌ലിഗ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ താരമാണ്.

kyle-walker

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഗോൾ സ്കോറർമാരിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ബെലിങ്ങാം. ഇറാനെതിരെ ഗോളടിച്ചപ്പോൾ ബെലിങ്ങാമിന്റെ പ്രായം 19 വയസ്സ്, 145 ദിവസം.  മൈക്കൽ ഓവനാണ് (18 വയസ്സ്, 190 ദിവസം) പ്രായം കുറഞ്ഞയാൾ.

എന്തു കൊണ്ട് എംബപെ?

എതിർ ഡിഫൻഡർമാരെ കാതങ്ങൾ പിന്നിലാക്കുന്ന അതിവേഗമുള്ള ഓട്ടമാണ് എംബപെയെ ലോകോത്തര സ്ട്രൈക്കറാക്കുന്നത്. സഹതാരം പന്ത് റിലീസ് ചെയ്തതിനു ശേഷമേ ഓട്ടം തുടങ്ങൂ എന്നതിനാൽ എംബപെ ഓഫ്സൈഡ് ട്രാപ്പിലും കുരുങ്ങാറില്ല. പോളണ്ടിനെതിരെ മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിലായിരുന്നു എംബപെയുടെ ഒരു മുന്നേറ്റം. അതിവേഗത്തിൽ വെട്ടിയൊഴിഞ്ഞ് തകർപ്പൻ ഷോട്ടുകൾ പായിക്കാനുള്ള കഴിവും എംബപെയെ ഡിഫൻഡർമാരുടെ പേടി സ്വപ്നമാക്കുന്നു. പെനൽറ്റി ബോക്സിന്റെ വലതു പാർശ്വത്തിൽ പന്തു കിട്ടിയ അവസരങ്ങളിലാണ് എംബപെ രണ്ടു തവണയും ലക്ഷ്യം കണ്ടത്.

ലോകകപ്പിലെ ടോപ് സ്കോറർ പോരാട്ടത്തിൽ ഇപ്പോൾ ഒറ്റയ്ക്ക് ഒന്നാമതാണ് എംബപെ- 5 ഗോളുകൾ. 2 അസിസ്റ്റുകളും എംബപെയുടെ പേരിലുണ്ട്. കഴിഞ്ഞ ലോകകപ്പിലെ 4 ഗോളുകൾ കൂടി ചേർത്താൽ ആകെ 11 മത്സരങ്ങളിൽ 9 ഗോളുകൾ.

English Summary: England Can't Obsess Over Hotshot Kylian Mbappe At World Cup: Kyle Walker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com