ADVERTISEMENT

ഖത്തറിൽ അർജന്റീനയുടെ ആകാശനീലിമ മായുന്നില്ല, ലയണൽ മെസ്സി എന്ന സൂര്യൻ അസ്തമിക്കുന്നുമില്ല! അവസാന നിമിഷം ഗോൾ നേടി കളിയുടെ സസ്പെൻസ് പെനൽറ്റി ഷൂട്ടൗട്ടിലേക്കു വരെ നീട്ടിയ നെതർലൻഡ്സിനെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ വിശ്വസ്ത കരങ്ങളിൽ പിടിച്ചു മറികടന്ന് അർജന്റീന ലോകകപ്പ് സെമിഫൈനലിൽ കടന്നു. ഷൂട്ടൗട്ടിൽ ഡച്ച് ക്യാപ്റ്റൻ വിർജിൽ വാൻ ദെയ്ക്, സ്റ്റീവൻ ബെർഗുയിസ് എന്നിവരുടെ കിക്കുകൾ മാർട്ടിനസ് രക്ഷപ്പെടുത്തി. അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ കിക്ക് പുറത്തേക്കു പോയതോടെ വീണ്ടും സസ്പെൻസ്. എന്നാൽ അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ലൗറ്റാരോ മാർട്ടിനസ് അർജന്റീനയ്ക്കു വിജയം സമ്മാനിച്ചു. സ്കോർ 4-3. ചൊവ്വാഴ്ച ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിഫൈനലിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും.

നിശ്ചിത സമയത്ത് അർജന്റീന 2-1നു ജയമുറപ്പിച്ചു നിൽക്കവെ രണ്ടാം പകുതിയിൽ അധികമായി കിട്ടിയ 10 മിനിറ്റിലെ അവസാന സെക്കൻ‍ഡിലാണ് നെതർലൻഡ്സ് ഒപ്പമെത്തിയത്. അടിച്ചുയർത്തുന്നതിനു പകരം കൂപ്മെയ്നേഴ്സ് പന്ത് വെഗ്ഹോസ്റ്റിനു നിലംപറ്റെ നൽകി. ഉയർന്നു ചാടിയ അർജന്റീന താരങ്ങൾ കബളിപ്പിക്കൽ തിരിച്ചറിയും മുൻപേ വെഗ്ഹോസ്റ്റ് പന്ത് ഗോൾവര കടത്തി. സ്കോർ 2-2! കളിയിൽ അവസാനം വരെ ആധിപത്യം പുലർത്തിയതിനു ശേഷമുള്ള ആ ഞെട്ടലിൽ നിന്നുണർന്ന അർജന്റീന താരങ്ങൾ അധികസമയത്തും ആക്രമിച്ചു കളിച്ചെങ്കിലും നിർഭാഗ്യങ്ങളുടെ പെരുമഴ. ഒടുവിൽ ഷൂട്ടൗട്ടിന്റെ ഭാഗ്യപരീക്ഷണം. അതിൽ ഒരിക്കൽ കൂടി മാർട്ടിനസ് അർജന്റീനയുടെ കാവൽ മാലാഖയായി.

നേരത്തേ നിശ്ചിത സമയത്തിന്റെ 35-ാം മിനിറ്റിൽ നഹുവൽ മൊളീനയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയ മെസ്സി 73-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ രണ്ടാം ഗോളും നേടി. 83-ാം മിനിറ്റിൽ വൗട്ട് വെഗ്ഹോസ്റ്റിന്റെ ഹെഡറിൽ നെതർലൻഡ്സ് ഒരു ഗോൾ തിരിച്ചടിച്ച ശേഷം കളത്തിനകത്തും പുറത്തും കയ്യാങ്കളി കണ്ട മത്സരത്തിൽ റഫറിക്കു പുറത്തെടുക്കേണ്ടി വന്നത് 14 മഞ്ഞക്കാർഡുകൾ. രണ്ടാം പകുതിയിൽ അധികമായി അനുവദിച്ചത് 10 മിനിറ്റും!

emiliano-messi
ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ തടഞ്ഞ് രക്ഷകനായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് ലയണൽ മെസ്സിയുടെ അഭിനന്ദനം (ഫിഫ ലോകകപ്പ് ട്വീറ്റ് ചെയ്ത ചിത്രം)

ആദ്യ പകുതിയിൽ മെസ്സിയിലേക്കുള്ള വഴിയടയ്ക്കുന്നതിനു പകരം മെസ്സിയിൽ നിന്നുള്ള വഴിയടയ്ക്കാനാണ് ഡച്ച് താരങ്ങൾ ശ്രമിച്ചത്. എന്നിട്ടും മെസ്സി അവരെ മറികടന്നു. 35-ാം മിനിറ്റിൽ വലതു പാർശ്വത്തിൽ പന്തു കിട്ടിയ മെസ്സി ചടുലമായി ഓടിക്കയറി. നെതർലൻഡ്സ് താരങ്ങൾ വളഞ്ഞപ്പോഴേക്കും  ആരും കാണാത്ത ഒരു ഒരു നേർരേഖയിലൂടെ മൊളീനയ്ക്കു പന്തു നീട്ടി. ഒരു ഡിഫൻ‍ഡറുടെ കരുത്തോടെ ഡാലി ബ്ലിൻഡിനെ മറികടന്ന മൊളീന സ്ട്രൈക്കറുടെ കൗശലത്തോടെ ഡച്ച് ഗോൾകീപ്പർ നോപ്പെർട്ടിനെ നിസ്സഹായനാക്കി പന്തു വലയിലെത്തിച്ചു. അർജന്റീനയ്ക്കു വേണ്ടിയുള്ള 25-ാം മത്സരത്തിൽ റൈറ്റ് ബായ്ക്ക് മൊളീനയ്ക്ക് ആദ്യ ഗോൾ.71-ാം മിനിറ്റിൽ അക്യുനയെ ഡച്ച് താരം ഡംഫ്രൈസ് ബോക്സിനു തൊട്ട് ഉള്ളിൽ വീഴ്ത്തിയതിന് അർജന്റീനയ്ക്കു പെനൽറ്റി.   മെസ്സി പന്ത് വലയിലെത്തിച്ചു. 

English Summary: FIFA WC 2022 : Argentina beat the Netherlands 3-4 on penalties, advance to semis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com