ADVERTISEMENT

അൽ ഖോർ∙ അൽ ബൈത് സ്റ്റേഡിയത്തിലെ വിവിഐപി സീറ്റിൽ ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഡേവിഡ് ബെക്കാം കൈകളിൽ മുഖം ഒളിപ്പിച്ചു സങ്കടപ്പെട്ടിരുന്നു. മൈതാനമധ്യത്തെ പുൽപ്പരപ്പിൽ തല കുമ്പിട്ട് ഇപ്പോഴത്തെ നായകൻ ഹാരി കെയ്ൻ കണ്ണീരടക്കാൻ പാടുപെട്ടു. ഫ്രാൻസ് 2–1നു മുന്നിൽ നിൽക്കെ ലഭിച്ച പെനൽറ്റി താൻ പാഴാക്കിയതു മൂലമാണ് ഇംഗ്ലണ്ട് തോറ്റുപോയെതെന്ന വിഷമത്തിൽ നിന്ന കെയ്നിനെ, ആ നിമിഷം അങ്ങോട്ടു നടന്നെത്തിയ കോച്ച് ഗാരത് സൗത്ത്ഗേറ്റ് പുറത്തുതട്ടി ആശ്വസിപ്പിച്ചു. 1996 യൂറോ കപ്പ് സെമിയുടെ ഷൂട്ടൗട്ടിൽ ജർമനിക്കെതിരെ പെനൽറ്റി നഷ്ടപ്പെടുത്തിയ സൗത്ത്ഗേറ്റിനു കെയ്നിന്റെയും ഇംഗ്ലിഷ് ടീമിന്റെയും പ്രയാസം മനസ്സിലാകാതിരിക്കില്ലല്ലോ.

പക്ഷേ, ഇംഗ്ലണ്ടിന്റെ പരാജയത്തിനു കാരണം ഈ പെനൽറ്റി നഷ്ടം മാത്രമാണോ? മത്സരത്തിൽ പന്തവകാശത്തിലും (55%) ഓൺ ടാർഗറ്റ് ഷോട്ടുകളിലും (6) ഇംഗ്ലണ്ടായിരുന്നു മുന്നിൽ. ഫ്രാൻസിന്റെ അക്കൗണ്ടിൽ 45% പന്തവകാശവും 5 ഓൺ ടാർഗറ്റ് ഷോട്ടുകളുമാണുണ്ടായിരുന്നത്. ഈ കണക്കുകൾ പ്രകാരം നന്നായി കളിച്ചത് ഇംഗ്ലണ്ടാണെന്ന് വ്യാഖ്യാനിക്കാമെങ്കിലും ജയിച്ചത് മികച്ച ടീം തന്നെയാണ്. ഫ്രാൻസ് തങ്ങൾ സെമിയിലും ഫൈനലിലും സ്ഥാനം അർഹിക്കുന്നവരുടെ ശരീരഭാഷയോടെ കളിച്ചു. ‘കപ്പ് ഈസ് കമിങ് ഹോം’ എന്ന മുദ്രാവാക്യവുമായി കിരീടം സ്വന്തമാക്കാൻ അതിയായി ആഗ്രഹിച്ചുവെങ്കിലും ഇംഗ്ലണ്ടിന് അക്കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള വ്യത്യാസം ഒന്നാന്തരം ടീമും ചാംപ്യൻ ടീമും തമ്മിലുള്ള വേർതിരിവ് തന്നെയായിരുന്നു.

കഴിഞ്ഞ ലോകകിരീടത്തിൽ മുത്തമിട്ട 6 താരങ്ങളുമായി ഇറങ്ങിയ ഫ്രാൻസിനു സഭാകമ്പം ഒട്ടുമുണ്ടായിരുന്നില്ല. 1998ൽ ക്യാപ്റ്റനായും 2018ൽ പരിശീലകനായും കിരീടം നേടിയ അവരുടെ കോച്ച് ദിദിയെ ദെഷാം ഇത്തരം സമ്മർദ നിമിഷങ്ങൾ എത്രയോ പിന്നിട്ടതാണ്. ഇംഗ്ലണ്ടിന്റെ 1966ലെ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു ശേഷം 56 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അവരുടെ കോച്ചിനോ കളിക്കാർക്കോ ഇത്തരം അനുഭവങ്ങളോ ഓർമകളോ ഒന്നു പോലുമില്ല. ക്വാർട്ടർ ഫൈനലിലെ സമ്മർദം അതിജീവിക്കാൻ സൗത്ത്ഗേറ്റ് പഠിപ്പിച്ച പാഠങ്ങൾ ഇംഗ്ലിഷ് ഒരു വിധം നന്നായി നടപ്പാക്കുകയും ചെയ്തു.

മിഡ്ഫീൽഡിൽ വിങ്ങുകളിലേക്കു പാസ് ചെയ്ത് അതേ ദിശയിലൂടെ എതിർ ബോക്സിനകത്തേക്കു ക്രോസുകൾ നൽകി ഗോൾ നേടാനായിരുന്നു പ്ലാൻ. പക്ഷേ, നിർണായക നിമിഷങ്ങൾ ജയിക്കുന്ന ചാംപ്യൻ ടീമാകാനായിരുന്നു ഫ്രാൻസിന്റെ തീരുമാനം. അത്തരമൊരു നിമിഷത്തിൽ ഇംഗ്ലണ്ട് ബോക്സിനു പുറത്തു വച്ച് തനിക്കു പിന്നിൽനിന്ന ഓറീലിയൻ ചൗമേനിക്ക് അന്റോയ്ൻ ഗ്രീസ്മാൻ നൽകിയ പാസ് തങ്ങളുടെ വിധി കുറിക്കുമെന്ന് ഇംഗ്ലണ്ടിനു തിരിച്ചറിയാനായില്ല.   ഗ്രീസ്മാൻ തൂക്കിയിട്ട ക്രോസ് ഫ്രഞ്ച് സ്ട്രൈക്കർ ഒളിവർ ജിറൂദിന് അത്രയും  തലപ്പാകമായിരുന്നു. ഫ്രാൻസ് സെമിയിൽ! 

ദുരന്തനായകർ !

ഇംഗ്ലണ്ട് ടീമിൽ നിലവിൽ ഏറ്റവും മികച്ച പെനൽറ്റി റെക്കോർഡുള്ള താരമാണ് ക്യാപ്റ്റൻ ഹാരി കെയ്ൻ. 2013–14 സീസൺ മുതൽ ഹാരി കെയ്ൻ അടിച്ചത് 71 പെനൽറ്റികൾ. അതിൽ 61 എണ്ണം ഗോളായി. ഫ്രാൻസിനെതിരായ മത്സരത്തിൽ ആദ്യ പെനൽറ്റി ഗോളാക്കി ഇംഗ്ലണ്ടിന്റെ ഹീറോയായ കെയ്ൻ, നിർണായകമായ രണ്ടാം പെനൽറ്റി നഷ്ടപ്പെടുത്തി ദുരന്തനായകനായി. 1982 ലോകകപ്പിൽ ആദ്യമായി പെനൽറ്റി ഷൂട്ടൗട്ട് വന്നതിനുശേഷം ഇതുവരെ 34 മത്സരങ്ങളുടെ വിധി ഷൂട്ടൗട്ടിലൂടെ നിശ്ചയിച്ചു. ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് മത്സരങ്ങളിൽ പെനൽറ്റി നഷ്ടപ്പെടുത്തി ദുരന്തനായകരായവരെ പരിചയപ്പെടാം:

സീക്കോ, സോക്രട്ടീസ് (ബ്രസീല്‍)

1986 ലോകകപ്പ്: ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ ഷൂട്ടൗട്ടിൽ ബ്രസീലിന്റെ ഇതിഹാസ താരങ്ങളായ സീക്കോ, സോക്രട്ടീസ് എന്നിവർ പെനൽറ്റി നഷ്ടപ്പെടുത്തി. ഷൂട്ടൗട്ടിൽ 5–3നു ബ്രസീൽ തോറ്റു. നിശ്ചിത സമയത്തെ സ്കോർ 1–1.

അസമോവ ഗ്യാൻ (ഘാന)

2010 ലോകകപ്പ്: യുറഗ്വായ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം ലഭിച്ച പെനൽറ്റി അസമോവ ഗ്യാൻ നഷ്ടപ്പെടുത്തിയതിലൂടെ സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന റെക്കോർഡാണ് ഘാനയ്ക്ക് നഷ്ടമായത്. യുറഗ്വായ് താരം ലൂയിസ് സ്വാരസ് ബോക്സിനുള്ളിൽ പന്ത് കൈകൊണ്ടു പിടിച്ചതിനാണ് പെനൽറ്റി അനുവദിച്ചത്. പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരം 4–2 യുറഗ്വായ് ജയിച്ചു.

റോബർട്ടോ ബാജിയോ (ഇറ്റലി)

1994 ലോകകപ്പ്: നിശ്ചിത സമയവും അധികസമയവും കടന്ന് പെനൽറ്റി ഷൂട്ടൗട്ടിലെത്തിയ ബ്രസീൽ–ഇറ്റലി ഫൈനലിൽ ഇറ്റലിയുടെ റോബർട്ടോ ബാജിയോയുടെ പിഴവ് ബ്രസീലിന് സമ്മാനിച്ചത് അവരുടെ നാലാം ലോകകപ്പ് കിരീടം. ബാജിയോ ടൂർണമെന്റിലുടനീളം അഞ്ചു ഗോളുകൾ നേടിയിരുന്നു. പെനൽറ്റി പാഴാക്കിയ ബാജിയോ നിരാശനായി നിൽക്കുന്ന ചിത്രം കാൽനൂറ്റാണ്ടിനു ശേഷവും പ്രശസ്തമാണ്.

ക്രിസ് വാഡിൽ (ഇംഗ്ലണ്ട്)

1990 ലോകകപ്പ്: ജർമനിക്കെതിരായ സെമിഫൈനലിൽ പെനൽറ്റി നഷ്ടപ്പെടുത്തി ഇംഗ്ലണ്ടിന്റെ ക്രിസ് വാഡിൽ ദുരന്തനായകനായി. നിശ്ചിത സമയത്ത് 1–1 സമനിലയിലായതിനെത്തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ ജർമനിയുടെ ജയം 4–3ന് ആയിരുന്നു.

English Summary: Fifa World Cup 2022 France vs England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com