ADVERTISEMENT

ദോഹ∙ കേരളത്തിന്റെ ഫുട്ബോൾ ആവേശം സാക്ഷാല്‍ നെയ്മാറുടെ അടുത്തും എത്തി. കേരളത്തിലെ ബ്രസീൽ ആരാധകർ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടിന്റെ ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച സൂപ്പർ താരം കേരളത്തിനുള്ള നന്ദിയും അറിയിച്ചു. നെയ്മാറിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പങ്കുവച്ചത്. ഇത് വളരെ അപ്രതീക്ഷിതമാണെന്നും സന്തോഷം പറഞ്ഞറിയിക്കാനാകുന്നില്ലെന്നും നെയ്മാർ പങ്കുവച്ച കട്ടൗട്ടിന്റെ ഫോട്ടോ എടുത്ത അദീബ് മനോരമ ന്യൂസിനോടു പറഞ്ഞു.

‘‘മലപ്പുറം ചങ്ങരംകുളത്ത് ഒതല്ലൂരിൽ ബ്രസീൽ ആരാധകരായ നാട്ടുകാർ സ്ഥാപിച്ച നെയ്മാറിന്റെ കൂറ്റൻ ഫ്ലക്സാണ് ചിത്രത്തിലുള്ളത്. അത് നോക്കി നിൽക്കുന്നത് കൂട്ടുകാരനും അവന്റെ ഒക്കത്തിരിക്കുന്ന മകനുമാണ്. ചിത്രം ഇത്രമാത്രം വൈറൽ ആകുമെന്നോ അത് നെയ്മാറിന്റെ ശ്രദ്ധയിൽപ്പെടുമെന്നോ കരുതിയില്ല. ഒഫീഷ്യൽ പേജിൽ ചിത്രം കണ്ടത് വളരെ അപ്രതീക്ഷിതമായിട്ടാണ്. 

ബ്രസീലിന്റെയും നെയ്മാറിന്റെയും വലിയ ആരാധകനായ എനിക്കിത് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്’’– വിഎഫ്എക്സ് ഗ്രാഫിക്സ് ഡിസൈൻ വിദ്യാർഥിയായ അദീബ് പ്രതികരിച്ചു. ഇന്ത്യയിലെ നെയ്മാർ ഫാൻസ് വെൽഫയർ അസോസിയേഷന്റെ പേജ് ഈ ചിത്രം പങ്കുവച്ചിരുന്നു. അവരെ ടാഗ് ചെയ്തും അദീബിന് കടപ്പാട് വെച്ചുമാണ് നെയ്മാർ ചിത്രം ഷെയർ ചെയ്തത്.

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോടു പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ബ്രസീൽ പുറത്തായത്. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ നെയ്മാറാണ് ബ്രസീലിനായി ഗോൾ നേടിയത്. എന്നാൽ 117–ാം മിനിറ്റിൽ ബ്രൂണോ പെറ്റ്കോവിച്ചിലൂടെ ക്രൊയേഷ്യ ഗോള്‍ മടക്കി. പെനൽറ്റിയിൽ 4–2 നാണ് ക്രൊയേഷ്യയുടെ വിജയം.

പുറത്തായതിനു ശേഷം കരഞ്ഞുകൊണ്ടാണ് നെയ്മാർ ഗ്രൗണ്ട് വിട്ടത്. ലോകകപ്പിനു ശേഷം നെയ്മാർ ഫുട്ബോളിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കുമെന്നാണു വിവരം. ബ്രസീൽ ടീമിനായി ഇനി വരുന്ന ചില മത്സരങ്ങളിൽ താരം കളിക്കില്ല.

English Summary: Neymar jr insta post on huge cutout at Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com