ADVERTISEMENT

ലോകകപ്പ് ഫുട്ബോളും പത്താം നമ്പർ ജേഴ്‌സിയും തമ്മിൽ വലിയ ബന്ധമുണ്ട്. കാൽപന്തിന്റെ ചരിത്രം പത്താം നമ്പറുകരില്ലാതെ എഴുതി പൂർത്തിയാക്കാൻ കഴിയില്ല. ഇതിഹാസങ്ങളുടെ നമ്പറായാണ് എല്ലാ കാലവും പത്താംനമ്പറിനെ വാഴ്ത്തുന്നത്. ഓരോ ടീമിലേയും സൂപ്പര്‍ താരങ്ങള്‍ കാലങ്ങളായി കൈവശം സൂക്ഷിക്കുന്ന മാന്ത്രിക സംഖ്യ. ഹാരി പോട്ടറിലെ മാജിക് ഹാറ്റ് ഓരോ ഹൗസിലേയും വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കയാണ് ചെയ്യാറ്. അതുപോലെ ഇതിഹാസങ്ങളെ പത്താംനമ്പര്‍ ജഴ്സി സ്വയം തിരഞ്ഞെടുക്കുന്നതാകാം.

പത്താം നമ്പറിനെക്കുറിച്ചു പറയുമ്പോള്‍ പെലെയെ അല്ലാതെ മറ്റാരെ ആദ്യം ഓര്‍ക്കും. ബ്രസീലിയൻ ഇതിഹാസം അണിഞ്ഞിരുന്നത് പത്താം നമ്പർ കുപ്പായം. ആ കുപ്പായത്തിലയാള്‍‍ കാനറികള്‍‍ക്കു മൂന്നു ലോകകിരീടം സമ്മാനിച്ചു. മൂന്ന് ലോകകിരീടങ്ങള്‍ നേടിയ ഏകതാരവും പെലെ മാത്രം. അർജന്റീനയെന്ന ലാറ്റിനമേരിക്കന്‍‍ രാജ്യത്തെ രണ്ടാംവട്ടം ലോകത്തിന്‍റെ നെറുകയിലെത്തിച്ചത് ഡിയേഗോ മറഡോണ. ആ കുറിയ മനുഷ്യൻ പത്താം നമ്പറിൽ കാട്ടിയ പരാക്രമമാണ് 1986 ൽ അർജന്റീനയെ കിരീടത്തിലെത്തിച്ചത്. അന്നയാള്‍ കീഴടക്കിയത് അര്‍ജന്റീനക്കാരുടെ മാത്രം ഹൃദയങ്ങളായിരുന്നില്ല. ലോകമെമ്പാടും ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന് ആരാധകരെ സൃഷ്ടിച്ചത് അയാള്‍ കളത്തില്‍ തീര്‍ത്ത മനോഹര നിമിഷങ്ങളായിരുന്നു. കളത്തിനകത്തും പുറത്തും വിപ്ലവം തീര്‍ത്ത അയാളെ കാല്‍പന്ത് കളിയുടെ ദൈവമായി ലോകം അവരോധിച്ചു.

ഫ്രഞ്ചുകാരുെട നെഞ്ചകങ്ങളിലേക്ക് സിനദിൻ സിദാൻ നടന്നുകയറിയത് പത്താം നമ്പരില്‍. 2006 ലെ ലോകകപ്പ് ഫൈനലിൽ ഇറ്റലിയുടെ മറ്റരാസിയെ തലകൊണ്ട് ഇടിച്ചിട്ട് കളത്തില്‍ നിന്ന് കയറിപ്പോയപ്പോഴും സിദാൻ അണിഞ്ഞത് അതെ പത്താം നമ്പറായിരുന്നു.  ഈ ലോകകപ്പിലും പത്താം നമ്പര്‍ ‍ജേഴ്സി ലോകകപ്പിന്റെ ചരിത്രത്തിലേക്ക് പിന്നെയും എഴുതിച്ചേര്‍ക്കപ്പെടുകയാണ്. 

ക്രൊയേഷ്യ എന്ന കൊച്ചു രാജ്യത്തെ ലോകകപ്പ് ചരിത്രത്തിന്റെ ഭാഗമാക്കിയ ലൂക്ക മോഡ്രിച്ച്. 2018 ല്‍ റഷ്യയില്‍ വമ്പന്‍മാരോട് ഏറ്റുമുട്ടി ക്രൊയേഷ്യയെ  ഫൈനലില്‍ എത്തിച്ചത് മോഡ്രിച്ചാണ്. ഖത്തറിലെ സെമിയില്‍ അര്‍ജന്റീനയോടു പരാജയപ്പെട്ടു പുറത്താകുമ്പോഴേക്കും നായകന്‍‍ ലൂക്ക പത്താം നമ്പറിലെ ഇതിഹാസമായി മാറി. 

ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും കളത്തിലുള്ളപ്പോഴെല്ലാം കാനറികള്‍ക്കായി തകര്‍ത്തു കളിച്ച നെയ്മാറിന്റെ ജഴ്സി നമ്പറും പത്തു തന്നെ. നെയ്മാര്‍ ഉള്ളപ്പൊഴെല്ലാം ബ്രസീലിയന്‍ ജനത വിജയം പ്രതീക്ഷിച്ചുകൊണ്ടിരുന്നു. അത് കൊണ്ട് തന്നെയാണ് സാക്ഷാല്‍ പെലെയ്ക്ക് ശേഷം പത്താംനമ്പര്‍ അയാളെ തേടി എത്തിയത്. ലോക കിരീട നേട്ടത്തോടെ ലയണല്‍ മെസി തന്റെ പത്താം നമ്പര്‍ കുപ്പായം അഴിച്ചുവയ്ക്കുന്നത് സ്വപ്നം കാണുകയാണ് ആരാധകര്‍.   കാല്‍‍പന്തില്‍‍ മാന്ത്രികത തീര്‍‍ത്ത് ഒരിക്കല്‍‍ക്കൂടി അര്‍‍ജന്റീനയെ വിശ്വകിരീടത്തില്‍‍ മുത്തമിടീട‍ക്കാന്‍‍ മെസിക്കായാല്‍‍ പത്താം നമ്പര്‍‍ ഒരിക്കല്‍‍ക്കൂടി ചരിത്രത്തിന്റെ ഭാഗമാകും.

English Summary: 10 number jersey in football history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com