ADVERTISEMENT

ഡിയേഗോ അർമാൻഡോ മറഡോണ... ലയണൽ ആന്ദ്രെസ് മെസ്സി... ഈ രണ്ടു പേരുകളും അർജന്റീനക്കാർ ഒറ്റ ശ്വാസത്തിൽ, ഒറ്റ ഈണത്തിൽ പറയും. അവർക്ക് ഇനി മെസ്സിയും മറഡോണയും രണ്ടല്ല; ഒന്നാണ്. അവിശ്വസനീയ പ്രകടനത്തിലൂടെ 1986 മെക്സിക്കോ ലോകകപ്പിൽ അർജന്റീനയെ മറഡോണ അജയ്യതയിലേക്കു നയിച്ച നിമിഷം... 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലയണൽ മെസ്സിയുടെ ഇന്ദ്രജാലത്തിലൂടെ അതിന്റെ തനിയാവർത്തനം.

സ്പാനിഷ് ക്ലബ്ബായ ബാർസിലോനയുടെ താരമായി നേട്ടങ്ങൾ വെട്ടിപ്പിടിച്ചപ്പോൾ അർജന്റീനയ്ക്കു വേണ്ടി ലോകകപ്പിലും അതേ പ്രകടനം മെസ്സി ആവർത്തിക്കുമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. അർജന്റീനയുടെ പത്താം നമ്പർ ജഴ്സിയെക്കുറിച്ചോർക്കുമ്പോൾ മറഡോണയെയും മെസ്സിയെയും കുറിച്ച് ഇനി ഒരുമിച്ച് ചിന്തിക്കാം. ഇനിയൊരു ലോകകപ്പിനില്ല എന്ന മെസ്സിയുടെ പ്രഖ്യാപനം ആരാധകർക്കു നഷ്ടബോധമുണ്ടാക്കുന്നതാണ്. പക്ഷേ, ഏറ്റവും മനോഹരമായ വിടവാങ്ങൽ സമ്മാനവുമായി മെസ്സി യാത്രയയയ്ക്കാനായി എന്ന ആശ്വാസത്തോടെ അവർക്കും ലോകകപ്പിനോടു വിടചൊല്ലാം.

അർജന്റീനയെ 86ൽ ലോകകിരീടത്തിലേക്കു നയിച്ച മറഡോണയുടെ നേതൃമികവ് ലിയോയ്ക്കില്ലെന്ന് അർജന്റീനക്കാർ തന്നെ കുറ്റപ്പെടുത്തിയിരുന്നു. എതിരാളികൾ ചവിട്ടിവീഴ്ത്തുമ്പോഴും റഫറി അന്യായവിധികൾ പുറത്തെടുക്കുമ്പോഴും ഒരു വാക്കുകൊണ്ടു പോലും പ്രതിഷേധിക്കാതെ നടന്നകന്നിരുന്ന മെസ്സി ലാറ്റിൻ അമേരിക്കക്കാരനെക്കാൾ യൂറോപ്യനാണെന്നായിരുന്നു പലരുടെയും പരിദേവനം. പക്ഷേ, ഇക്കുറി ഖത്തറിൽ മെസ്സിയിൽ മറഡോണയുടെ അതേ ചൈതന്യം കാണുന്നതായി മറഡോണയുടെ സഹതാരം കൂടിയായ ഹോർഹെ ബുറുചാഗയടക്കം സാക്ഷ്യപ്പെടുത്തുന്നു. 

ഖത്തർ ലോകകപ്പിൽ മറ്റു ടീമുകളും അർജന്റീനയും തമ്മിലുള്ള ഏക വ്യത്യാസം താൻ ആണെന്ന് തികഞ്ഞ ബോധ്യം ഇക്കുറി മെസ്സിക്കുണ്ടായിരുന്നെന്നു വ്യക്തം. അർജന്റീന ടീമിനായി കളത്തിലിറങ്ങുന്ന 11 പേരിൽ ഒരാൾ മാത്രമായി മെസ്സി ഒതുങ്ങിയില്ല. ഓരോ എതിരാളിക്കും മത്സരത്തിനും അനുസരിച്ച് ഗെയിം പ്ലാൻ ഒരുക്കാൻ വിയർപ്പൊഴുക്കിയ ലയണൽ സ്കലോണിയും കളിക്കാരും തമ്മിലുള്ള പാലവുമായി മെസ്സി. 

2006ൽ ലോകകപ്പിൽ അരങ്ങേറിയതിനു ശേഷം ലോകകപ്പ് മത്സരങ്ങളിൽ മെസ്സി ഇത്രയും സർവാധിപത്യം പുലർത്തിയതും ആദ്യം.ഇടംകാലിൽ ജാലവിദ്യയൊളിപ്പിച്ചു വച്ച മാന്ത്രികൻ എന്നാണു ലോകം മെസ്സിയെ വാഴ്‌ത്തുന്നത്. നൊടിയിടയിൽ എതിർഗോൾമുഖത്തെ വരുതിയിലാക്കുന്ന മാസ്‌മരികതയെ പിടിച്ചുകെട്ടാൻ എതിരാളികൾ ഇനിയും പുതിയ അടവുകൾ പഠിക്കേണ്ടിയിരിക്കുന്നുവെന്ന് ഒരു പുഞ്ചിരിയോടെ ഓർമിപ്പിച്ച് രാജ്യാന്തര ഫുട്ബോളിന്റെ ഏറ്റവും സമ്മോഹനവേദയിൽ നിന്ന് ലിയോ മെസ്സി നടന്നകലുന്നു. 

നാലു വർഷത്തിനപ്പുറം പുതിയ താരോദയങ്ങൾ തേടി ലോകം വീണ്ടും പന്തിനു പിന്നാലെ പായുമ്പോൾ ഗാലറികളിൽ ‘ മിസ് യൂ മെസ്സി’ എന്ന ബാനർ ഉയരാതിരിക്കില്ല. എക്കാലത്തേക്കും കാത്തുവയ്ക്കാനുള്ള ഓർമകൾ സമ്മാനിച്ച മജിഷ്യനോട് ലോകം കണ്ണീരണിഞ്ഞു പറയുന്നു: താങ്ക് യൂ ലിയോ, ഗ്രാസ്യാസ്...

English Summary: Lionel Messi as immortal Star in football history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com