ADVERTISEMENT

ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തിയ യുവതാരങ്ങളിൽനിന്ന് ഇതാ ഒരു ഫ്യൂച്ചർ ഇലവൻ. ഭാവി ടീമിനെ തിരഞ്ഞെടുത്തത് ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകനും എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റി അധ്യക്ഷനുമായ ഐ.എം.വിജയൻ.

ഖത്തറിലെ വേദികളിൽ ഭാവി താരോദയങ്ങളുടെ തീപ്പൊരി ‘ട്രെയിലറു’കൾ പ്രദർശിപ്പിച്ചാണ് 22–ാം ലോകകപ്പിന്റെ കൊടിയിറക്കം. 2018 ലോകകപ്പിലൂടെ വരവറിയിച്ച ഫ്രഞ്ച് താരം കിലിയൻ എംബപെയിൽ തുടങ്ങി പോർച്ചുഗലിന്റെ ഇരുപത്തിമൂന്നുകാരൻ ഗോൾകീപ്പർ ഡിയേഗോ കോസ്റ്റ വരെ നീളുന്നതാണ് ആ താരങ്ങളുടെ പട്ടിക.

ഗോൾകീപ്പറിൽനിന്നു തുടങ്ങാം. പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റ ലോകകപ്പിൽ വലിയ അദ്ഭുതമൊന്നും കാട്ടിയില്ല. പക്ഷേ, ഭാവി ടീമിന്റെ ഗോളിയായി കോസ്റ്റയെ ഞാൻ തിരഞ്ഞെടുക്കാനൊരു കാരണമുണ്ട്. ഈ ചെറുപ്രായത്തിൽ, ക്രിസ്റ്റ്യാനോയും ബ്രൂണോയുമെല്ലാം നിരന്ന ലോകകപ്പ് ടീമിന്റെ ഗോളിയായതിലൂടെ കോസ്റ്റ േനടിയ ആത്മവിശ്വാസവും പരിചയസമ്പത്തും ചെറുതല്ല.

റൈറ്റ് ബാക്കായി അച്റഫ് ഹക്കീമിയല്ലാതെ വേറാര്?! പിഎസ്ജി ക്ലബ്ബിൽ കളിച്ച് ഇതിനകംതന്നെ പേരെടുത്തയാളാണു ഹക്കീമി. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ഫ്രാൻസ് ടീമിന്റെ ഇടതുവിങ്ങിലെ പോരാളി തന്നെ; തിയോ ഹെർണാണ്ടസ്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് തെളിയിച്ച തിയോ ലോകത്തേറ്റവും അപകടകാരിയായ ലെഫ്റ്റ് ബാക്ക് ആയിക്കഴിഞ്ഞു. സെന്റർ ബാക്കുകളായി അർജന്റീന ടീമിലെ സുന്ദരൻ ക്രിസ്റ്റ്യൻ റൊമേറോയും ക്രൊയേഷ്യൻ നിരയിലെ ഇരുപതുകാരൻ യോസ്കോ ഗവാർഡിയോളും ചേരും. ഇവരെ മറികടന്ന് ഒരു പന്ത് ഗോൾവലയിൽ എത്തിക്കുക അത്രയെളുപ്പമല്ല.

മധ്യനിരയിലേക്കു 3 പേരെ തിരഞ്ഞെടുക്കുക അൽപം വിഷമം പിടിച്ച ജോലിയാണ്. അർജന്റീനയുടെ എൻസോ ഫെർണാണ്ടസ്, ഇംഗ്ലണ്ടിന്റെ കൗമാരക്കാരൻ ജൂഡ് ബെലിങ്ങാം, ജർമനിയുടെ പുതിയ കണ്ടെത്തൽ ജമാൽ മുസിയാള എന്നിവരാണ് എന്റെ മനസ്സിലെ ഭാവി താരങ്ങൾ. ഇവർ മൂവരും ഈ ലോകകപ്പിലെ കളിയിലൂടെ മികവു തെളിയിച്ചവർ. ഇവർ മൂവരെയും ഒറ്റവാക്കിൽ ജീനിയസ് എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.

അർജന്റീനയുടെ ജൂലിയൻ അൽവാരസും ഇംഗ്ലണ്ടിന്റെ ബുകായോ സാക്കയുമാണ് മുന്നേറ്റനിരയിൽ ആദ്യ ഇലവനിൽ ഇറക്കാൻ ഇഷ്ടപ്പെടുന്ന താരങ്ങൾ. മുന്നേറ്റനിരയിലാണ് നമ്മുടെ ടീമിന്റെ ക്യാപ്റ്റനുമുള്ളത്. കിലിയൻ എംബപെയുടെ ലോകകപ്പായിരുന്നു ഇത്. ഫൈനലിലെ 3 ഗോളുകൾ എംബപെയുടെ വരുംകാല പ്രതാപം വിളംബരം ചെയ്തുകഴിഞ്ഞു. അധികം പറയുന്നതിൽ അർഥമില്ല, കളി തുടർന്നും കാണുക തന്നെ!

ഐ.എം.വിജയന്റെ ഫ്യൂച്ചർ ഇലവൻ

∙ ഗോൾ കീപ്പർ

ഡിയഗോ കോസ്റ്റ, പോർച്ചുഗൽ, 23 വയസ്സ്

ഖത്തറിൽ പോർച്ചുഗലിന്റെ വലയ്ക്കു കീഴിൽ കോസ്റ്റ അദ്ഭുതങ്ങളൊന്നും കാട്ടിയിട്ടില്ല. പക്ഷേ, ഈ ചെറുപ്രായത്തിൽ, ക്രിസ്റ്റ്യാനോയും ബ്രൂണോയുമെല്ലാം നിരന്ന ലോകകപ്പ് ടീമിന്റെ ഗോളിയായതിലൂടെ ഇരുപത്തിമൂന്നുകാരൻ േനടിയ ആത്മവിശ്വാസവും പരിചയസമ്പത്തും ചെറുതാകില്ല. അതിന്റെ ഗുണം പോർച്ചുഗലും ലോകവും വരും നാളുകളിൽ കാണാനിരിക്കുന്നതേയുള്ളൂ.

∙ പ്രതിരോധം

∙ റൈറ്റ് ബാക്ക് – അച്റഫ് ഹക്കീമി, മൊറോക്കോ, 24 വയസ്സ്

പിഎസ്ജിയിലൂടെ ഇതിനകംതന്നെ പേരെടുത്തയാളാണു ഹക്കീമി. ഖത്തറിൽ നിന്നു ഹക്കീമി മടങ്ങുന്നതു ലോകത്തെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് എന്ന ഖ്യാതിയോടെയാണ്. മൊറോക്കോയുടെ സ്വപ്നക്കുതിപ്പിനു പിന്നിലും മുന്നിലും ഊർജം പകർന്ന ഹക്കീമിയിൽ ഒരു കണ്ണു വയ്ക്കാം.

∙ സെന്റർ ബാക്ക് – ക്രിസ്റ്റ്യൻ റൊമേറോ, 24 വയസ്സ്

പരുക്കും മോശം ഫോമുമായി ലോകകപ്പിനെത്തിയ റൊമേറോ എല്ലാ പരീക്ഷണങ്ങളും അതിജീവിച്ചാണു മടങ്ങുന്നത്. കോപ്പയിലും ഇപ്പോൾ ലോകകപ്പിലും കിരീടം പിടിച്ച ടീമിന്റെ കാവലാകാൻ കഴിഞ്ഞതിലൂടെ റൊമേറോയ്ക്കു ലഭിച്ച ആത്മവിശ്വാസം ആകാശത്തോളം ആകും.

∙ സെന്റർ ബാക്ക് – യോസ്കോ ഗ്വാർഡിയോൾ, ക്രൊയേഷ്യ, 20 വയസ്സ്

ഖത്തറിലെ എതിരാളികൾക്കു മുന്നിൽ മുഖംമൂടി ധരിച്ച പേടിസ്വപ്നമായി മാറിക്കഴിഞ്ഞു ഗ്വാർഡിയോൾ. ലയണൽ മെസ്സിക്കു മുന്നിൽ മാത്രമാണു യുവതാരത്തിനു പിഴച്ചത്. ഖത്തറിലൂടെ ലോകഫുട്ബോളിനു ക്രൊയേഷ്യ നൽകുന്ന വാഗ്ദാനമാണു ഗ്വാർഡിയോൾ.

∙ ലെഫ്റ്റ് ബാക്ക് – തിയോ ഹെർണാണ്ടസ്, ഫ്രാൻസ്, 25 വയസ്സ്

ഈ ലോകകപ്പിൽ ഫ്രാൻസിന്റെ ഇടതു വിങ്ങിലെ പോരാളിയായി മാറിയ താരമാണ് ഹെർണാണ്ടസ് ജൂനിയർ. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് തെളിയിച്ച തിയോ ലോകത്തേറ്റവും അപകടകാരിയായ ലെഫ്റ്റ് ബാക്ക് ആയിട്ടാകും യുഎസിലെ ലോകകപ്പിനെത്തുക.

∙ മധ്യനിര

∙ എൻസോ ഫെർണാണ്ടസ്, അർജന്റീന, 21 വയസ്സ്

മധ്യനിരയിൽ ആരുണ്ടെന്നതായിരുന്നു ലോകകപ്പിനു മുൻപ് അർജന്റീന നേരിട്ട ചോദ്യം. മധ്യത്തിൽ ഇനി എൻസോയുടെ കാലമെന്നു പറയുന്നതാണു ഖത്തറിന്റെ ലോങ് വിസിൽ. മെസ്സിക്കൊപ്പം ‘കൂൾ’ ആയി കളിക്കാൻ കഴിഞ്ഞ മികവ് മാത്രം മതിയാകും ഈ യുവതാരത്തിന്റെ കപ്പാസിറ്റി അളക്കാൻ.

∙ജൂഡ് ബെലിങ്ങാം, ഇംഗ്ലണ്ട്, 19 വയസ്സ്

ഇംഗ്ലിഷ് കൂടാരത്തിൽ നിന്നു ലോകം കീഴടക്കാൻ സാധ്യതയുള്ള ജീനിയസ് മിഡ്ഫീൽഡർ. പെനൽറ്റി നഷ്ടപ്പെടുത്തിയ ഹാരി കെയ്നെ പ്രചോദിപ്പിക്കാൻ ഓടിയെത്തിയ കൗമാരതാരം നാളത്തെ നായകൻ കൂടിയാകുമെന്ന് ഉറപ്പ്.

∙ ജമാൽ മുസിയാല, ജർമനി, 19 വയസ്സ്

ജർമനി നിരാശപ്പെടുത്തിയ ലോകകപ്പിൽ മുസിയാല മടങ്ങുന്നത് ഫുട്ബോൾ ആരാധകരുടെ മനംകവർന്നാണ്. അടുത്ത വരവിൽ ജർമനിയുടെ എൻജിൻ ആയാകും കളി ഒറ്റയ്ക്കു നിയന്ത്രിക്കാൻ കെൽപ്പുള്ള, പന്തു കൊണ്ട് അദ്ഭുതം സൃഷ്ടിക്കാൻ പോന്ന മുസിയാലയുടെ വരവ്.

∙ മുന്നേറ്റനിര

∙ കിലിയൻ എംബപ്പേ, ഫ്രാൻസ്, 24 വയസ്സ്

എംബപ്പേയെക്കുറിച്ച് ഇനിയെന്താണു പറയേണ്ടത്? രണ്ടു ലോകകപ്പിൽ കസറിയ ഈ ഗോളടിവീരന്റേതാണ് ഇനിയുള്ള നാളുകൾ. ആ വേഗത്തെയും കരുത്തിനെയും തടുത്തുനിർത്താൻ എതിരാളികൾ വിയർക്കുകതന്നെ ചെയ്യും.

∙ ജൂലിയൻ അൽവാരസ്, അർജന്റീന, 21 വയസ്സ്

പകരക്കാരനായി അർജന്റീനയ്ക്കു വേണ്ടി കളത്തിലിറങ്ങിയ താരം മടങ്ങുന്നതു സൂപ്പർ സ്ട്രൈക്കർ എന്ന വിലാസത്തിലാണ്. ഫൈനൽ തേഡിൽ പ്രസ്സിങ് നടത്താൻ ചുണ കാട്ടിയ ഒന്നാന്തരം നമ്പർ 9 താരമാണ് അൽവാരസ്. അൽവാരസിന്റെ ഗോളുകൾ ഫുട്ബോൾ ഇനി കാണാനിരിക്കുന്നതേയുള്ളൂ.

∙ ബുകായോ സാക, ഇംഗ്ലണ്ട്, 19 വയസ്സ്

വലതു പാർശ്വത്തിൽ ഇംഗ്ലണ്ടിന്റെ പടക്കുതിരയാകാൻ പോന്ന മുതലാണു ബുകായോ സാക്ക. ഫ്രാൻസിനെതിരായ സാക്ക പുറത്തെടുത്ത പ്രകടനം മാത്രം മതി കക്ഷിയുടെ മികവിനു തെളിവായി. ആ വേഗവും മിടുക്കും തടുക്കാൻ എതിരാളികൾ വിയർക്കും.

റിസർവ് ബെഞ്ച്

∙ ഗോൺസാലോ റാമോസ്, ഫോർവേഡ്, പോർച്ചുഗൽ, വയസ്സ്: 21
∙ കോഡി ഗാക്പോ, ഫോർവേഡ്, നെതർലൻഡ്സ്, വയസ്സ്: 23
∙ പെദ്രി, മിഡ്ഫീൽഡർ, സ്പെയിൻ, വയസ്സ്: 20
∙ മുഹമ്മദ്‌ കുദുസ്, മിഡ്‌ഫീൽഡർ, ഘാന, വയസ്സ്: 22
∙ ഒറീലിയൻ ചൗമേനി, മിഡ്‌ഫീൽഡർ, ഫ്രാൻസ്, വയസ്സ്: 22
∙ ഡയോറ്റ് ഉപമെക്കാനോ, ഡിഫൻഡർ, ഫ്രാൻസ്, വയസ്സ്: 24
∙ ജൂറിയൻ ടിമ്പർ, ഡിഫൻഡർ, നെതർലൻഡ്സ്, വയസ്സ്: 21
∙ ഡിയോഗോ ഡാലറ്റ്, ഡിഫൻഡർ, പോർച്ചുഗൽ, വയസ്സ്: 23
∙ ഇബ്രാഹിമ കൊനാറ്റെ, ഡിഫൻഡർ, ഫ്രാൻസ്, വയസ്സ്: 23

Content Highlight: IM Vijayan picked a Dream Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com