ഒഡീഷയുടെ തന്ത്രങ്ങൾ പൊളിച്ചടുക്കി ഇവാന്റെ മറുപടി; ബ്ലാസ്റ്റേഴ്സിന്റെ പുതുവത്സര സമ്മാനം

Mail This Article
കൊച്ചി ∙ ഗാലറി നിറഞ്ഞ് പതിനായിരക്കണക്കിന് ആരാധക നക്ഷത്രങ്ങൾ. അവർക്കു നടുവിൽ ആദ്യപകുതിയിൽ, പടിഞ്ഞാറൻ ആകാശത്തെ നേരിയ ചന്ദ്രക്കലപോലെ വിളറിപ്പോയി ബ്ലാസ്റ്റേഴ്സ് താരങ്ങൾ. രണ്ടാം പകുതിയിൽ യഥാർഥ താരകങ്ങളായി അവർ മിന്നിത്തിളങ്ങി. ഒഡീഷയെ 1–0ന് കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ 3–ാം സ്ഥാനത്തേക്ക്. 86–ാം മിനിറ്റിൽ ഡിഫൻഡർ സന്ദീപ് സിങ്ങാണ് കേരളത്തിന്റെ വിജയഗോൾ നേടിയത്. 11 കളിയിൽ ബ്ലാസ്റ്റേഴ്സിന് 22 പോയിന്റായി. അടുത്ത മത്സരം ജനുവരി 3നു കൊച്ചിയിൽ ജംഷഡ്പുരിനെതിരെ.
രണ്ടാം പകുതിയിൽ എതിരാളികളുടെ തന്ത്രങ്ങളുടെ പൂട്ടുപൊളിച്ചു കളി തുറന്നെടുത്ത കോച്ച് ഇവാൻ വുക്കൊമനോവിച്ചിനും കുട്ടികൾക്കും ആരാധകപ്പടയുടെ നന്ദി. വീറുറ്റ പോരാട്ടത്തിലൂടെ മിഡ്ഫീൽഡർ ഇവാൻ കല്യൂഷ്നിയും ക്യാപ്റ്റൻ പദവിയിലേക്കു തിരിച്ചെത്തിയ ജെസൽ കാർണെയ്റോയും ഗോളി പ്രഭ്സുഖൻ ഗില്ലും ടീമിനു കരുത്തുപകർന്നു. ആദ്യപകുതിയിൽ ബ്ലാസ്റ്റേ്സ് മുന്നിട്ടുനിന്നതു മഞ്ഞക്കാർഡുകളുടെ എണ്ണത്തിൽ മാത്രമാണ്. 4 മഞ്ഞക്കാർഡുകളാണ് ആതിഥേയർ ചോദിച്ചു വാങ്ങിയത്. എതിരാളികളുടെ ആധിപത്യത്തിൽനിന്നും സ്വന്തം പിടിപ്പുകേടിൽനിന്നും ഉടലെടുത്ത അസ്വസ്ഥതയായിരുന്നു മിക്കവാറും ഫൗളുകൾക്കു പിന്നിൽ. പന്തിൽ കൂടുതൽ സ്പർശങ്ങൾ, കൂടുതൽ ഭാവനാസമ്പന്നമായ നീക്കങ്ങൾ, വ്യക്തിഗത മികവ് തുടങ്ങിയവ ഒഡീഷയ്ക്കു മുൻതൂക്കം നൽകി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കളി മാറി. ആദ്യ നിമിഷങ്ങളിൽത്തന്നെ ബ്ലാസ്റ്റേഴ്സ് എതിർ ബോക്സിൽ പന്തെത്തിച്ചു. അപ്പോഴും ഒത്തിണക്കം പക്ഷേ ‘ഓഫ്സൈഡ്’ കളിച്ചു. ഒത്തിണക്കമില്ലായ്മ എന്ന ഭൂതത്തെ കുടഞ്ഞെറിയാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. പാസുകളുടെ എണ്ണം കൂടി. കൃത്യതയിൽ ഗണ്യമായ വർധനയുണ്ടായി. എന്നിട്ടും പ്രത്യാക്രമണ നീക്കങ്ങൾക്കു മുൻപത്തേതുപോലെ മൂർച്ചയുണ്ടായില്ല. എതിരാളികളുടെ നില വായിച്ചെടുക്കുന്നതിലും കളിക്കളത്തിലെ സ്വന്തം സ്ഥാനനിർണയത്തിലും കൂട്ടുകാരുടെ വശം കണ്ടെത്തുന്നതിലും ഓരോ ബ്ലാസ്റ്റേഴ്സ് താരത്തിന്റെയും ഭാഗത്തു വശപ്പിശകിന്റെ ആധിക്യമുണ്ടായിരുന്നു.

മലയാളി താരം നിഹാൽ സുധീഷ് കളത്തിലിറങ്ങി തൊട്ടടുത്ത നിമിഷം സഹലിന്റെ ക്രോസിലേക്ക് ആഞ്ഞുവീണു കാൽതൊടുത്തെങ്കിലും പന്തും കാലും തമ്മിൽ സന്ധിച്ചില്ല. പതിനായിരങ്ങളുടെ തൊണ്ടയിൽ ‘ഗോൾൾൾ...’ എന്നൊരു അലർച്ച വിലങ്ങിയൊതുങ്ങി. 83–ാം മിനിറ്റിൽ ലൂണയുടെ ഫ്രീകിക്ക്. തുറന്നുകിടന്ന എതിർ ഗോളിനു മുൻപിൽ ലെസ്കോവിച് ലക്ഷ്യം മറന്നു.ലെസ്കോ മറന്നുപോയതു സഹഡിഫൻഡർ സന്ദീപ് സിങ് ഓർമയിൽനിന്നു വലിച്ചെടുത്തു തലകൊണ്ടു കാഞ്ചിവലിച്ച നിമിഷം. ഇടതുപാർശ്വവരയ്ക്കരികിലൂടെ മുന്നേറിയ ബ്രൈസ് മിറാൻഡ വായുവിലൂടെ പറത്തിവിട്ട പന്തിലേക്കു ഗോളി അമരീന്ദർസിങ് പറന്നു, പക്ഷേ ശ്രമം പരാജയപ്പെട്ട് ഗോളി വീണു. മറുവശത്തു പറന്നുകയറിയ സന്ദീപ് സിങ് തലകൊണ്ടു പന്തിലേക്ക് ആഞ്ഞുകൊത്തി, തുറന്നുകിടന്ന വലയിലേക്ക് മഞ്ഞക്കടൽ ആർത്തലച്ചുകയറി (1–0). ആരാധകർക്കു ബ്ലാസ്റ്റേഴ്സിന്റെ പുതുവത്സര സമ്മാനം.
English Summary: Kerala Blasters beat Odisha FC in ISL