‘പെലെയുടെ സിസർ കട്ടുകൾ ഒരുപാട് പ്രാക്ടീസ് ചെയ്തു, വലംകാലില്‍ പെലെയുണ്ട്!’
Mail This Article
പെലെ... പെലെ... എന്നു പാഠപുസ്തകങ്ങൾക്കു മുകളിൽ എഴുതി വച്ചിരുന്ന ഒരു കുട്ടിക്കാലമുണ്ട്. ഫുട്ബോൾ കളിക്കാൻ തുടങ്ങിയപ്പോൾ വലതു തുടയിൽ പെലെയെന്നു പച്ചകുത്തിയ ഒരു കാലവുമുണ്ട്. പെലെയെക്കുറിച്ച് എന്തെങ്കിലും പറയാൻ ഇതിൽ കൂടുതൽ ഞാൻ വളർന്നിട്ടില്ല. പുസ്തകത്തിൽ പെലെ എന്നെഴുതിയത് കണ്ട് സ്കൂളിലെ മാഷുമാരും ടീച്ചർമാരും അന്ന് ചോദിച്ചിരുന്നു– നിയ്യ് െപലെയാകാൻ പോവ്വാണോ എന്ന്. അത്രയൊന്നും ആകില്ലെന്ന് അറിയാമെങ്കിലും ആ ചോദ്യം കേൾക്കുന്നതു തന്നെ ഒരു രസമായിരുന്നു. എന്റെ വലതു തുടയിൽ പെലെയെന്ന് പച്ചകുത്തിയിട്ടുണ്ട്; ഇടതു തുടയിൽ മറഡോണയെന്നും.
ഇന്ത്യയിൽ മറ്റൊരു ഫുട്ബോളർക്കുമില്ലാത്ത ഒരു ബന്ധം എനിക്ക് പെലെയോടുണ്ട്. കറുത്ത മുത്ത് എന്ന് ഇന്ത്യയിൽ മറ്റൊരു ഫുട്ബോളറേയും ആരാധകർ വിളിക്കുന്നില്ല. ശരിക്കുള്ള കറുത്ത മുത്തിന്റെ അവതാരമായി ഇന്ത്യയിൽ നിന്ന് ഞാൻ മാത്രമേയുള്ളു. അത് എന്റെ സ്വകാര്യ അഹങ്കാരമാണ്.
പെലെയെ നേരിൽ കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. 2002 ഫുട്ബോൾ ലോകകപ്പ് ഫൈനൽ കാണാൻ ജപ്പാനിൽ എത്തിയപ്പോൾ വിഐപി ബോക്സിൽ പെലെ ഇരിക്കുന്നതു കണ്ടു. പക്ഷേ ഞങ്ങൾ ഗാലറിയിൽ ആയിരുന്നു. 2014ൽ ബ്രസീൽ ലോകകപ്പ് കാണാൻ പോയപ്പോൾ പെലെയെ ഒന്നു കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ, അതും നടന്നില്ല.
മറഡോണയുടെ കളി കണ്ടതു പോലെ ലൈവായി പെലെയുടെ കളികൾ കണ്ടിട്ടില്ല. വിഡിയോ കസെറ്റുകൾ വഴിയാണ് ആ കളി കണ്ട് വണ്ടറടിച്ചത്. പെലെയുടെ പ്രസിദ്ധമായ സിസർ കട്ടുകൾ കസെറ്റിൽ കണ്ട് ഞാൻ ഒരുപാട് പ്രാക്ടീസ് ചെയ്തിട്ടുണ്ട്. അത്ഭുതത്തോടെയാണ് അദ്ദേഹത്തിന്റെ സ്കില്ലുകൾ കണ്ടത്.
അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം എല്ലാവരും മാതൃകയാക്കണം എന്ന് ഞാൻ പറയാറുണ്ട്. പൂർണമായും ഫുട്ബോളിനായി നൽകിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരുപാട് ഫുട്ബോൾ താരങ്ങൾ ലോകത്തുണ്ട്. ഇനിയും വളർന്നു വരാം. പക്ഷെ ഫുട്ബോളിന് ഒരു രാജാവ് മാത്രമേയുള്ളൂ– അതു പെലെയാണ്.
തയാറാക്കിയത്: പ്രതീഷ് ജി.നായർ
English Summary: Pele on the right foot! writes IM Vijayan