ADVERTISEMENT

കൊച്ചി∙ വൺ, ടൂ, ത്രീ...ജംഷഡ്പുരിന്റെ ഗോൾ‍വല പൊട്ടിച്ചെറിഞ്ഞു ബ്ലാസ്റ്റേഴ്സിന്റെ ന്യൂ ഇയർ ബ്ലാസ്റ്റ്. പുതുവർഷത്തിന്റെ ഹർഷം ഗോളടിയിൽ മാത്രമൊതുങ്ങുന്നില്ല, സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു പ്ലേഓഫിനുള്ള ‘തീയതി’ കൂടി ഓർമിപ്പിച്ചാണു ബ്ലാസ്റ്റേഴ്സ് മടങ്ങിയത്. 12 മത്സരങ്ങൾ പിന്നിടുന്ന വുക്കൊമനോവിച്ചും സംഘവും 25 പോയിന്റുമായാണ് സുരക്ഷിത സ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്നത്. ഇനി മുംബൈയും മോഹൻ ബഗാനും പോലുള്ള ഹെവിവെയ്റ്റുകൾക്കെതിരെ അവരുടെ തട്ടകത്തിൽ നെഞ്ചുവിരിച്ച് ഇറങ്ങിച്ചെല്ലാനുള്ള ആത്മവിശ്വാസവും കൂടി പകർന്നിട്ടുണ്ടാകണം എതിരാളികളെ ചിത്രത്തിൽനിന്നുതന്നെ അകറ്റിനിർത്തിയ വൻവിജയം.

ബ്ലാസ്റ്റേഴ്സിനു പുറങ്കാലിനു തട്ടിത്തെറിപ്പിക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ ജം‍ഷഡ്പുർ എഫ്സി ഉയർത്തിയ വെല്ലുവിളി. ഇവാൻ കല്യൂഷ്നിക്കു വിലക്കിന്റെ വിലങ്ങു വീണതുകൊണ്ടു മാത്രം പ്ലേയിങ് ഇലവനിലെത്തിയ ഓസ്ട്രേലിയൻ ഫോർവേഡ് അപ്പോസ്തലസ് ജിയാനുവിന്റെ പിൻകാൽ പ്രയോഗമാണ് നിലയുറപ്പിക്കും മുൻപേ ജംഷഡ്പുരിന്റെ വലയിൽ പന്തെത്തിച്ചത്. രണ്ടാം പകുതിയിൽ സന്ദർശകരുടെ തിരിച്ചുവരവിന്റെ സാധ്യതകളും തല്ലിത്തകർത്തതു ജിയാനുവിന്റെ ബാക്ക്ഹീൽ പ്രയോഗം തന്നെ. ഗോളിന്റെ രൂപത്തിലായിരുന്നില്ല, അഡ്രിയൻ ലൂണയ്ക്കു ന്യൂഇയർ ഗിഫ്റ്റായൊരു അസിസ്റ്റ് ആയാണു ജിയാനു 65 –ാം മിനിറ്റിൽ കലൂരിന്റെ ഗാലറികളെ ഇളക്കിമറിച്ചത്.

ദിമിത്രിയോസ് ഡയമെന്റകോസ് ജംഷഡ്പൂരിനെതിരെ ഗോൾ നേടുന്നു. Photo: Twitter@KBFC
ദിമിത്രിയോസ് ഡയമെന്റകോസ് ജംഷഡ്പൂരിനെതിരെ ഗോൾ നേടുന്നു. Photo: FB@KBFC

മൂന്നു ഗോളിലും ആരെയും വശീകരിക്കുന്ന സൗന്ദര്യം കൂടി ചാലിച്ചായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രഹരങ്ങൾ. ജംഷഡ്പുർ ബോക്സിൽ കടന്നുകയറി പ്രതിരോധനിരക്കാരെ കാഴ്ചക്കാരാക്കിയ പന്തുകൈമാറ്റങ്ങളുമായി കളം നിറഞ്ഞ് ഒടുവിൽ ‘ടോപ് ക്ലാസ്’ എന്നു വിശേഷിപ്പിക്കാവുന്നൊരു ബാക്ഹീൽ ഫ്ലിക്കിന്റെ കൗശലമായിരുന്നു ജിയാനുവിന്റെ ആദ്യഗോൾ. രണ്ടാം ഗോൾ പെനൽറ്റി. പക്ഷേ, ആ വാക്കിലൊതുങ്ങുന്നതായിരുന്നില്ല ആ ഗോളിന്റെ ചാരുത.  ഗ്രീക്ക് മുന്നേറ്റനിരതാരം ദിമിത്രിയോസ് ഡയമന്റകോസിന്റെ ‘മാസ്റ്റർപീസ്’ എന്നു പറയേണ്ടുന്നൊരു കിക്കിൽ ജംഷഡ്പുരും കാണികളും ഒരുപോലെ അമ്പരന്നിരിക്കും. ഇതിലും അനായാസമായൊരു പെനൽറ്റി ഗോൾ തൊടുക്കാനാകില്ല. ‘ഐസ് കൂൾ’ മട്ടിൽ ഇടതുപാർശ്വത്തിലേക്കു കോരിയിട്ട പന്ത് വലയെ പുൽകുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിക്കോട്ടയിലെ ലോകോത്തര നിമിഷത്തിനു വിസ്മയക്കണ്ണ് മിഴിക്കുകയായിരുന്നു ഗാലറികൾ.

അതുക്കും മേലെയായിരുന്നു മൂന്നാം ഗോളിന്റെ വീര്യം. ബ്ലാസ്റ്റേഴ്സിന്റെ ലാറ്റിനമേരിക്കൻ മുഖമായ യുറഗ്വായ് പ്ലേമേക്കർ അഡ്രിയൻ ലൂണ തുടങ്ങിവച്ചൊരു നീക്കം പല കാലുകൾ, പല കാലുകൾ മാറിക്കയറി ജംഷഡ്പുർ താരങ്ങളുടെ പ്രതിരോധവും മനസ്സും കുടഞ്ഞെറിഞ്ഞു ലൂണയിലൂടെതന്നെ വല കുലുക്കിയ ആ നിമിഷം ഈ ഐഎസ്എൽ കഴിഞ്ഞാലും ആരാധകർ മറക്കില്ല. സൂപ്പർ ലീഗിലെ വിന്നേഴ്സ് ഷീൽഡിന്റെ ഉടമകൾ കൂടിയായ ജംഷഡ്പുരിന്റെ ഉരുക്കുബലമെല്ലാം ഉരുകിത്തീർന്ന മട്ടിലായിരുന്നു കൊച്ചിയിലെ പോരാട്ടം. യുക്രെയ്ൻ മിഡ്ഫീൽഡർ ഇവാൻ കല്യൂഷ്നിയുടെ അഭാവം മധ്യത്തിൽ ബ്ലാസ്റ്റേഴ്സ് എങ്ങനെ നികത്തുമെന്നായിരുന്നു മത്സരത്തിനു മുൻപേയുള്ള ആശങ്കയെങ്കിൽ കളി തുടങ്ങിയതോടെ അതകന്നു. കല്യൂഷ്നിയുടെ അഭാവം ബ്ലാസ്റ്റേഴ്സിന്റെ മധ്യത്തിൽ തെളിഞ്ഞെങ്കിലും അതു മുതലെടുക്കാൻ പോന്ന മിടുക്ക് എതിരാളികൾക്കും ഇല്ലാതായതാണു കളിയുടെ കടിഞ്ഞാൺ ആതിഥേയരുടെ കൈപ്പിടിയിലെത്തിച്ചത്.

ഗോൾ നേട്ടം ആഘോഷിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. Photo: FB@KBFC
ഗോൾ നേട്ടം ആഘോഷിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. Photo: FB@KBFC

പാർശ്വങ്ങളിലെ ചില മിന്നൽ നീക്കങ്ങളിൽ ഒതുങ്ങി അതോടെ ബലാബലം. അതിൽ ബ്ലാസ്റ്റേഴ്സിന്റെ അരികിൽ പോലുമെത്താനായതുമില്ല ജംഷഡ്പുരിന്. മലയാളി താരങ്ങളായ സഹൽ ഡ്രിബ്ലിങ് പാടവം കൊണ്ടും രാഹുൽ പോരാട്ടവീര്യം കൊണ്ടും കാണികളുടെ കയ്യടി കവർന്നുവെങ്കിലും വുക്കൊമനോവിച്ചിന്റെ തുറുപ്പുചീട്ടു വിദേശതാര ത്രയമായിരുന്നു. സീസണിലെ ആറാം ഗോളിനു കാലുവച്ച ദിമിത്രിയോസ് ഡയമന്റകോസും ഒരു ഗോളും അസിസ്റ്റുമായി അവസരം മുതലാക്കിയ ജിയാനുവും ഒരു ഗോളും ഒന്നാന്തരം ആഘോഷവും സമ്മാനിച്ച അഡ്രിയൻ ലൂണയുമായിരുന്നു ജംഷഡ്പുരിന്റെ തലയിൽ തീകോരിയിട്ടത്. ഒടുവിൽ, പുതുവർഷപ്പിറവിയിൽ ഫോർട്ട് കൊച്ചിയുടെ മണ്ണിൽ പാപ്പാഞ്ഞി എരിഞ്ഞുവീഴുംപോലെ എതിരാളികൾ നിലംപൊത്തുമ്പോൾ മൂന്നു പോയിന്റിന്റെ ‘വൈക്കിങ് ക്ലാപ്പ്’ ലഹരി നുകരുന്ന തിരക്കിലായിരുന്നു മഞ്ഞപ്പടക്കൂട്ടം.

ഗോൾ നേട്ടം ആഘോഷിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. Photo: FB@KBFC
ഗോൾ നേട്ടം ആഘോഷിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. Photo: FB@KBFC

English Summary: Kerala Blasters FC thrashed Jamshedpur at Kaloor stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com