ADVERTISEMENT

മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അപരാജിത കുതിപ്പിനു തടയിട്ട് മുംബൈ സിറ്റി എഫ്സി. എതിരില്ലാത്ത നാലു ഗോളുകൾക്കാണു മുംബൈ ബ്ലാസ്റ്റേഴ്സിനെ തകർത്തത്. മുംബൈയ്ക്കായി ഹോർഹെ ഡയസ് പെരേര ഇരട്ട ഗോളുകൾ നേടി. 4, 22 മിനിറ്റുകളിലായിരുന്നു മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഡയസിന്റെ ഗോളുകൾ. ഗ്രെഗ് സ്റ്റെവാർട്ട് (10–ാം മിനിറ്റ്), ബിപിൻ സിങ് (16) എന്നിവരും മുംബൈയ്ക്കായി ഗോളുകൾ ലക്ഷ്യം കണ്ടു.

രണ്ടു ഗോളടിച്ചും ഒരു ഗോളിനു പന്തു നൽകിയും മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ വെള്ളം കുടിപ്പിച്ചത് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ കളിച്ച ഹോർഹെ ഡയസ് പെരേരയാണ്.  ബ്ലാസ്റ്റേഴ്സ്, പ്രതിരോധത്തിലെ കുന്തമുനയായിരുന്ന ക്രൊയേഷ്യൻ താരം മാർകോ ലെസ്കോവിച് ഇല്ലാതെയാണ് മഞ്ഞപ്പട മുംബൈ അരീനയിൽ കളിക്കാനിറങ്ങിയത്. ആദ്യ മിനിറ്റു മുതൽ തന്നെ മുംബൈ ആക്രമണങ്ങൾ തടുക്കാനാകാതെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിഷമിച്ചു.

25 മിനിറ്റുകൾക്കകം നാലു ഗോളുകൾ വീണതോടെ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ പ്രതിരോധത്തിലേക്കു വലിഞ്ഞു. ദിമിത്രിയോസ്, ഡയമെന്റകോസിനും സഹൽ അബ്ദുൽ സമദിനും ഏതാനും അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഒന്നും ഗോളിലെത്തിയില്ല. ആദ്യ പകുതിയിൽ ഗോളടിച്ചുകൂട്ടിയ മുംബൈ രണ്ടാം പകുതിയിൽ ഗോൾ വഴങ്ങാതിരിക്കാനാണു പ്രയത്നിച്ചത്. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്കു മൂര്‍ച്ച കൂട്ടിയെങ്കിലും മുംബൈ പ്രതിരോധക്കോട്ട കെട്ടിയതോടെ ഗോൾ കണ്ടെത്താനായില്ല.

ജയത്തോടെ 13 കളികളിൽനിന്ന് 33 പോയിന്റുമായി മുംബൈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. പത്ത് വിജയവും മൂന്ന് സമനിലയുമാണ് മുംബൈയ്ക്കുള്ളത്. സീസണിൽ ഇതുവരെ തോൽവി വഴങ്ങാത്ത ഏക ടീമും മുംബൈയാണ്. നാലാം തോൽവി വഴങ്ങിയെങ്കിലും 25 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.

English Summary: Kerala Blasters vs Mumbai City FC Match, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com