മഞ്ചേരി ∙ ഗോകുലം കേരളയുടെ സ്പാനിഷ് മസാലക്കൂട്ടിന് ഐ ലീഗ് ഫുട്ബോളിൽ വിജയത്തിന്റെ രുചിത്തുടക്കം. സ്പെയിൻകാരനായ പുതിയ പരിശീലകൻ ഫ്രാൻസിസ് ബോണെറ്റിനു കീഴിലിറങ്ങിയ ആദ്യ മത്സരത്തിൽ ഗോകുലം, പഴയ കോച്ച് ഫെർണാണ്ടോ വരേലയുടെ ശിക്ഷണത്തിലെത്തിയ ഗോവ ചർച്ചിൽ ബ്രദേഴ്സിനെ 1–0ന് മലർത്തിയടിച്ച് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരം കളിച്ച സ്പാനിഷ് സ്ട്രൈക്കർ സെർജിയോ മെൻഡി ഗുട്ട്‌സിയ ഇഗ്ലേഷ്യസാണ് 80–ാം മിനിറ്റിൽ മലബാറിയൻസിന്റെ വിജഗോൾ നേടിയത്.
ഇരുടീമുകളും പുതിയ പരിശീലകർക്കു കീഴിൽ പുതിയ തന്ത്രങ്ങളുമായാണ് കളത്തിലെത്തിയത്. സെർജിയോ മെൻഡിക്കൊപ്പം ട്രാൻസ്ഫറിലെത്തിയ ലാലിഗ താരം ജൂലിയൻ റാമോസിനെയും ബോണറ്റ് ആദ്യ ഇലവനിൽ ഇറക്കി. 5–ാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് നൗഫൽ നൽകിയ ക്രോസിനു തലവച്ച് മെൻഡി വരവറിയിച്ചെങ്കിലും ലക്ഷ്യം തെറ്റി. ഇടതുവിങ്ങിലൂടെ ശ്രീക്കുട്ടനും മിന്നൽ മുന്നേറ്റങ്ങൾ നടത്തി പന്തു നൽകിയെങ്കിലും മെൻഡിക്കു സ്കോർ ചെയ്യാനായില്ല.
അർജന്റീനയുടെ ജഴ്സി ധരിച്ചെത്തി കാണികളുടെ ശ്രദ്ധയാകർഷിച്ച ചർച്ചിൽ പരിശീലകൻ ഫെർണാണ്ടോ വരേലയൊരുക്കിയ ഹൈലൈൻ ഡിഫൻസ് തന്ത്രത്തിൽ സെർജിയോ മെൻഡിയും സഹതാരങ്ങളും പലവട്ടം ഓഫ്സൈഡ് കെണിയിൽപ്പെട്ടു. രണ്ടാം മിനിറ്റ് മുതലേ ഫ്രഞ്ച് താരം അബ്ദുല്ലായേ സാനേയുടെ മുന്നേറ്റത്തിലൂടെ ചർച്ചിലും ഇടയ്ക്കിടെ ഗോകുലം പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ആദ്യ പകുതി ഗോൾരഹിതമായിപ്പിരിഞ്ഞു.
രണ്ടാം പകുതിയിൽ ആക്രമണ ഫുട്ബോൾ തന്നെയാണ് ഇരു ടീമും പുറത്തെടുത്തത്. 50–ാം മിനിറ്റിൽ ഗോകുലത്തിന്റെ രാഹുൽ രാജ് ഒറ്റയ്ക്കു മുന്നേറി ഷോട്ടെടുത്തെങ്കിലും ചർച്ചിൽ ഗോളി ആൽബിനോ പിടിച്ചെടുത്തു. 71–ാം മിനിറ്റിൽ ചർച്ചിലിന്റെ മോമോയുടെ ഗോളെന്നു തോന്നിപ്പിച്ച ദീർഘദൂര ഷോട്ട് ഗോകുലം ഗോളി ബിലാൽ ഹുസൈൻ ഖാൻ പറന്നു തടുത്തതോടെ ഗാലറിയിൽ നെടുവീർപ്പുയർന്നു.
80–ാം മിനിറ്റിലായിരുന്നു സെർജിയോ മെൻഡിയുടെ മാജിക് ഷോട്ട്. മധ്യനിരയിൽ നിന്ന് കിട്ടിയ പന്തുമായി ഒറ്റയ്ക്കു മുന്നേറിയ മെൻഡി ഇടതുവശത്തുകൂടി ബോക്സിലേക്ക് ഓടിക്കയറിയ ശ്രീക്കുട്ടനു തട്ടിക്കൊടുത്ത് പ്രതിരോധക്കാരനെ കബളിപ്പിച്ച് തിരിച്ചു വാങ്ങി. ഗോളിയെ മറികടന്ന് പന്ത് വലകുലുക്കിയപ്പോൾ ഗാലറിയിലും കളത്തിലും ആഘോഷപ്പൂത്തിരി. (1–0).
ഗോകുലത്തിന്റെ അടുത്ത മത്സരം 15ന് വൈകിട്ട് 4.30ന് ട്രാവു എഫ്സിക്കെതിരെ മഞ്ചേരിയിലാണ്. ഗോകുലത്തിന് 10 കളിയിൽ 5 വിജയവും 3 സമനിലയും 2 തോൽവിയുമായി 18 പോയിന്റാണുള്ളത്. ശ്രീനിധി ഡക്കാൻ (22), പഞ്ചാബ് എഫ്സി (20) എന്നിവയാണ് ആദ്യ 2 സ്ഥാനങ്ങളിൽ.
English Summary: I League , Gokulam Kerala FC beat Churchill Brothers