പാരിസ് ∙ ലോകകപ്പിൽ അർജന്റീനയ്ക്കായി കിരീടം ഉയർത്തിയതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കായി ഗോൾ നേടി സൂപ്പർ താരം ലയണൽ മെസ്സി. ലോകകപ്പ് ജേതാവായ തന്നെ ആരവങ്ങളോടെ സ്വീകരിച്ച ആരാധകർക്കായി ഫ്രഞ്ച് ലീഗിൽ ആംഗേഴ്സിനെതിരായ മത്സരത്തിന്റെ 72–ാം മിനിറ്റിലാണ് മെസ്സി ഗോൾ നേടിയത്. മത്സരം പിഎസ്ജി 2–0നു ജയിച്ചു. ഹ്യൂഗോ എകിടികെയാണ് (5–ാം മിനിറ്റ്) പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത്. ലീഗിൽ ഒന്നാമതുള്ള പിഎസ്ജിക്ക് 6 പോയിന്റ് ലീഡായി.
ഫ്രാൻസിനെതിരായ ഫൈനലിനു 4 ആഴ്ചയ്ക്കു ശേഷം ആദ്യ മത്സരം കളിച്ച മെസ്സിക്ക് ഫോമിലെത്താൻ വേണ്ടി വന്നത് 5 മിനിറ്റ് മാത്രം. ആംഗേഴ്സിന്റെ 4 താരങ്ങളെ മറികടന്ന് മെസ്സി നൽകിയ പാസ് സ്വീകരിച്ച നോർഡി മ്യൂകേലെയുടെ ക്രോസ് ഹ്യൂഗോ എകിടികെ ഗോളാക്കി. കിലിയൻ എംബപെയ്ക്ക് വിശ്രമം നൽകിയ മത്സരത്തിൽ മെസ്സിക്കൊപ്പം നെയ്മാറും ആക്രമണത്തിന് നേതൃത്വം നൽകി. എകിടികെ, മ്യൂകേലെ എന്നിവർക്കൊപ്പം മെസ്സി നടത്തിയ മുന്നേറ്റത്തിലൂടെയാണ് പിഎസ്ജിയുടെ രണ്ടാം ഗോൾ.
ആദ്യം ഓഫ്സൈഡ് വിധിച്ചെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറി ഗോൾ അനുവദിച്ചതോടെ മെസ്സിയുടെ പേരിൽ 2023ലെ ആദ്യ ഗോൾ. ഫ്രഞ്ച് ലീഗ് സീസണിൽ മെസ്സിയുടെ 8–ാം ഗോളാണിത്. ബ്രസീൽ ഇതിഹാസം പെലെയുടെ ചിത്രമുള്ള ജഴ്സി ധരിച്ചാണ് പിഎസ്ജി താരങ്ങൾ മത്സരത്തിനു മുൻപ് പരിശീലനത്തിനായി ഗ്രൗണ്ടിൽ ഇറങ്ങിയത്.
English Summary: Messi is back, PSG won against Angers