ഇതിലും വലിയ തുക സ്വപ്നങ്ങളിൽ മാത്രം; മെസ്സിയെ സൗദിയിലെത്തിക്കാൻ അൽ ഹിലാൽ?

Mail This Article
റിയാദ്∙ എന്തു വില കൊടുത്തും അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ സൗദി അറേബ്യയിലെത്തിക്കാൻ അൽ ഹിലാൽ ക്ലബിന്റെ ശ്രമം. അൽ നസർ ക്ലബ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതോടെയാണ് വൻ തുക വാഗ്ദാനം ചെയ്ത് മെസ്സിയെ സൗദിയിലെത്തിക്കാനുള്ള അൽ ഹിലാലിന്റെ നീക്കം. അൽ ഹിലാൽ മെസ്സിക്കായി എത്ര തുക വേണമെങ്കിലും മുടക്കാൻ തയാറാണെന്നാണു പുറത്തുവരുന്ന വിവരം.
നിലവിൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജിയുടെ താരമാണു മെസ്സി. റൊണാൾഡോയ്ക്കായി ഒരു സീസണ് 200 മില്യൻ യൂറോയാണു അൽ നസർ മുടക്കിയത്. മെസ്സി വരികയാണെങ്കിൽ സീസണ് 300 മില്യൻ യൂറോ (ഏകദേശം 2,640 കോടി രൂപ) വരെ കൊടുക്കാമെന്നാണു ക്ലബിന്റെ വാഗ്ദാനമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കെ മെസ്സി ഇതുവരെ പുതിയ കരാറിൽ ഒപ്പിട്ടിട്ടില്ല.
അതേസമയം മെസ്സിയുടെ പഴയ ക്ലബ് ബാർസിലോനയും യുഎസിലെ ഇന്റർ മയാമിയും താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്. സൗദി ഫുട്ബോൾ ലീഗ് പോയിന്റു പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് അൽ ഹിലാൽ ക്ലബ്, അൽ നസർ ഒന്നാമതും. സൗദി അറേബ്യ ടൂറിസത്തിന്റെ അംബാസഡർ കൂടിയാണു മെസ്സി. ലോകകപ്പ് നേട്ടത്തിനു ശേഷം കഴിഞ്ഞ ദിവസം പിഎസ്ജിയിലേക്കു തിരികെയെത്തിയ മെസ്സി ആങ്കേഴ്സിനെതിരായ മത്സരത്തിൽ ഗോൾ നേടിയിരുന്നു.
English Summary: Al-Hilal considering offering PSG superstar Lionel Messi 'insane salary'