ADVERTISEMENT

മഡ്ഗാവ് ∙ ഐഎസ്എലിൽ തുടർച്ചയായ രണ്ടാം എവേ മത്സരത്തിലും തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയോട് അവരുടെ നാട്ടിൽ 3–1ന് തോൽവി. ഐകർ ഗുവരൊച്ചേന (പെനൽറ്റി, 35–ാം മിനിറ്റ്), നോഹ (43), റെഡിം ടിലാങ് (69) എന്നിവർ ഗോവയ്ക്കായി ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ ഡയമന്റകോസിന്റെ (51) വകയായിരുന്നു. ഈ സീസണിൽ കൊച്ചിയിലേറ്റ തോൽവിക്ക് അതേ സ്കോറിൽത്തന്നെ ഫറ്റോർഡയിൽ ഗോവ പകരം വീട്ടി.

തോറ്റെങ്കിലും 14 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തു തുടരുന്നു. ‌ഗോവ 15 മത്സരങ്ങളിൽ നിന്ന് 23 പോയിന്റോടെ ഒരുപടി കയറി അഞ്ചാം സ്ഥാനത്തെത്തി. 29നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

തുടക്കം മുതൽ ഗോവ ആക്രമിച്ചു കളിക്കുകയായിരുന്നു. ആദ്യ 10 മിനിറ്റിൽ ഗോവയുടെ തുടരൻ ആക്രമണങ്ങൾ ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ചു. തുടക്കത്തിലെ പതർച്ച മാറ്റി ഒത്തിണക്കം കാട്ടിയ ബ്ലാസ്റ്റേഴ്സ് പതിയെ കളിയിലേക്കുണർന്നു. ലൂണ–ഡയമന്റകോസ് സഖ്യം ഗോവൻ ഗോൾമുഖത്തേക്ക് ഇരച്ചുകയറുന്നതിനിടെയാണ് കളിയുടെ ഗതി തിരിച്ച ആദ്യഗോളിന്റെ വരവ്. ബോക്സിലേക്ക് ഓടിക്കയറിയ ഗോവൻ ക്യാപ്റ്റൻ ബ്രണ്ടൻ ഫെർണാണ്ടസിനെ ബ്ലാസ്റ്റേഴ്സ് താരം സൗരവ് മണ്ഡൽ പിന്നിൽ നിന്നു തട്ടിയതിന് ഗോവയ്ക്കു പെനൽറ്റി കിക്ക്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ റഫറിയുമായി തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല. 3 മിനിറ്റിനു ശേഷം പെനൽറ്റി എടുത്ത ഗോവയുടെ സ്പാനിഷ് താരം ഐകർ ഗുവരൊച്ചേനയ്ക്കു പിഴച്ചില്ല. സ്കോർ 1-0.

43-ാം മിനിറ്റിൽ വലതു വിങ്ങിലൂടെ കുതിച്ചെത്തിയ നോഹയുടെ സുന്ദരൻ നിലംപറ്റെയുള്ള ഷോട്ട് ഒരിക്കൽക്കൂടി ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ പ്രഭ്സുഖൻ ഗില്ലിനെ മറികടന്നു (2-0). രണ്ടാം പകുതിയിൽ അഡ്രിയൻ ലൂണ എടുത്ത ഫ്രീകിക്ക് ഗോളിലേക്ക‌ു തിരിച്ചുവിട്ട് ഡയമന്റകോസ് കേരളത്തിന് ആശ്വാസം നൽകി (1–2). എന്നാൽ വിട്ടുകൊടുക്കാൻ തയാറല്ലാതിരുന്ന ഗോവ റെഡിം ടിലാങ്ങിലൂടെ വീണ്ടും ലക്ഷ്യം കണ്ടു (3–1). താരങ്ങൾ തമ്മിൽ തർക്കവും പരുക്കുകളുമായി മത്സരം പലപ്പോഴും വിരസമായി. ഇരു പകുതികളിലുമായി 15 മിനിറ്റാണ് എക്‌സ്ട്രാ ടൈം അനുവദിച്ചത്.

English Summary: ISL:  Kerala Blasters vs FC Goa- Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com