ADVERTISEMENT

മഡ്ഗാവ്∙ നാട്ടുകൂട്ടത്തിനു ശേഷം നാടുകറക്കത്തിന് ഇറങ്ങിയ ആദ്യ മത്സരത്തിന്റെ ഞെട്ടലിൽ നിന്നുണർന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി  ഗോവയെ നേരിടും. മുംബൈ സിറ്റി എഫ്സിക്ക് എതിരെ അവരുടെ നാട്ടിലേറ്റ 4–0 തോൽവി മറക്കാനും പാഠങ്ങൾ പഠിക്കാനുമായി 13 ദിവസത്തെ ഇടവേളയാണ് ബ്ലാസ്റ്റേഴ്സിനു ലഭിച്ചത്.

ഈ സീസണിൽ കൊച്ചിയിൽ ഗോവയെ തകർത്തതും ഇന്നു ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം പകരും. ഇനിയുള്ള 7 മത്സരങ്ങളിൽ നാലും എവേ മൈതാനത്ത് ആയതിനാൽ ഓരോ മത്സരവും ബ്ലാസ്റ്റേഴ്സിനു നിർണായകമാണ്. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഗോവ ആറാമതും. ഫറ്റോർഡ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് കിക്കോഫ്. 

രാവണൻകോട്ട

കേരള ബ്ലാസ്റ്റേഴ്സിനെ കുഴപ്പിക്കുന്ന ഗ്രൗണ്ടാണ് ഫറ്റോർഡയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം. ഇവിടെ ഇതുവരെ  8 തവണ ഗോവയുമായി ഏറ്റുമുട്ടിയപ്പോൾ 6 വട്ടവും ബ്ലാസ്റ്റേഴ്സിനു തോൽവി. ജയം ഒന്നു മാത്രം. ഒരെണ്ണം സമനിലയുമായി. കഴിഞ്ഞ ഐഎസ്എൽ ഫൈനലിൽ ഹൈദരാബാദിനോട് ഇതേ ഗ്രൗണ്ടിലാണു  ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതും. 

ചരിത്രത്തിന്റെ ഈ കുഴപ്പിക്കലിന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ചിന് ഉത്തരമുണ്ട് - ‘ചരിത്രം എനിക്കിഷ്ടമാണ്. സുഹൃത്തുക്കൾക്കൊപ്പം പഴയ കഥകൾ പറഞ്ഞിരിക്കുകയും ചെയ്യും. എന്നാൽ പരിശീലകൻ എന്ന നിലയിൽ ചോദിച്ചാൽ ചരിത്രം പിന്നിൽ നിൽക്കട്ടെ. നമ്മൾ മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കുന്നു’. 

രാഹുൽ ഇല്ല; ലെസ്കോ ഉറപ്പില്ല

4 മഞ്ഞക്കാർഡുകൾ കണ്ട കെ.പി.രാഹുലിന് ഇന്നു കളിക്കാനാവില്ല. പ്രതിരോധത്തിൽ മാർക്കോ ലെസ്കോവിച്ചിന്റെ പരുക്കും കേരളത്തിന് തിരിച്ചടിയാണ്. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ലെസ്കോ ഇന്നും ഉണ്ടാകില്ലെന്ന സൂചനയാണ് പരിശീലകൻ നൽകിയത്. 

വിലക്കിനു ശേഷം വിങ് ബാക്ക് സന്ദീപ് സിങ് മടങ്ങിയെത്തുന്നത് കേരളത്തിനു ഗുണമാണ്. ലൂണ-കല്യൂഷ്നി- ഡയമന്റകോസ് വിദേശത്രയത്തിന്റെ പ്രകടനമാണു ബ്ലാസ്റ്റേഴ്സ് പ്രതീക്ഷയോടെ കാണുന്നത്. ഒപ്പം സഹൽ കൂടിയെത്തുമ്പോൾ ഗോവയിൽ ബ്ലാസ്റ്റേഴ്സ് കോക്ടെയ്ൽ തയ്യാർ. 

എതിർവശത്ത് അത്ര ശുഭകരമല്ല ഗോവൻ ടച്ച്. തുടർച്ചയായ 4 മത്സരങ്ങളിൽ വിജയമില്ലാതെയാണു ഗോവ കേരളത്തെ നേരിടാനിറങ്ങുന്നത്. 

English Summary : ISL kerala blasters vs fc goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com