പാരിസ്∙ ഫ്രഞ്ച് ലീഗ് വൺ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ ബ്രസീൽ താരം നെയ്മാറുടെ ഫ്രീകിക്ക് പരിശീലനം കണ്ടു ഞെട്ടി ഫ്രാൻസ് താരം കിലിയന്‍ എംബപെ. ബ്രസീൽ താരത്തിന്റെ ഫ്രീകിക്ക് ശ്രമം ബാറിനു തൊട്ടുതാഴെക്കൂടി വലയിലെത്തിയതാണ് ഫ്രഞ്ച് താരത്തെ അമ്പരപ്പിച്ചത്. എംബപെ നെയ്മാറെ കൗതുകത്തോടെ നോക്കി നിൽക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഞായറാഴ്ച പിഎസ്ജി– റെയിംസ് മത്സരത്തിനു മുൻപായിരുന്നു നെയ്മാറുടെ ഫ്രീകിക്ക് പരിശീലനം. പെനൽറ്റി ബോക്സിനു പുറത്തുനിന്നുള്ള ബ്രസീൽ താരത്തിന്റെ ഫ്രീകിക്ക് ഗോൾവലയുടെ മുകളിൽ ഇടതു ഭാഗത്താണു പതിച്ചത്. പന്ത് തടയാൻ ഗോൾ കീപ്പറുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായില്ല.
മത്സരത്തിന്റെ 51–ാം മിനിറ്റിൽ നെയ്മാർ ഗോള്‍ നേടിയെങ്കിൽ റെയിംസിനെതിരായ കളി 1–1 ന് സമനിലയിൽ പിരിയുകയായിരുന്നു. പിഎസ്ജി താരം മാർകോ വെറാറ്റി 59–ാം മിനിറ്റിൽ ചുവപ്പു കാർഡ് കണ്ടു പുറത്തായി. മത്സരം സമനിലയായെങ്കിലും 20 കളികളിൽനിന്ന് 48 പോയിന്റുമായി പിഎസ്ജി തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ലെൻസ് 45 പോയിന്റും മാർസെലെ 43 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
English Summary: Kylian Mbappe’s reaction to Neymar’s freekick