കപ്പിലേക്ക് ലാസ്റ്റ് ലാപ്; യൂറോപ്യൻ ഫുട്ബോൾ ലീഗുകളിൽ കപ്പിനായി വാശിയേറിയ പോരാട്ടം

manchester-city-psg
മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ, പിഎസ്ജി താരങ്ങൾ
SHARE

ഇതിഹാസ താരം ഡിയേഗോ മറഡോണ ആകാശങ്ങളിലിരുന്ന് യൂറോപ്യൻ ഫുട്ബോൾ കാണുന്നുണ്ടെങ്കിൽ അത് ഇറ്റാലിയൻ സീരി എയിൽ നാപ്പോളിയുടെ മത്സരമായിരിക്കും! 33 വർഷത്തിനു ശേഷം കിരീടത്തിലേക്ക് അടുത്തിരിക്കുകയാണ് നാപ്പോളി. ഇതിനു മുൻപ് നാപ്പോളി കിരീടം നേടിയപ്പോൾ മറഡോണയായിരുന്നു ക്യാപ്റ്റൻ. 19 വർഷത്തിനു ശേഷം ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടം സ്വപ്നം കാണുന്ന ആർസനൽ, ലയണൽ മെസ്സി പോയതിനു ശേഷം ആദ്യ ലാ ലിഗ ട്രോഫി കയ്യെത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ബാർസിലോന... യൂറോപ്യൻ ക്ലബ് ഫുട്ബോൾ രണ്ടാം പകുതി ആരംഭിച്ചതോടെ പോരാട്ടവും മുറുകി.

∙ ആർസനൽ VS സിറ്റി

ആർസനൽ ഇതിനു മുൻപ് ഇംഗ്ലിഷ് പ്രിമിയർ ലീഗ് കപ്പ് നേടിയ കാലത്ത് മാഞ്ചസ്റ്റർ സിറ്റിയുടെ ഇപ്പോഴത്തെ ഗോളടിവീരൻ എർലിങ് ഹാളണ്ടിന് 3 വയസ്സ് മാത്രം. കപ്പിലേക്കു കുതിക്കുന്ന ആർസനലിന്റെ ആരാധകരുടെ ഏറ്റവും വലിയ പേടി ഹാളണ്ടിന്റെ ഗോളടിയാകാം! മാഞ്ചസ്റ്റർ സിറ്റിയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ച ആർസനൽ 5 പോയിന്റ് ലീഡോടെയാണ് ഒന്നാം സ്ഥാനത്തു തുടരുന്നത്. സിറ്റി രണ്ടാമതും. ആർസനലും സിറ്റിയും തമ്മിലുള്ള 2 ലീഗ് മത്സരങ്ങളും അവശേഷിക്കുന്നു. ലീഗ് ജേതാക്കളെ കണ്ടെത്തുന്ന ഫൈനലുകളാകും ഈ മത്സരങ്ങൾ.

മൂന്നാമതുള്ള ന്യൂകാസിൽ യുണൈറ്റഡ് ഇതുവരെ ഒരു മത്സരം മാത്രമാണ് ലീഗിൽ തോറ്റത്. മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാമതാണ്. ലിവർപൂൾ 9–ാം സ്ഥാനത്തും ചെൽസി പത്താമതും.

∙ ഫ്രഞ്ച് ഫ്രൈസ് !

ലയണൽ മെസ്സിയും കിലിയൻ എംബപെയും നെയ്മാറും അണിനിരന്നിട്ടും ലീഗിൽ വ്യക്തമായ മുന്നേറ്റം നടത്താൻ ഇത്തവണ പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ല. അവസാന 5 കളികളിൽ രണ്ടെണ്ണം തോറ്റു. ഒരു സമനില. ലീഗിൽ എല്ലാ ടീമും 20 മത്സരം വീതം പൂർത്തിയാക്കിയപ്പോൾ ഒന്നാമതുള്ള പിഎസ്ജിക്ക് 3 പോയിന്റ് ലീഡ് മാത്രം. ലെൻസാണ് രണ്ടാമത്. ലെൻസിനെക്കാൾ 2 പോയിന്റ് കുറവുള്ള മാഴ്സൈ മൂന്നാമതാണ്.

∙ നാപ്പോളി പൊളിയാണ് !

33 വർഷത്തിനു ശേഷമുള്ള നാപ്പോളിയുടെ ഇറ്റാലിയൻ സീരി എ കിരീട നേട്ടം ആഘോഷിക്കാൻ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. ലീഗിൽ എല്ലാ ടീമും 20 മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ ഒന്നാമതുള്ള നാപ്പോളിക്ക് 13 പോയിന്റ് ലീഡുണ്ട്. ഇന്റർ മിലാനാണ് രണ്ടാമത്. രണ്ട് മുതൽ 6 വരെ സ്ഥാനക്കാർ തമ്മിൽ ആദ്യ നാലിലെ ശേഷിക്കുന്ന ഇടംപിടിക്കാൻ കനത്ത പോരാട്ടമാണു നടക്കുന്നത്.

ലാസിയോ, അറ്റലാന്റ, എസി മിലാൻ, റോമ എന്നിവർ തമ്മിലാകും ആദ്യ നാലിനായുള്ള പോരാട്ടം. ക്ലബ്ബുമാറ്റ ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 15 പോയിന്റ് വെട്ടിക്കുറച്ച യുവന്റസ് നിലവിൽ 13–ാം സ്ഥാനത്താണ്.

∙ ഓ... ബാർസ !

‘ഈ ലാലിഗ സീസൺ ഇങ്ങനെ അങ്ങ് അവസാനിച്ചിരുന്നെങ്കിൽ’– ഓരോ ബാർസിലോന ആരാധകന്റെയും ആഗ്രഹമാകാം ഇത്. ലയണൽ മെസ്സി ആദ്യമായി ബാർസ ക്യാപ്റ്റനായ 2018–19ലാണ് അവസാനമായി ടീം സ്പാനിഷ് ലാ ലിഗ കിരീടം നേടുന്നത്. അതിനു ശേഷം 2 സീസണിൽ റയൽ മ‍ഡ്രിഡ് കിരീടം നേടിയപ്പോൾ അത്‌ലറ്റിക്കോ മഡ്രിഡ് ഒരു തവണ ജേതാക്കളായി.

ഇത്തവണ 18 മത്സരങ്ങൾ പിന്നിട്ടപ്പോൾ റയലിനെക്കാൾ 5 പോയിന്റ് ലീഡോടെയാണ് ബാർസ ഒന്നാമത് തുടരുന്നത്. ലീഗിൽ ഒരു എൽ ക്ലാസിക്കോ (റയൽ – ബാർസ) മത്സരംകൂടി അവശേഷിക്കുന്നുണ്ട്. അവസാന 3 മത്സരങ്ങൾ ജയിച്ച് ഫോമിലാണ് ബാർസ. റയൽ അവസാന 3 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയിച്ചത്.

∙ ബയൺ ബേണിങ് !

പുതുവർഷം തുടങ്ങി ആദ്യ മാസം അവസാനിക്കുമ്പോൾ ജർമൻ ബുന്ദസ് ലിഗയിൽ ഒരു മത്സരം പോലും ബയൺ മ്യൂണിക് ജയിച്ചിട്ടില്ല. അവസാന 3 മത്സരങ്ങൾ സമനിലയായി. 6 പോയിന്റ് നഷ്ടം ! രണ്ടാമതുള്ള യൂണിയൻ ബർലിനെക്കാൾ ഒരു പോയിന്റ് മാത്രമാണ് കൂടുതൽ.

ആദ്യ 5 സ്ഥാനക്കാരും കിരീടപ്പോരാട്ടത്തിൽ സജീവമായുണ്ട്. ലൈപ്സീഗാണ് മൂന്നാമത്. പുതുവർഷത്തിലെ 3 മത്സരങ്ങളും ജയിച്ച് ബൊറൂസിയ ഡോർട്മുണ്ട് നാലാം സ്ഥാനത്തെത്തി. ഈ മൂന്നു ടീമുകൾക്കുമെതിരെ ബയണിന് ഓരോ ലീഗ് മത്സരം കൂടിയുണ്ട്.

English Summary: Competition for cup in European football league

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS