ADVERTISEMENT

കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫിലെത്താൻ ‘കടൽ’ ദൂരമില്ല, ഒരു ‘കനാൽ’ ദൂരമേയുള്ളൂ, കേരള ബ്ലാസ്റ്റേഴ്സിന്. പക്ഷേ, ആ സമ്മർദം കടൽ കടക്കുന്നതിനു സമാനം! അവശേഷിക്കുന്നതു 4 കളി. പ്ലേ ഓഫ് ഉറപ്പിക്കാൻ അതിൽനിന്നു വേണ്ടത് 6 പോയിന്റ്. ചുരുങ്ങിയതു രണ്ടു ജയം അല്ലെങ്കിൽ ഒരു ജയവും 3 സമനിലയും. 6 പോയിന്റ് നേടാനായില്ലെങ്കിലും പ്ലേ ഓഫ് സാധ്യത തള്ളിക്കളയാനാകില്ല. പക്ഷേ, ‘റിസ്ക്’ ഒഴിവാക്കാനാകും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

പോയിന്റ് നിലയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള മുംബൈയും ഹൈദരാബാദും പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ആദ്യ 6 ടീമുകൾക്കാണു പ്ലേ ഓഫ് പ്രവേശനം എന്നതിനാൽ ശേഷിച്ച പോരാട്ടം 4 സ്ഥാനങ്ങൾക്കു വേണ്ടിയാണ്. നിലവിൽ മുന്നിലുള്ള ബ്ലാസ്റ്റേഴ്സ്, എടികെ, എഫ്സി ഗോവ, ഒഡീഷ, ബെംഗളൂരു ടീമുകളുടെ വിജയ പരാജയങ്ങളാകും പ്ലേ ഓഫിലെ ശേഷിച്ച 4 സ്ഥാനക്കാരെ തീരുമാനിക്കുക. നാളെ കൊച്ചിയിൽ ചെന്നൈയിൻ എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സ് 11നു ബെംഗളൂരു എഫ്സിയെ അന്നാട്ടിലും എതിരിടും. 18 നു കൊൽക്കത്തയിൽ എടികെയാണ് എതിരാളികൾ. അവസാന മത്സരത്തിൽ ഹൈദരാബാദിനെ നേരിടുന്നതു കൊച്ചിയിൽ; 26ന്.

ലീഗിന്റെ അവസാന ഘട്ടത്തിൽ അപ്രതീക്ഷിതമായി 3 തോൽവികൾ വഴങ്ങിയതാണ് ഇപ്പോഴത്തെ പ്രശ്നം. പ്രത്യേകിച്ചും 3നു കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനോടേറ്റ തോൽവി.

‘‘ ജയിക്കാൻ ഞങ്ങളെക്കാൾ കൂടുതൽ ആഗ്രഹിച്ചത് എതിരാളികളാണ്! അതായിരുന്നു ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം.’’– മത്സരശേഷം ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. തുടരെ 4 തോൽവികൾ വഴങ്ങി ആരാധകർ പോലും കൈവിട്ട നിലയിലായിരുന്നു ഈസ്റ്റ് ബംഗാൾ. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആകെയെത്തിയത് 2575 കാണികൾ മാത്രം! തല ഉയർത്താൻ ലക്ഷ്യമിട്ടു പൊരുതിയ ടീമിനു ലഭിച്ച പ്രതിഫലമായിരുന്നു ആ വിജയം.

English Summary: ISL Football Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com