റിയാദ് ∙ 54 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിച്ച്, അറേബ്യൻ മണ്ണിൽ നടന്ന സ്വപ്ന ഫൈനലിൽ സന്തോഷ് ട്രോഫി ചാംപ്യൻഷിപ് കൊയ്തെടുത്ത് കർണാടക. ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ മേഘാലയയെ 3–2ന് തോൽപിച്ചാണ് കർണാടക ഇന്ത്യൻ ഫുട്ബോളിലെ പുതിയ ചാംപ്യന്മാരായത്. കർണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫി കിരീടമാണിത്. 1968-69 സീസണിൽ മൈസൂർ സംസ്ഥാനമായിരിക്കെയാണു അവസാനമായി സന്തോഷ് ട്രോഫി നേടിയത്.
കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ മനോഹരമായ ഒരു ഫ്രീകിക്ക് ഗോളടക്കം 5 ഗോളുകളാണു പിറന്നത്. കർണാടകയുടെ 3 ഗോളുകളും ആദ്യ പകുതിയിലായിരുന്നു. രണ്ടാം പകുതിയിൽ ഗോൾ മടക്കി സമനില പിടിക്കാൻ മേഘാലയ ശ്രമിച്ചെങ്കിലും കന്നഡ കരുത്തിനു മുൻപിൽ പൊരുതി വീണു.

സുനിൽ കുമാർ (2–ാം മിനിറ്റ്), ബെക്കേ ഓറം (19), റോബിൻ യാദവ് (45) എന്നിവരാണ് കർണാടകയുടെ സ്കോറർമാർ. ബ്രോലിങ്ടൻ (9– പെനൽറ്റി), ഷീൻ (60) എന്നിവർ മേഘാലയ്ക്കായി ലക്ഷ്യം കണ്ടു. ഇന്നലെ നടന്ന ലൂസേഴ്സ് ഫൈനലിൽ പഞ്ചാബിനെ 2–0ന് തോൽപിച്ച് സർവീസസ് മൂന്നാം സ്ഥാനം നേടി.
English Summary : Karnataka Santosh Trophy Football champions