റിയാദ് ∙ ഇന്ത്യൻ ഫുട്ബോളിന്റെയും സന്തോഷ് ട്രോഫി ചാംപ്യൻഷിപ്പിന്റെയും ചരിത്രത്തിലാദ്യമായി മത്സരത്തിൽ വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സംവിധാനം പരീക്ഷിച്ചു. മേഘാലയ–കർണാടക ഫൈനലിലും പഞ്ചാബ്–സർവീസസ് മൂന്നാം സ്ഥാന മത്സരത്തിലുമാണ് വിഎആർ ഉപയോഗിച്ചത്. ഇന്ത്യൻ ആഭ്യന്തര ഫുട്ബോളിൽ ഇതാദ്യമായാണ് വിഎആർ പരീക്ഷിക്കുന്നത്.
സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷന്റെ (സാഫ്) ഒഫിഷ്യലുകളായ ഖാലിദ് അൽതൂരിസ്, ഫൈസൽ അഖ്താനി എന്നിവർ മത്സരത്തിന്റെ വിഎആർ ഒഫിഷ്യലും അസിസ്റ്റന്റ് ഒഫിഷ്യലുമായി. എന്നാൽ രണ്ടു മത്സരങ്ങളിലും വിഎആർ ഉപയോഗിച്ചു പരിശോധിക്കേണ്ട ഗുരുതര ഫൗളുകളോ പെനൽറ്റി സാധ്യതകളോ ഉണ്ടായില്ല. ഇന്ത്യയിൽ മുൻപു നടന്ന രണ്ടു രാജ്യാന്തര ചാംപ്യൻഷിപ്പുകളിൽ വിഎആർ ഉപയോഗിച്ചിട്ടുണ്ട്. 2022ൽ എഎഫ്സി വനിതാ ഏഷ്യൻ കപ്പിന്റെ ക്വാർട്ടർ ഫൈനൽ ഘട്ടത്തിലും ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോളിലും.
English Summary: VAR in Santosh Trophy final