ADVERTISEMENT

പനജി∙ ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് പോരാട്ടത്തിനിടെ ഫ്രീകിക്ക് ഗോളിനെച്ചൊല്ലി പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണച്ച് എഫ്സി ഗോവ താരം അല്‍വാരോ വാസ്കസ്. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലാണ് അൽവാരോ കേരള ബ്ലാസ്റ്റേഴ്സിനുള്ള പിന്തുണ അറിയിച്ചത്. മത്സരം നിർത്തി ഗ്രൗണ്ട് വിട്ടത് കേരള ബ്ലാസ്റ്റേഴ്സിന്റെയും പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന്റെയും ധീരമായ തീരുമാനമായിരുന്നെന്ന് അൽവാരോ വാസ്കസ് പ്രതികരിച്ചു.

‘‘ബെംഗളൂരു എഫ്സി– ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ഇങ്ങനെയൊരു അവസാനം ഉണ്ടായത് നാണക്കേടാണ്. പക്ഷേ അത് ധീരമായൊരു തീരുമാനം കൂടിയായിരുന്നു. നീതിപൂർവവും തുല്യതയുള്ളതുമായ മത്സരം നടത്താൻ സംഘാടകർ മുന്നോട്ടു വരുമെന്നു പ്രതീക്ഷിക്കുന്നു.’’– അൽവാരോ വ്യക്തമാക്കി. 2021–22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് വാസ്കസ്. ബ്ലാസ്റ്റേഴ്സിനായി 23 കളികളിൽനിന്ന് എട്ട് ഗോളുകളും രണ്ട് അസിസ്റ്റും താരം നേടിയിട്ടുണ്ട്.

അതേസമയം മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റൽ ജോണിനെ വിമർശിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ വിവിധ ക്ലബുകൾക്കായി കളിച്ചിട്ടുള്ള മാർസലീഞ്ഞോയും രംഗത്തെത്തി. കളിക്കാരനുമായി ആശയ വിനിമയം നടത്തിയ റഫറിയാണു സംഭവത്തിൽ കുറ്റക്കാരനെന്നാണ് മാർസലീഞ്ഞോയുടെ നിലപാട്. ‘‘ഫ്രീ കിക്ക് എടുക്കുന്നതിനായി പ്രതിരോധം ഒരുക്കാൻ റഫറിക്കു പറയാമായിരുന്നു. തീരുമാനമെടുക്കാൻ കിക്കെടുക്കുന്ന കളിക്കാരനോടല്ല ആവശ്യപ്പെടേണ്ടത്.’’– മാർസലീഞ്ഞോ ട്വീറ്റ് ചെയ്തു.

നോക്കൗട്ട് മത്സരത്തിന്റെ എക്സ്ട്രാ ടൈമിലാണ് സുനിൽ‌ ഛേത്രി ബെംഗളൂരു എഫ്സിക്കായി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയാറാകും മുൻപാണു കിക്കെടുത്തതെന്ന് താരങ്ങൾ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റൽ ജോൺ അത് അംഗീകരിച്ചില്ല. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ‌ വുക്കൊമാനോവിച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു. ഇന്ത്യൻ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിടുന്നത്.

English Summary: Alvaro Vazques support Kerala Blasters and coach Ivan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com