ADVERTISEMENT

ലണ്ടൻ∙ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടറിലെത്തുന്ന ആദ്യ 2 ടീമുകളെ ഇന്നറിയാം. രണ്ടാം പാദ പ്രീക്വാർട്ടറിൽ ഇംഗ്ലിഷ് ക്ലബ് ചെൽസി ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെയും പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക ബൽജിയത്തിൽനിന്നുള്ള ക്ലബ് ബ്രൂഷിനെയും നേരിടും. രാത്രി 1.30നാണ് 2 മത്സരങ്ങളും. സോണി ടെൻ ചാനലുകളിൽ തൽസമയം.

ആദ്യപാദ പ്രീക്വാർട്ടറിൽ ഡോർട്മുണ്ട് 1-0നു ചെൽസിയെയും ബെൻഫിക്ക 2-0നു ക്ലബ് ബ്രൂഷിനെയും തോൽപിച്ചിരുന്നു. മോശം ഫോമിൽ തുടരുന്ന ചെൽസി ശനിയാഴ്ച ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെതിരെ നേടിയ ആശ്വാസജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങുക. ക്വാർട്ടറിൽ കടക്കാൻ 2 ഗോൾ വ്യത്യാസത്തിൽ ജയിക്കണം. ഈ വർഷം ഇതുവരെ 12 മത്സരങ്ങൾ കളിച്ച ചെൽസി രണ്ടിൽ മാത്രമാണ് ജയിച്ചത്. ലീഗിൽ നിലവിൽ 10–ാം സ്ഥാനത്താണ്. ഫെബ്രുവരിയിൽ ടീമിന്റെ ഏക ഗോൾ നേടിയ പോർച്ചുഗൽ താരം ജോവ ഫെലിക്സിലാണ് ഗോളടി പ്രതീക്ഷകൾ. പരുക്കേറ്റ ഡിഫൻഡർ തിയാഗോ സിൽവ കളിക്കില്ല.

ഈ വർഷം ഇതുവരെ തോൽവി അറിയാതെയാണ് ബുന്ദസ്‌ ലിഗയിലെ രണ്ടാം സ്ഥാനക്കാരായ ഡോർട്മുണ്ടിന്റെ വരവ്. അവസാനം കളിച്ച 5 കളികളിലും ജയം. എന്നാൽ, ചാംപ്യൻസ് ലീഗിൽ ഇംഗ്ലിഷ് ടീമുകൾക്കെതിരെ കളിച്ച അവസാന 5 മത്സരങ്ങളിലും ഡോർട്മുണ്ട് തോറ്റിരുന്നു.

ശക്തരായ ബെൻഫിക്കയ്ക്കെതിരെ അട്ടിമറി വിജയം സ്വപ്നം കണ്ടാണ് ക്ലബ് ബ്രൂഷ് പോർച്ചുഗലിൽ എത്തിയിരിക്കുന്നത്. അവസാന എട്ടിൽ ഇടംപിടിക്കാൻ 3 ഗോൾ വിജയം വേണം ബ്രൂഷിന്. ആദ്യ മത്സരത്തിലെ ജയം സ്വന്തം ഗ്രൗണ്ടിൽ ആവർത്തിക്കുകയാണ് പോർച്ചുഗീസ് ലീഗ് 1-ാം സ്ഥാനക്കാരായ ബെൻഫിക്കയുടെ ലക്ഷ്യം.

English Summary: Chelsea must win in champions league football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com