ബെംഗളൂരു ∙ ഗുർപ്രീത് സിങ് സന്ധുവിന്റെ തകർപ്പൻ സേവ് ബെംഗളൂരു എഫ്സിയെ രക്ഷിച്ചു; ഒന്നല്ല, രണ്ടു തവണ. സഡൻ ഡെത്ത് വരെ ആവേശം നീണ്ട ഐഎസ്എൽ ഫുട്ബോൾ സെമിഫൈനൽ 2–ാം പാദത്തിൽ മുംബൈ സിറ്റി എഫ്സിയെ തോൽപിച്ച് ബെംഗളൂരു ഫൈനലിലേക്കു മുന്നേറുമ്പോൾ ഹീറോ ഒരാൾ മാത്രമാണ്; ഗോളിയും ക്യാപ്റ്റനുമായ ഗുർപ്രീത്.
10–ാം മിനിറ്റിൽ ഗ്രെഗ് സ്റ്റുവർട്ടിന്റെ പെനൽറ്റി കിക്ക് തടഞ്ഞിട്ടാണ് ഗുർപ്രീത് ആദ്യം ബെംഗളൂരുവിനെ രക്ഷിച്ചത്. പിന്നീട്, ഷൂട്ടൗട്ടിലെ 9–ാം കിക്കെടുത്ത മെഹ്താബ് സിങ്ങിന്റെ ഷോട്ട് ഡൈവ് ചെയ്തു പിടിച്ച് ഗുർപ്രീത് ടീമിനെ ഫൈനലിലേക്കു നയിച്ചു! 90 മിനിറ്റ് കളിയിലും എക്സ്ട്രാ ടൈമിലും ഇരുപാദ സ്കോർ 2–2 സമനിലയായതോടെ നടന്ന ഷൂട്ടൗട്ടിലും ആവേശം ഇരമ്പിനിന്നു. ആദ്യ റൗണ്ടിലെ 5 വീതം കിക്കുകൾ ഇരുടീമും വലയിലെത്തിച്ചതോടെ സ്കോർ ലൈൻ 5–5. പിന്നീട് സഡൻ ഡെത്ത് റൗണ്ട്. 8–8 വരെ സ്കോർ നില തുല്യമായി കളി നീങ്ങിയതോടെ ആരാധകരും താരങ്ങളും ഒരുപോലെ സമ്മർദത്തിന്റെ പിടിയിലായി.
മുംബൈയുടെ 9–ാം കിക്ക് എടുത്ത മെഹ്താബ് സിങ്ങിന്റെ ഷോട്ട് ബെംഗളൂരു ഗോളി ഗുർപ്രീത് സിങ് തടുത്തിട്ടു. അടുത്ത കിക്കെടുത്ത ബെംഗളൂരുവിന്റെ സന്ദേശ് ജിങ്കാൻ ഷോട്ട് വലയിലെത്തിച്ചതോടെ ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ട് കൂടിയായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ആവേശം അണപൊട്ടിയൊഴുകി. ഷൂട്ടൗട്ടിലെ സ്കോർ 9–8.
നേരത്തേ, ആദ്യപാദത്തിൽ 1–0ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബെംഗളൂരുവിനായി ജാവി ഹെർണാണ്ടസ് ഒരു ഗോൾ കൂടി നേടിയ നേരത്താണ് മുംബൈ രണ്ടെണ്ണം തിരിച്ചടിച്ച് കളി തിരിച്ചത്. ബിപിൻ സിങ്, മെഹ്താബ് സിങ് എന്നിവരാണു മുംബൈ സിറ്റിക്കായി ഗോൾ നേടിയത്. എടികെ ബഗാൻ – ഹൈദരാബാദ് സെമിഫൈനൽ വിജയികളെ ബെംഗളൂരു എഫ്സി 18നു ഗോവയിൽ നടക്കുന്ന ഫൈനലിൽ നേരിടും.
English Summary: Bengaluru FC beats Mumbai City FC on penalties to enter ISL 2022-23 final